അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകി.. കുട്ടികൾക്ക് ഇടയിൽ തന്നെ നോക്കി നിസ്സഹായയായി ഇരിക്കുന്ന ഇഷാനിയെ അവൾ കണ്ടു..
‘ഇഷാനി…… നിന്നോട് ചെയ്തതിന് എല്ലാം സോറി… റിയലി റിയലി സോറി……’
അത്രയും പറഞ്ഞു മുഖം പൊത്തി നീതു അവിടെ നിന്ന് കരഞ്ഞു.. ആ നിമിഷം അവിടെ ഇരുന്ന ഞങ്ങൾക്ക് എല്ലാം എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ ആയി.. പെട്ടന്ന് ഇഷാനി എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു.. അവളുടെ കൈ കൊണ്ട് കണ്ണീർ തുടച്ചു.. അവളെ ആശ്വസിപ്പിക്കാൻ എന്തോ ഇഷാനി പറയുന്നുണ്ട്.. വിതുമ്പി കരയുന്ന അവളെ ഇഷാനി കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു.. അപ്പോളാണ് രേണുവും പിന്നാലെ ദിവ്യ മിസ്സും അവരുടെ അടുത്തേക്ക് ചെല്ലുന്നത്… കരയുന്ന നീതുവിനെ ഒരുവിധം ശാന്തമാക്കി അവര് നാല് പേരും ക്ലാസ്സിന് പുറത്തേക്ക് പോയി.. കുറച്ചു നേരം അവൾ ഈ അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കട്ടെ.. ഓക്കേ ആവട്ടെ…
പക്ഷെ അപ്പോളേക്കും പരുപാടിയുടെ അന്തരീക്ഷം ആകെ ശോകം ആയിരുന്നു. ഇഷാനിയേ ഇത്രയും നാൾ കളിയാക്കിയതും കഥകൾ പറഞ്ഞു നടന്നതുമെല്ലാം നുണകൾ ആയിരുന്നു എന്ന് എല്ലാവർക്കും ബോധ്യമായി.. അതിന്റെ എല്ലാം ഭാഗം ആയതിൽ പലർക്കും കുറ്റബോധം തോന്നി. ആകെ മ്ലാനമായി ഇരുന്ന ക്ലാസ്സിന്റെ നടുവിലേക്ക് ഗോകുൽ ഇറങ്ങി നിന്നു
‘നീതു ഇപ്പോൾ ഇവിടെ പറഞ്ഞത് അവളുടെ മാത്രം കാര്യമല്ല.. നമ്മളെ എല്ലാവരുടെയും കാര്യം കൂടിയാണ്.. നമ്മൾ ഓരോരുത്തരും അറിഞ്ഞും അറിയാതെയും ഇഷാനിയെ കളിയാക്കുന്നതിൽ പങ്കാളികൾ ആയിട്ടുണ്ട്.. അത് കൊണ്ട് നീതുവോ വേറെ ആരെയെങ്കിലുമൊ ഈ അവസ്‌ഥയിൽ കുറ്റം പറയുന്നത് വീണ്ടുമൊരു തെറ്റാണ് എന്നേ എനിക്ക് തോന്നുന്നുള്ളു.. പ്രശ്നങ്ങൾ എല്ലാം അവര് പറഞ്ഞു പരിഹരിച്ചോളും.. നമ്മൾ ഇനി അത് ചർച്ച ചെയ്യണ്ട. ഇഷാനി ഇവിടെ മൂന്ന് വർഷം പഠിച്ചിട്ടും നമ്മളിൽ പലരും അവളെ അവോയ്ഡ് ആക്കിയിട്ടുണ്ട്, കളിയാക്കിയിട്ടുണ്ട്. അതൊന്നും ഇനി ഉണ്ടാവില്ല എന്ന് സ്വയം തീരുമാനിക്കുക….’
ഗോകുൽ അങ്ങനെ പറഞ്ഞത് നന്നായി എന്ന് എനിക്ക് തോന്നി. ഇഷാനിയെ മാത്രം അല്ല ഒരുപരിധി വരെ കൃഷ്ണയെയും അവൻ രക്ഷിച്ചു. അവൻ ഇങ്ങനെ സംസാരിച്ചു ഇല്ലായിരുന്നു എങ്കിൽ കൃഷ്ണ ആകുമായിരുന്നു എല്ലാവരുടെയും അടുത്ത ഇര.
‘ ഇപ്പോൾ നമ്മൾ കേട്ടത് ഒരു കൺഫെഷൻ ആണ്.. നമ്മളിൽ പലർക്കും അത് പോലെ എന്തെങ്കിലും പറയാൻ ഉണ്ടാകും. അത് ചിലപ്പോൾ ഏറ്റ് പറച്ചിൽ ആകാം, പ്രണയം ആകാം, നന്ദി പറച്ചിൽ ആകാം.. എന്തായാലും പരസ്പരം പറയുക.. ഇവിടെ നിന്ന് പറയണം എന്നില്ല.. പേർസണൽ ആയി പറയുക.. സൗഹൃദം നിലനിർത്തുക.. അതൊക്കെ എനിക്കിപ്പോ പറയാൻ ഉള്ളു.. പിന്നെ ഒന്ന് കൂടി ഉണ്ട്….’
‘ റോസ്….! ഇന്ന് നീ ഭയങ്കര ലുക്ക് ആയിട്ടുണ്ട്.. എനിക്ക് ഇഷ്ടായി…’
അത്രയും നേരം സൗമ്യമായി ഒരു ഉപദേശം പോലെ സംസാരിച്ച ഗോകുൽ പൊടുന്നനെ ഒരു കള്ളച്ചിരിയോടെ റോസിനെ നോക്കി അത് പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും ഞെട്ടി. റോസ് ഞെട്ടി തകർന്നു എന്ന് പറയാം. പിന്നെ പെട്ടന്ന് അതിലെ തമാശ ഉൾക്കൊണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.. ശോകം ആയിരുന്ന സദസ്സ് അവൻ നിമിഷനേരം കൊണ്ട് പഴയ വൈബ് ആക്കി
റോസ് ഞങ്ങളുടെ ജൂനിയർ ആയിരുന്നു.. ഗോകുലിനു അവളോട് ക്രഷ് ഉണ്ടെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവൻ ഇങ്ങനെ എല്ലാവരും ഉള്ള വേദിയിൽ വച്ചു പച്ചക്ക് കത്തിച്ചു വിട്ടത് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.. നല്ല ബോൾഡ് കുട്ടി ആയിട്ടും റോസ് നാണം കൊണ്ട് മുഖം പൊത്തി ഇരിക്കുന്നതാണ് ഞങ്ങൾ കണ്ടത്.. അവന്റെ മാവ് പൂക്കാറായി എന്ന് തോന്നുന്നു..
അത് കഴിഞ്ഞു അധികം പരുപാടി ഒന്നും ഉണ്ടായില്ല. ഫുഡ് അടി ആയിരുന്നു പിന്നെ. നീതു ഓക്കേ ആയി. ഇഷാനി അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. ഇഷാനിയോട് എനിക്ക് സംസാരിക്കണം എന്നുണ്ടേലും നീതു കൂടെ ഉള്ളത് കൊണ്ട് പിന്നെ സംസാരിക്കാം എന്ന് ഞാൻ വച്ചു.. ഇപ്പോൾ പ്രധാനമായും കാണേണ്ടത് കൃഷ്ണയെ ആണ്. അവളാണ് കൂടുതൽ ഒറ്റപെട്ടു നിൽക്കുന്നത്. ഫുഡ് അടിക്കുന്ന കൂട്ടത്തിൽ അവളെ ഞാൻ കണ്ടില്ല. മേലെ ഞങ്ങളുടെ ക്ലാസ്സിൽ ചെന്നപ്പോൾ ആണ് അവിടെ അവൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടത്..
