‘നിക്ക്.. പിണങ്ങാതെ…’
ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി
‘നീ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ് ആരൊക്കെയോ എനിക്ക് ഉണ്ടെന്ന് എനിക്ക് തോന്നി തുടങ്ങിയത്.. ഇപ്പൊ നിനക്കും എന്നേ വേണ്ടല്ലോ.. ഞാൻ അന്നത്തെ ദേഷ്യത്തിൽ ഇറങ്ങി പോയതല്ലേ.. അതിന് എന്നോട് ഇത്രയും ഒക്കെ തിരിച്ചു കാണിക്കണോ..? കൈ വിട്… ഞാൻ പൊക്കോളാം…’
അവൾ കരയാൻ തുടങ്ങിയിരുന്നു
‘അയ്യേ.. കരയാതെ.. തനിക്ക് ഇപ്പൊ എന്താ വേണ്ടേ…?
അവളുടെ കവിളിൽ രണ്ട് കൈയും ചേർത്ത് കരച്ചിൽ നിർത്താൻ കൊച്ചു കുട്ടികളോട് ചോദിക്കുന്നത് പോലെ ഞാൻ ചോദിച്ചു
‘നിന്നെ…..!
അവൾ കണ്ണീരൊലിപ്പിച്ചു കൊണ്ട് പറഞ്ഞു..
‘എനിക്ക് വേറാരും ഇല്ല….’
അതിൽ കൂടുതൽ എനിക്കും പിടിച്ചു നിൽക്കാൻ ആവില്ലായിരുന്നു.. എന്നോട് തന്നെ കള്ളം പറയാൻ കഴിയില്ലായിരുന്നു.. കരഞ്ഞു വിങ്ങി പൊട്ടാറായ ഇഷാനിയെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു.. എന്റെ നെഞ്ചിൽ മുഖം ചേർത്ത് എന്റെ ഇഷാനി പൊട്ടിക്കരഞ്ഞു..
‘കരയല്ലേ… പോട്ടെ….’
അവളെ ആശ്വസിപ്പിക്കാൻ തോളിൽ മെല്ലെ തടവി ഞാൻ പറഞ്ഞു
‘എനിക്ക്.. നിന്നോട്… സ്നേഹം ഇല്ലെന്നാ… പറഞ്ഞെ…’
ഏങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു
‘ആര് പറഞ്ഞു..?
ഞാൻ ചോദിച്ചു
‘രാഹുൽ… ഞാൻ ഹോസ്പിറ്റലിൽ വന്നിട്ട്… കാണാതെ പോയതാ… അവൾ ഉണ്ടായിരുന്ന കൊണ്ട്… അല്ലാതെ.. ഇഷ്ടം ഇല്ലാഞ്ഞിട്ട് അല്ല…’
ഏങ്ങലടിച്ചു അവൾ പറഞ്ഞു
‘അവൻ നിന്നെ ഇളക്കാൻ വേണ്ടി പറഞ്ഞതാ.. അത് വിട്…’
ഞാൻ പറഞ്ഞു
‘എനിക്ക്.. എനിക്ക് അറിയില്ലായിരുന്നു നിനക്ക്… എന്താ പറ്റിയത് എന്ന്.. സോറി… എനിക്ക് അറിയില്ലായിരുന്നു…..’
ഇഷാനി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു..
‘കരയാതെ.. അതൊക്കെ കഴിഞ്ഞില്ലേ.. ഇനി എന്തിനാ കരയുന്നെ..?
ഞാൻ ചോദിച്ചു
‘എനിക്ക് സങ്കടം വരുന്നു…’
അവൾ എന്നേ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
‘ഇനി സങ്കടപ്പെടണ്ട.. ഞാൻ ഇല്ലേ കൂടെ…’
‘മ്മ്…’
അവൾ മൂളി.. പക്ഷെ അവളുടെ ഏങ്ങലടിക്ക് കുറവ് ഒന്നും ഉണ്ടായിരുന്നില്ല..
‘എന്തൊരു കരച്ചിൽ ആണ് ഇത്.. അതിന് മാത്രം ഇപ്പൊ എന്താ ഉണ്ടായേ…?
അല്പം കഴിഞ്ഞിട്ടും അവളുടെ കരച്ചിൽ ശമിക്കാത്തത് കൊണ്ട് ഞാൻ അവളോട് ചോദിച്ചു
‘എനിക്ക് കരച്ചിൽ വന്നാ.. നിർത്താൻ പാടാ…’
അവൾ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു..
ഞാൻ അവളുടെ അവിടെ ബെഞ്ചിൽ ഇരുത്തി. കർച്ചീഫ് അവളുടെ കയ്യിൽ ഉണ്ടായിരുന്നു.. അത്‍കൊണ്ട് ഞാൻ അവളുടെ കണ്ണീരൊപ്പി.
‘മതി കരഞ്ഞത്.. ദേ കണ്മഷി ഒക്കെ പടർന്നു.. അല്ല ഇയാൾ ഇന്ന് കണ്ണൊക്കെ എഴുതി ആണല്ലോ വന്നത്…’
ഞാൻ കരച്ചിൽ വിഷയം മാറ്റാൻ ചോദിച്ചു
‘നീ ഇപ്പോളാണോ കാണുന്നെ..?
അവൾ പരിഭവത്തോടെ ചോദിച്ചു
‘അല്ല.. ഞാൻ നേരത്തെ കണ്ടിരുന്നു.. പിന്നെ മുടി കളർ ചെയ്തത് ശ്രദ്ധിച്ചത് കൊണ്ട് ഇത് ചോദിക്കാൻ വിട്ടു പോയി…’
‘മുടി കൊള്ളാമോ..? എനിക്ക് പേടി ആയിരുന്നു കുളമാകുമോ എന്ന്…?
അവൾ കരച്ചിൽ മറന്നു പതിയെ നോർമൽ ആകാൻ തുടങ്ങിയിരുന്നു
‘ഹേയ്.. അടിപൊളി ആയിട്ടുണ്ട്.. ശരിക്കും എന്റെ ഇഷാനിക്കുട്ടി സുന്നരി ആയിട്ടുണ്ട്…’
‘പോടാ… ‘
ഞാൻ അത് പറഞ്ഞപ്പോ അവളുടെ കവിളുകൾ ചെമ്പരത്തി പോലെ ചുവക്കുന്നത് ഞാൻ കണ്ടു
‘അയ്യോ.. എന്റെ പൊന്നിൻകുടത്തിനു നാണം വന്നല്ലോ…’
ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു
‘നീ എത്ര ദിവസം ആയി എന്നേ ഇങ്ങനെ ഒക്കെ വിളിച്ചിട്ട്….’
അത് പറഞ്ഞപ്പോ അവൾ പിന്നെയും മൂഡോഫ് ആയത് പോലെ തോന്നി
‘അറിയില്ല. ഞാൻ എണ്ണി നോക്കട്ടേ…’
ഞാൻ വിരൽ കൊണ്ട് ദിവസം കണക്കെടുക്കുന്നത് പോലെ ആക്ട് ചെയ്തു
‘നീ എണ്ണിക്കോ.. വൈകിട്ട് ഞാൻ തരാം എല്ലാം കൂടെ ചേർത്ത്…’
അവൾ പറഞ്ഞു
‘വൈകിട്ട് എന്ത്…?
ഞാൻ ചോദിച്ചു
‘അത് വീട്ടിൽ എത്തുമ്പോ അറിയാം…’
അപ്പോളാണ് ഇഷാനി ഇന്ന് എന്റെ ഒപ്പം തിരിച്ചു വീട്ടിലേക്ക് വരുന്നു എന്നത് ഞാൻ മനസിലാക്കിയത്.. ഒരു നിമിഷം ഞാൻ സ്വർഗത്തിൽ എത്തിയത് പോലെ എനിക്ക് തോന്നി. പക്ഷെ അടുത്ത നിമിഷം മറ്റൊരു കാര്യം എന്റെ മനസിലൂടെ കടന്നു പോയി. എനിക്ക് എന്തെങ്കിലും പറ്റുമോ എന്ന പേടി അവളിൽ ഉണ്ട്.. അന്നത്തെ പോലെ ഒരു ആക്രമണം ഇനി എനിക്ക് നേരെ ഉണ്ടായാൽ..? അത് അവൾ കൂടെ ഉള്ളപ്പോൾ ആണെങ്കിൽ..? അങ്ങനെ ഒരു സാധ്യതയേ പറ്റി ഞാൻ ചിന്തിച്ചു. പ്രശ്നങ്ങളുടെ ഒന്നും യഥാർത്ഥ കാരണം എനിക്കിത് വരെ കണ്ട് പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് അർഥം ഞാൻ ഇപ്പോളും അപകടത്തിൽ ആണെന്നാണ്.. അങ്ങനെ ഒരിടത്തേക്ക് അവളെ കൊണ്ട് വരാൻ ഞാൻ ഭയന്നു.. അന്ന് തലങ്ങും വിലങ്ങും നിന്ന് കൊലവിളിയോടെ ആക്രമിച്ചപ്പോൾ തോന്നാഞ്ഞ ഭയം ഇപ്പൊ എന്നിൽ കടന്നു കൂടി.
