വേറൊന്നും അല്ല ഹൂഡിയുടെ ക്യാപ് അവൾ തലവഴി ഇട്ടിട്ടുണ്ട്. സാധാരണ അവൾ അങ്ങനെ ഇടാറില്ല. ഇപ്പോൾ ടെൻഷൻ കാരണവും ഇത്രയും ആളുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതിൽ ഉള്ള ജാള്യത ഒക്കെ കൊണ്ടാകും അവൾ അങ്ങനെ തല വഴി ഇട്ടത്.. ഞാൻ അപ്പോൾ തന്നെ കണ്ണ് കാണിച്ചു വിരട്ടി അവളെ കൊണ്ട് അത് തലയിൽ നിന്നും എടുപ്പിച്ചു.. ഇപ്പോൾ അവളുടെ മുഖം പൂർണമായും എല്ലാവർക്കും കാണാം.. സ്റ്റേജിൽ വച്ച റെഡ് ലൈറ്റ് സെറ്റിംഗ്സിൽ അവളുടെ മുടിയിൽ തേച്ച കളർ കുറെ കൂടി ചുവപ്പായി തോന്നി.. അഗ്നി ചുംബിച്ച മുടിയിഴകൾ വീണ്ടും തീക്ഷ്‌ണമായി ജ്വലിച്ചു…!
അങ്ങനെ പതിയെ പരുപാടി സ്റ്റാർട്ട് ആയി.. ആദ്യം നിശബ്ദതയേ ഭേദിച്ചത് ഇഷാനിയുടെ വയലിൻ ആയിരുന്നു.. തുടക്കം ചെറുതായ് ഒന്ന് പാളി.. സംഗീതത്തിൽ അത്ര അഭ്യാസി ഒന്നും അല്ലെങ്കിലും ഒരു പാളിച്ച ഉണ്ടായെങ്കിൽ മനസിലാക്കാൻ ഒക്കെ എനിക്ക് പറ്റുമായിരുന്നു.. അവളുടെ കൈകൾ നല്ലത് പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.. ഒരുപക്ഷെ അത് കാരണം ആവാം.. ഞാൻ അവളെ നോക്കി. തലയാട്ടി പേടിക്കണ്ട, ധൈര്യമായി തുടങ്ങാൻ മൗനമായി പറഞ്ഞു.. മുമ്പൊരിക്കൽ ഗ്രൗണ്ടിൽ തോറ്റു നിന്ന എന്നോട് ഗാലറി ഇരുന്നു അവൾ കാണിച്ചത് പോലെ…….
രണ്ടാം തവണ വയലിൻ ശബ്ദിച്ചപ്പോൾ ആദ്യം ഉണ്ടായിരുന്ന പ്രശ്നം തോന്നിയില്ല.. ഓഡിറ്റോറിയത്തിൽ തളം കെട്ടി നിന്ന നിശബ്ദതയിലേക്ക് വയലിൻ സംഗീതം അരിച്ചിറങ്ങി.. ആദ്യം അവൾ പ്രത്യേകിച്ച് സോങ് ഒന്നുമല്ല വായിച്ചത് എന്നെനിക്ക് തോന്നി.. കൈ ഒന്ന് തെളിയാൻ വേണ്ടി വയലിൻ വായിച്ചത് ആകണം.. നമ്മൾ ഗ്രൗണ്ടിൽ വാം അപ്പ് ചെയ്യുന്നത് പോലെ..
ഇഷാനിക്കൊപ്പം ബാക്കി ഉള്ളവരും അവരുടെ മ്യൂസിക് ചേർത്തപ്പോൾ ആണ് ആദ്യത്തെ സോങ് സ്റ്റാർട്ട് ആയി എന്ന് എനിക്ക് മനസിലായത്.. മഹാഗണപതിം എന്ന കീർത്തനം ആയിരുന്നു അവൾ ആദ്യം വായിച്ചത്.അവൾ നല്ല അസ്സലായി വായിക്കുന്നുണ്ട് എങ്കിലും രണ്ട് മിനിറ്റ് കഴിഞ്ഞപ്പോ എനിക്കൊരു പേടി ഉള്ളിൽ തോന്നി.. ഇവളിത് കച്ചേരി ആക്കുമോ..? ഇഷാനി കച്ചേരിക്ക് ഒക്കെ പോയി ശീലം ഉള്ള കുട്ടി ആണ്. ഇവിടുത്തെ ഓഡിയൻസിന് കച്ചേരി ഒന്നും സെറ്റ് ആകില്ല. അതാണ് സിനിമ പാട്ടൊക്കെ വച്ചു ഫ്യൂഷൻ ഞാൻ പ്ലാൻ ആക്കിയത്.. ഇവൾക്കത് മനസിലായില്ലേ..? ഒരുപക്ഷെ ആദ്യത്തെ ഗാനം ദൈവസ്തുതി ആയി തുടങ്ങിയത് ആകും.. ഞാൻ അവിടെ ഇരിക്കുന്ന എല്ലാവരുടെയും മുഖത്തേക്ക് നോക്കിയപ്പോളും ആരുടെ മുഖത്തും അസംതൃപ്തി ഒന്നുമില്ല..
എന്റെ ഈ ആശങ്കയ്ക്ക് ഇടയിൽ പാട്ട് ചേഞ്ച് ആയത് ഞാൻ പെട്ടന്ന് ശ്രദ്ധിചില്ല.. മഹാഗണപതിം വായിക്കുന്നതിന് ഇടയിൽ നിന്ന് എങ്ങനെയോ അവൾ എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു എന്ന പാട്ടിലേക്ക് ഷിഫ്റ്റ് ആയി.. ഹോ ഭാഗ്യം അവൾക്ക് കച്ചേരി അല്ല ഇതെന്ന് അറിയാം.. ഞാൻ ആശ്വസിച്ചു..
ആദ്യത്തെ രണ്ട് മൂന്ന് സോങ്‌സ് മെലഡീ ടൈപ്പ് ആയിരുന്നു.. പക്ഷെ വൻ ഫീൽ ഉണ്ടായിരുന്നു.. ഞാൻ ഇഷാനിയേയും ഓഡിയൻസിനെയും മാറി മാറി നോക്കും. എല്ലാവരും തലയാട്ടിയും താളം പിടിച്ചുമൊക്കെ പരുപാടി എൻജോയ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ഇപ്പോൾ തന്നെ അവൾ സമ്മതിച്ച മിനിറ്റിന്റെ പകുതി കഴിഞ്ഞിട്ടുണ്ട്. ഇനി അവൾ കറക്റ്റ് പത്തു മിനിറ്റ് ആകുമ്പോ നിർത്തുമോ..? സ്റ്റേജിൽ ഉള്ള അവളെക്കാൾ ടെൻഷൻ ഇപ്പോൾ ഇവിടെ നിൽക്കുന്ന എനിക്കാണെന്ന് തോന്നി.. ഇഷാനി കണ്ണടച്ചു വയലിൻ തന്റെ തോളോട് ചേർത്ത് ആസ്വദിച്ചു വായിക്കുകയാണ്.. ടെൻഷൻ ഒന്നും ഇപ്പോൾ അവളുടെ മനസിലില്ല…
ഇടയ്ക്ക് അവൾ വായിച്ച സോങ് ഒന്നും എനിക്ക് അങ്ങോട്ട് മനസിലായില്ല.. എങ്കിലും ഒരു മെലഡീ ടൈപ്പ് ആണ് എല്ലാം. പിള്ളേർക്ക് അർമ്മാധിക്കാൻ ഉള്ളത് ഒന്നും അങ്ങോട്ട് വരുന്നില്ല എന്ന് ഞാൻ ശങ്കിച്ചു നിൽക്കുമ്പോ ആണ് അവളുടെ വയലിനിൽ നിന്ന് ആ മാജിക്ക് ഞാൻ കേൾക്കുന്നത്..
– ടു ടു ടുണ്ടു ടുഡു ടുണ്ടുടുഡു ടുണ്ടുടുഡുഡൂ…..
