അവൾ പിണങ്ങിയ പോലെ സംസാരിച്ചു
‘അങ്ങനെ അല്ല. ഈ കാര്യത്തിൽ നീ എന്നേ ഒന്ന് വിശ്വസിക്ക്.. അല്ല ഇതൊക്കെ ഇപ്പൊ എങ്ങനെ അറിഞ്ഞു. അവൻ പറഞ്ഞോ..?
ഞാൻ ചോദിച്ചു
‘അല്ലാതെ നീ ആയി എന്നോട് ഒന്നും പറയില്ലല്ലോ…’
പരിഭവത്തോടെ അവൾ പറഞ്ഞു
‘അത് വിട്.. നമുക്ക് അത് പിന്നെ സംസാരിക്കാം.. നീ അങ്ങോട്ട് വാ.. നിന്നെ കുറെ പേര് അവിടെ തിരക്കിയിരുന്നു.. നിനക്ക് കുറെ ഫാൻസ് ഉണ്ടായിട്ടുണ്ട്..’
ഞാൻ ആ പറഞ്ഞത് അവൾ പക്ഷെ അത്ര ഗൗനിച്ചില്ല
‘അപ്പോൾ നീ കംപ്ലയിന്റ് കൊടുക്കില്ലല്ലോ..?
അവൾ പിന്നെയും അതിൽ തന്നെ കടിച്ചു പിടിച്ചു കിടക്കുകയാണ്
‘അതിനുള്ള ഒരു സാഹചര്യം അല്ല. അത് കൊണ്ടാണ്..’
ഞാൻ പറഞ്ഞു
‘ വേണ്ട.. നീ കൊടുക്കണ്ട.. നിന്റെ ഇഷ്ടം പോലെ ചെയ്യ്…’
ഇഷാനി ദേഷ്യത്തോടെ പറഞ്ഞു
‘നീ ദേഷ്യപ്പെടാതെ.. ഇപ്പൊ പ്രശ്നം ഒന്നുമില്ല… സത്യം..’
‘എന്നാൽ ഞാൻ ഇന്ന് അവിടോട്ട് വരും..’
ഇഷാനി എന്റെ മുഖത്ത് നോക്കി ഒരല്പം മൃദുവായി പറഞ്ഞു
‘എങ്ങോട്ട്…?
‘വീട്ടിലോട്ട്…’
എന്റെ വീട്ടിലോട്ട് വരുന്ന കാര്യമാണ് അവളിപ്പോ പറഞ്ഞത്
‘നീ അവിടെ തനിച്ചല്ലേ നിക്കുന്നത്…’
‘എടി അതിന് മാത്രം ഒന്നും ഇല്ല. അവൻ നിന്നെ എന്തോ പറഞ്ഞു പേടിപ്പിച്ചേക്കുവാ.. ഇനി നിനക്ക് അത്രക്ക് വിശ്വാസം ഇല്ലേൽ അവൻ വൈകിട്ട് അവിടെ നിക്കും.. അത് പോരേ…?
ഞാൻ ചോദിച്ചു
‘എന്നാലും ഞാൻ വന്നു നിൽക്കുന്നത് ഇഷ്ടം അല്ലല്ലേ…?
അവൾ വേദനയോടെ ചോദിച്ചു
‘അങ്ങനെ അല്ല ഞാൻ പറഞ്ഞത്.. നീ ഇനി അവിടെ.. അത്. അത് ശരിയാവില്ല…’
ഞാൻ പറഞ്ഞു
‘എന്താ ശരിയാവാത്തത്..?
അവൾ ചോദിച്ചു
‘നിനക്ക് അറിയാമല്ലോ..? ഇനി എല്ലാം പിന്നെയും പറഞ്ഞു അലമ്പ് ആക്കാൻ എനിക്ക് വയ്യ..’
‘ ഞാൻ അല്ലേ പിണങ്ങി പോയത്. ഇപ്പൊ ഞാൻ തന്നെ തിരിച്ചു വരാമെന്ന് പറഞ്ഞല്ലോ.. പിന്നെ നിനക്ക് മാത്രം എന്താ പ്രശ്നം..?
‘അത് ശരിയാവില്ല.. നമ്മൾ ഇനി അങ്ങനെ… അത് വേണ്ട..’
ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു
‘നിനക്ക് എന്നോട് ഉണ്ടായിരുന്ന ഇഷ്ടം ഒക്കെ പോയോ…?
‘ഇഷ്ടം ഉള്ളത് കൊണ്ടാണ് പറയുന്നത്. ഞാൻ നിനക്ക് ചേരില്ല.. നിന്നെ എപ്പോളും വേദനിപ്പിക്കാൻ മാത്രമേ എനിക്ക് പറ്റിയിട്ടുള്ളു. ഇനിയും അത് തുടരാൻ എനിക്ക് വയ്യ…’
‘കൃഷ്ണ ആണോ കാരണം..?
ഇഷാനി സംശയത്തോടെ ചോദിച്ചു
‘ഹേ.. ഞാൻ അവൾക്ക് വേണ്ടി ആണ് ഇത് വേണ്ടെന്ന് വയ്ക്കുന്നത് എന്നാണോ നീ കരുതുന്നത്.. നിനക്ക് വേണ്ടി തന്നെ ആണ്.. നമ്മൾക്ക് ഇടയിൽ ഇപ്പൊ ഉള്ള ഫ്രണ്ട്ഷിപ്പ് മതി എനിക്ക്.. അതാണ് ബെറ്റർ.. നീ പണ്ട് പറഞ്ഞത് ശരിയായിരുന്നു.. ഈ പ്രേമം ഒക്കെ വെറുതെ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി വക്കും.. നമുക്ക് ആദ്യം നമ്മൾ എങ്ങനെ ആരുന്നോ അത് പോലെ പോകാം.. നമുക്ക് രണ്ട് പേർക്കും അതാണ് ബെറ്റർ…’
ഞാൻ പറഞ്ഞു
‘ഞാൻ നിന്നെ ഒരിക്കലും അതിന് ഒരു ഫ്രണ്ട് ആയി കരുതിയിട്ടില്ല.. ഒരിക്കൽ പോലും.. നിനക്ക് എന്നേ ഇത് വരെ മനസിലായിട്ടില്ല.. എന്നെ ഇഷ്ടം അല്ലെന്ന് നീ പറഞ്ഞാൽ ഞാൻ പൊക്കോളാം.. നിന്നെ ഇനി ശല്യപ്പെടുത്തില്ല…’
ഇഷാനി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു
‘അങ്ങനെ എനിക്ക് പറയാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ഞാൻ പറഞ്ഞതാണ് ശരിയെന്നു നിനക്ക് പിന്നെ മനസിലാകും.. ഇപ്പൊ നീ അവൻ പറയുന്നത് കേട്ട് ആകെ പേടിച്ചു. അതാണ് ഇങ്ങനെ ഒക്കെ പറയുന്നത്.. അതെന്നോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നു എനിക്ക് മനസിലാകും..’
‘നിനക്ക് മനസിലാകില്ല. ഒന്നും മനസിലാകില്ല.. എന്നേ ഒറ്റയ്ക്ക് ആക്കില്ല എന്ന് പറഞ്ഞു വാക്ക് തന്നിട്ട് ഇപ്പൊ ഒറ്റയ്ക്ക് ആക്കാൻ ആണേൽ നീ പൊക്കോ..’
‘ഒറ്റയ്ക്ക് ആക്കിയില്ലല്ലോ.. ഞാൻ കൂടെ തന്നെ ഉണ്ടാവുമല്ലോ.. ഒരു ഫ്രണ്ട് ആയി..’
‘നീ പോ…’
കരച്ചിൽ അടക്കി പിടിച്ചു എന്നേ തള്ളി മാറ്റിയിട്ടു അവൾ ദേഷ്യത്തിൽ പോകാൻ തുടങ്ങി.
