വീട്ടിൽ അർജുൻ ഇല്ലെങ്കിൽ ഇഷാനിക്ക് പെട്ടന്ന് ബോർ അടിക്കും. പഠിക്കാൻ ഒന്നും ഇല്ല. ചെയ്യാൻ പ്രത്യേകിച്ച് പണികളും ഇല്ല. എല്ലാം രണ്ട് പേരും കൂടെ നേരത്ത് തന്നെ ചെയ്തിരിക്കും. ഫോണിൽ ഒരുപാട് നേരം ഒന്നും തോണ്ടി കൊണ്ടരിക്കാനും അവൾക്ക് താല്പര്യമില്ല. പിന്നെ ഉള്ള ഒരു എന്റർടൈൻമെന്റ് പാട്ട് കേൾക്കുകയാണ്. സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വച്ചു അവൾ എന്തെങ്കിലും ഒക്കെ ഓർത്തിരിക്കും.. പാട്ടിൽ മുഴുകി ഇരുന്നത് കൊണ്ട് ആദ്യം ഇഷാനി അവളുടെ ഫോൺ ശബ്ദിച്ചത് അറിഞ്ഞില്ല. ബെല്ലടിക്കുന്നത് കേട്ടപ്പോ മ്യൂസിക് വോളിയം കുറച്ചു വച്ചു അവൾ കോൾ എടുത്തു. ശ്രുതി ആയിരുന്നു വിളിച്ചത്
‘എവിടെ പോയതാടി രണ്ടും കൂടി…?
ശ്രുതി ഇഷാനിയോട് ചോദിച്ചു
‘ആര്…?
ഇഷാനി ചോദിച്ചു
‘നിങ്ങൾ തന്നെ.. ഞാൻ എത്ര വിളി വിളിച്ചു.. നീ കേട്ടില്ലേ..? അതൊ മൈൻഡ് ചെയ്യാതെ പോയതാണോ…?
ശ്രുതി ചോദിച്ചു
‘നീ ഇത് എപ്പോളത്തെ കാര്യമാ പറയുന്നേ..?
ഇഷാനിക്ക് ശ്രുതി പറയുന്നത് ഒന്നും മനസ്സിൽ ആയില്ല..
‘എടി ഒരു പത്തു മിനിറ്റ് മുന്നേ ഹൈ കോർട്ട് ജംഗ്ഷൻ വച്ചു നിങ്ങളെ രണ്ട് പേരെയും കണ്ട കാര്യമാ ഞാൻ പറഞ്ഞെ..’
ശ്രുതി പറഞ്ഞു
‘നിനക്ക് ആൾ മാറിയത് ആകും.. ഞാൻ ഇന്നത്തെ ദിവസം വീട് വിട്ട് മുറ്റത്തേക്ക് പോലും ഇറങ്ങിയിട്ടില്ല..’
ഇഷാനി പറഞ്ഞു
‘പോടി. അപ്പോൾ പിന്നെ ഞാൻ കണ്ടതോ..? അത് ചേട്ടൻ തന്നെ ആണെന്ന് എനിക്ക് ഉറപ്പാ.. ചേട്ടന്റെ പോലത്തെ ബൈക്കും ആയിരുന്നു. പിന്നിൽ നീയും.. ചേട്ടൻ ഒരു റെഡ് ഷർട്ട് ആയിരുന്നു.. നീ ഒരു യെല്ലോ കളറും..’
ശ്രുതി തറപ്പിച്ചു തന്നെ പറഞ്ഞു
‘നിനക്ക് ആൾ മാറി മോളെ.. വേറെ ആരെയോ കണ്ട് നിനക്ക് ഞങ്ങളായി തോന്നിയത് ആണ്. നീ വീഡിയോ കോൾ ചെയ്താൽ ഞാൻ ദേ വീട്ടിൽ ഇരിക്കുന്നത് കാണിച്ചു തരാം…’
ഇഷാനി പറഞ്ഞു
‘ശെടാ.. അങ്ങനെ വരാൻ വഴിയില്ലല്ലോ. നിങ്ങളെ രണ്ടിനേം പോലെ തന്നെ ഉണ്ടായിരുന്നു.. ഞാൻ ഫേസ് ശരിക്കും കണ്ടില്ല. ഹെൽമെറ്റ് ഉണ്ടായിരുന്നു. ബട്ട് സൈഡിൽ കൂടി നോക്കുമ്പോൾ കറക്റ്റ് നിങ്ങൾ തന്നെ..’
ശ്രുതി പറഞ്ഞു. ഇഷാനി അവളല്ല എന്ന് പറഞ്ഞതോടെ അവൾക്ക് ആൾ മാറിയത് ആണെന്ന് ശ്രുതിയും കരുതി. പക്ഷെ ഇഷാനിക്ക് മനസ്സിൽ എന്തൊക്കെയോ ഉരുണ്ട് കൂടി. അർജുന്റെ ബൈക്കും അവൻ ഇട്ട ഷർട്ടും അവൾ കണ്ടിട്ടുണ്ടെൽ കണ്ടത് അവനെ തന്നെ ആകണം.. പക്ഷെ കൂടെ എന്നെ കണ്ടെന്നു പറഞ്ഞത് എങ്ങനെ…? അത് ഇഷാനിക്ക് പിടി കിട്ടിയില്ല.. ഒരുപക്ഷെ അർജുന്റെ ഒപ്പം ഒരു പെൺകുട്ടിയെ കണ്ടപ്പോ അത് താൻ ആയിരിക്കും എന്ന് ആദ്യമേ ശ്രുതി ധരിച്ചത് കൊണ്ട് ആവണം..
ശ്രുതി കണ്ടത് അർജുനെ തന്നേ ആണോന്ന് ഇഷാനിക്ക് ഉറപ്പിക്കണമായിരുന്നു. അതിന് അവൾ ആദ്യം ചെയ്തത് ഹെൽമെറ്റ് വീട്ടിൽ ഇരിപ്പുണ്ടോ എന്ന് നോക്കലാണ്. സാധാരണ തനിയെ പുറത്തു പോകുമ്പോൾ അവൻ രണ്ട് ഹെൽമെറ്റ് എടുക്കാറില്ല. രാവിലെ പോയപ്പോ താൻ അതൊന്നും ശ്രദ്ധിച്ചുമില്ല. ഇഷാനി ഹെൽമെറ്റ് ഇരുന്നിടവും അതിന് ചുറ്റുമുള്ള സ്‌ഥലവുമെല്ലാം നല്ലത് പോലെ അരിച്ചു പെറുക്കി. ആ നശിച്ച ഹെൽമെറ്റ് ഇവിടെ നിന്ന് കിട്ടിയിരുന്നു എങ്കിൽ ശ്രുതി കണ്ടത് അർജുനെ അല്ലെന്ന് കരുതമായിരുന്നു. പക്ഷെ എല്ലാം അവൾ പറഞ്ഞത് സത്യം ആകുന്നത് പോലെ. ഹെൽമെറ്റ് കാണുന്നില്ല.. അത് അർജുൻ കൊണ്ട് പോയത് തന്നേ..
അപ്പോൾ ശ്രുതി കണ്ടത് അർജുനെ ആണെങ്കിൽ അവന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണ് ആരാണ്..? ഇഷാനിക്ക് പിടി കിട്ടിയില്ല. ഇനി അന്നത്തെ പോലെ അവന്റെ പഴയ കോളേജ് മേറ്റ്സ് വല്ലതും വന്നോ..? ദിയ അന്ന് വന്നത് ഓർത്തു കൊണ്ട് ഇഷാനി ചിന്തിച്ചു.. അവർ ആരെങ്കിലും വന്നാൽ അവൻ തന്നോട് പറയേണ്ടത് ആണ്. ഇതപ്പോ മറ്റവൾ ആണ്.. അർജുനെ ഇടയ്ക്ക് വിളിക്കാറുള്ള അവന്റെ കസിൻ.. ശിവാനി… അവളാണ് അർജുന്റെ കൂടെ ഉണ്ടയിരുന്നത് എന്ന് ഇഷാനി ഉറപ്പിച്ചു.. അർജുനെ വിളിച്ചാലോ എന്ന് ഇഷാനി ആദ്യം ചിന്തിച്ചു. പക്ഷെ നേരിട്ട് വന്നിട്ട് അവനോട് ചോദിക്കാം എന്ന് പിന്നെ കരുതി.. ഒരു മണിക്കൂർ കഴിഞ്ഞാണ് അർജുൻ തിരിച്ചു വന്നത്. അത്രയും നേരം അവന്റെ കൂടെ ആരായിരുന്നു എന്ന് ഓർത്ത് ഇഷാനി തല പുകയ്ക്കുവായിരുന്നു.. വാതിൽ തുറന്നു കൊടുത്തിട്ട് ഇഷാനി നേരെ ടെറസിലേക്ക് പോയി.. അവൾ മൈൻഡ് ചെയ്യാതെ പോയത് കണ്ട് അർജുനും അവളുടെ പുറകെ മേളിലേക്ക് ചെന്നു.. ഇഷാനി അവിടെ ചിമ്മിനിയുടെ മേലെ ചാരി നിൽക്കുക ആയിരുന്നു..
