‘അർജുൻ പ്ലീസ്.. റിസ്ക് എടുക്കല്ലേ.. അവൾക്ക് എന്തേലും പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല..’
ലച്ചുവിന്റെ തൊണ്ട ഇടറി
‘ അവൾക്ക് ഒന്നും പറ്റില്ല. ഞാൻ ഉറപ്പ് തരാം..’
മഹാൻ ലച്ചുവിനോട് പറഞ്ഞു. അവൾക്ക് പക്ഷെ അത് വിശ്വാസം ആയില്ല. അവൾക്ക് വിശ്വാസം എന്നെയാണ്.. എനിക്ക് അവരോട് രണ്ടിനോടും എന്ത് പറയണം എന്നറിയില്ല. രണ്ട് പേര് പറയുന്നതും കാര്യമുള്ള കാര്യമാണ്. അതിൽ ആരു പറയുന്നത് കേൾക്കണം എന്ന് എനിക്ക് അറിയില്ല..
‘അർജുൻ.. ഞാൻ ഇത് പറയണ കൊണ്ട് നീ വേറെ ഒന്നും കരുതല്ലേ..’
അത്രയും നേരം മിണ്ടാതെ മാറി നിന്ന ഇഷാനി എന്റെ അടുത്തേക്ക് വന്നു.
‘ഇതിൽ എന്ത് തന്നെ ആണേലും നിന്റെ ചേട്ടനെ നമുക്കിനി രക്ഷിക്കാൻ കഴിയില്ല. നടന്നതൊന്നും മാറ്റാൻ പറ്റില്ല.. പക്ഷെ നിനക്ക് കൃഷ്ണയേ ഒരു കുഴപ്പവും കൂടാതെ രക്ഷിക്കാൻ പറ്റും. സപ്പോസ് അവൾക്ക് പകരം എന്നെയാണ് കൊണ്ട് പോയിരുന്നത് എങ്കിൽ നീ ഇപ്പൊ ഇത് പൊട്ടിക്കുമായിരുന്നോ..? ഇവൾ പറഞ്ഞത് പോലെ സത്യത്തിൽ എന്നെയാണ് അവർ കൊണ്ട് പോകേണ്ടി ഇരുന്നത്… നീ ഇത് പൊട്ടിക്കരുത്. നമ്മൾ കാരണം അവൾക്ക് ഒന്നും പറ്റരുത്..’
ഇഷാനി എന്റെ തോളിൽ കൈ വച്ചു.. അവൾ പറഞ്ഞത് ആണ് ശരി. ഞാൻ മറ്റേ രീതിയിൽ ചിന്തിക്കാൻ കൂടി പാടില്ലായിരുന്നു. ഒരു നിമിഷം ഞാൻ പകയുടെയും പ്രതികാരത്തിന്റെയും ഒക്കെ ചിന്തയിൽ ഞാൻ ആവശ്യമില്ലാത്ത റിസ്ക് എടുക്കുന്നതിനെ പറ്റി ആലോചിച്ചു പോയി. അത് തെറ്റായിരുന്നു.. ഞാൻ മഹാനെ നോക്കി.. എന്റെ നോട്ടത്തിന്റെ അർഥം മനസിലായപ്പോ മഹാൻ കൈ പിൻവലിച്ചു. ഞാനും… കൊറിയർ ഇപ്പൊ ലച്ചുവിന്റെ കയ്യിലാണ്..
ലച്ചു കൊറിയർ നെഞ്ചോട് ചേർത്ത് ഇഷാനിയെ നോക്കി. താൻ കുറച്ചു മുമ്പ് വരെ വെറുപ്പ് കാണിച്ചിട്ടും അവൾ തന്റെ സൈഡ് പറഞ്ഞു കൂടെ നിന്നത് ഓർത്തപ്പോ ലച്ചുവിന് ഉൾക്കുത്തു തോന്നി. അവൾ ന്യായം ആയിരിക്കും പറഞ്ഞത്. പക്ഷെ അവൾക്കത് പറഞ്ഞു തന്നെ സപ്പോർട്ട് ചെയ്യാതെ ഇരിക്കാമായിരുന്നു.. അവളത് ചെയ്തില്ല. നന്ദിയോടെ അവൾ ഇഷാനിയെ നോക്കി. അവൾ നോക്കുന്നത് അറിഞ്ഞു കൊണ്ട് ആവണം ഇഷാനി മനഃപൂർവം അവളെ നോക്കാതെ മുഖം തിരിച്ചു.. ലച്ചുവിന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ ഒരു ചിതയെരിഞ്ഞു…
കൃത്യം ആറു മണി ആയപ്പോൾ എന്റെ ഫോണിലേക്ക് ആ നമ്പറിൽ നിന്നും കോൾ വന്നു.. ടൗണിന് കുറച്ചു മാറിയുള്ള ഒരു പഴയ മീൻ ചന്തയിൽ വരാൻ ആയിരുന്നു പറഞ്ഞത്. ഇവിടുന്ന് പത്തു മിനിറ്റ് കാണും.. ലച്ചുവിന്റെ കയ്യിൽ നിന്ന് കവർ ഞാൻ വാങ്ങി. അവൾ വരാൻ നിർബന്ധം പിടിച്ചെങ്കിലും ഞാൻ അത് സമ്മതിച്ചില്ല. ഞാൻ അവളെ ഇഷാനിയുടെ കൂടെ വീട്ടിൽ നിർത്തി. അവരെ ഒറ്റയ്ക്ക് ആക്കാൻ പേടി ഉള്ളത് കൊണ്ട് ഞങ്ങളുടെ ആളുകൾ കുറച്ചു പേരെ അവിടെ നിർത്തി ബാക്കി ഞങ്ങൾ എല്ലാം രണ്ട് വണ്ടിയിലായി അവിടേക്ക് വിട്ടു.
സന്ധ്യ ആയപ്പോൾ അവിടമാകെ വിജനമായിരുന്നു.. ഇടയ്ക്ക് ഏതേലും വണ്ടികൾ കടന്നു പോകുന്നത് അല്ലാതെ വേറെ ഒച്ചയനക്കങ്ങൾ ഒന്നുമില്ല. ഓരോ വണ്ടി പോകുമ്പോളും ഞങ്ങൾ അതാണോ അവരെന്ന് നോക്കും… ഞങ്ങൾ അവിടെ നിന്ന് ഒരു പത്തു മിനിറ്റ് ആയപ്പോളേക്കും അവർ വന്നു. ഒരു നൂറ് മീറ്റർ ദൂരത്തായി അവർ വണ്ടി ഇട്ടു.. വണ്ടിയിലേക്ക് നോക്കിയിട്ട് കൃഷ്ണ അതിൽ ഉണ്ടോന്ന് അറിയാൻ കഴിയുന്നില്ല.. ഞങ്ങൾ എല്ലാം പുറത്തിറങ്ങി.. അവരുടെ വണ്ടിയിൽ നിന്ന് അവരും
അപ്പോൾ ഞാൻ കൃഷ്ണയെ കണ്ടു. എന്നേ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവളാകെ വാടിയത് പോലെ ഉണ്ടായിരുന്നു. ഞാൻ കാരണം ആണ് അവൾ അങ്ങനെ ഒരു ചുറ്റുപാടിൽ പെട്ടത് എന്നോർത്തപ്പോൾ എനിക്ക് വിഷമം വന്നു.. അവരുടെ കൂട്ടത്തിൽ അന്ന് ഞാൻ തല്ലി ഓടിച്ച തമിഴൻ തായോളിയെ ഞാൻ കണ്ടു. നിനക്ക് ഞാൻ വച്ചിട്ടുണ്ട് തായോളി എന്ന് ഞാൻ മനസ്സിൽ കനത്തിൽ തന്നെ പറഞ്ഞു. അവരിൽ നിന്നൊരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ മുന്നിൽ വന്നു കൊറിയറിനായി അയാൾ കൈ നീട്ടി
‘ആദ്യം അവളെ വിട്.. എന്നിട്ട് ഇത് തരാം..’
ഞാൻ പറഞ്ഞു
