റോക്കി – 6 26അടിപൊളി  

ഒരു കൈ കൊണ്ട് അവളുടെ കവിളിൽ തലോടി ഞാൻ എന്റെ വിരലിലെ സിന്ദൂരം അവളുടെ സീമന്തരേഖയിൽ അണിയിച്ചു.. ഞാൻ ചെയ്തത് എന്താണെന്ന് ഓർത്തു ഒരുനിമിഷം ഇഷാനി പകച്ചു പോയി. പിന്നെ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..

‘ നിന്റെ ഒരു സമാധാനത്തിനു…’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘കല്യാണത്തിന് ഇനിയും ടൈം ഉണ്ടല്ലോ.. അത് വരെ നീ ഇത് ആലോചിച്ചു ഇരുന്ന് വിഷമിക്കണ്ട.. ആരും കണ്ടില്ലേലും പുഷ്പവൃഷ്ടി നടത്തിയില്ലേലും ഇത് വിവാഹം കഴിച്ചതായി കൂട്ടും.. ഇല്ലേ….?
ഞാൻ ചോദിച്ചു

അവൾ മറുപടി ഒന്നും പറഞ്ഞില്ല. ഇഷാനി പെട്ടന്ന് എഴുന്നേറ്റു എന്നെ കെട്ടിപിടിച്ചു.. കെട്ടിപിടിച്ചു എന്നെ തുരുതുരെ ചുംബിച്ചു.. എന്റെ മുഖത്ത് എല്ലായിടത്തും അവളുടെ സ്‌നേഹചുംബനങ്ങൾ എത്തി. അവളുടെ നെറുകയിലെ സിന്ദൂരക്കുറിയിലേക്ക് ഞാൻ അഭിമാനത്തോടെ നോക്കി.. ഞാൻ എന്റെ പ്രാണനെ സ്വന്തം ആക്കിയെന്നതിനുള്ള തെളിവ് ആണ് ഈ കാണുന്നത്. അവളെ ചേർത്ത് പിടിച്ചു ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു…

ഇഷാനിയുടെ സങ്കടം എല്ലാം അതോടെ മാറിയതായി തോന്നി.. മറ്റുള്ളവർ കാണുമെന്നുള്ളത് കൊണ്ട് അവൾ പിന്നെ നെറുകയിൽ സിന്ദൂരം തൊടാൻ നിന്നില്ല. അതിന്റെ ആവശ്യവും ഇല്ലായിരുന്നു. അവൾക്ക് മാത്രം മനസിലാകാൻ, അവൾക്ക് മാത്രം അറിയാൻ ആയിരുന്നു ഞാൻ അത് ചെയ്തത്..

അടുത്ത ദിവസം മറ്റൊരു കാര്യം കൂടി ഞാൻ ചെയ്തു. അവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. വിളക്ക് എടുത്തു സ്വീകരിക്കാൻ വേണ്ടി ഒന്നുമല്ല. ഞങ്ങളുടെ കാര്യത്തിൽ അച്ഛന്റെ അടുത്ത് ഞാൻ ഇത് വരെ ഒരു തീരുമാനം പറഞ്ഞിരുന്നില്ല. ഫൈസിയുടെ കല്യാണത്തിന് ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ എങ്കിലും അച്ചനോട് സംസാരിക്കണം എന്ന് ഞാൻ കരുതിയത് ആണ്.. ഇപ്പോൾ ആണ് അതിന് മനസ്സ് തയ്യാറായത്. ഞാൻ അവൾക്ക് സിന്ദൂരം അണിയിച്ചത് ഒന്നും അച്ഛൻ അറിയില്ല എങ്കിലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന് അച്ഛന് ഊഹിക്കാം. അത് തുറന്നു പറയാൻ കൂടി ആയിരുന്നു ഞാൻ അവളുമായി വീട്ടിലേക്ക് ചെന്നത്..

ഇഷാനി ആയി വീട്ടിലേക്ക് വന്നു മുറ്റത്ത് ബൈക്ക് വച്ചു ഇറങ്ങിയപ്പോ തന്നെ മുറ്റത്ത് നിന്ന് ഒരാളുടെ കുര ഞങ്ങൾ കേട്ടു. ഇഷാനി തിരിഞ്ഞു നോക്കുമ്പോളേക്കും അവൻ ഓടി വന്നു അവളുടെ ദേഹത്ത് കയറാൻ തുടങ്ങിയിരുന്നു.. ഇഷാനി ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പെട്ടന്ന് തന്നെ അത് നൂനു ആണെന്ന് മനസിലാക്കി.. അവനെ അപ്രതീക്ഷിതമായി ഇവിടെ കണ്ടപ്പോ അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല

‘എടാ കുട്ടാ നീ ഇവിടെ ആയിരുന്നോ..? ചേച്ചി എവിടൊക്കെ നിന്നെ തിരക്കി എന്നറിയോ നിനക്ക്…?.
ഇഷാനി അവന്റെ തലയിൽ തടവി മുഖം അവനോട് ചേർത്ത് കൊണ്ട് പറഞ്ഞു. അവന്റെ സ്നേഹപ്രകടനം കാരണം ഇഷാനി താഴെ വീഴുമെന്ന പോലെയായി. കുറച്ചു ദിവസങ്ങളെ തമ്മിൽ കാണാതെ ഇരുന്നുള്ളു എങ്കിലും കാലങ്ങൾ കൂടി കാണുന്ന പോലെ ആയിരുന്നു ഇരുവരുടെയും സ്നേഹം.. ഇഷാനി നൂനുവിനെ കെട്ടിപിടിച്ചു.. അവന്റെ കഴുത്തിൽ ഒരു ബെൽറ്റ് പുതുതായി വന്നിട്ടുണ്ട്.. നന്നായി കുളിപ്പിച്ചിട്ടുമുണ്ട്..

‘നീ ഇതെപ്പോ ഇവനേ ഇങ്ങോട്ട് കൊണ്ട് വന്നു..?
ഇഷാനി ചോദിച്ചു

‘എക്സാം തീരുന്നതിനു മുന്നേ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു.. നിനക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി പറയാതെ ഇരുന്നതാ ഞാൻ..’
ഞാൻ പറഞ്ഞു

‘കൊള്ളാം നീ.. ഞാൻ എത്ര വിഷമിച്ചെന്നോ ഇവനെ കാണാതെ..’
നൂനുവിനെ കെട്ടിപിടിച്ചു ഇഷാനി പറഞ്ഞു

അവനെ കളിപ്പിച്ചു കഴിഞ്ഞു ഞാൻ ഇഷാനിയും ആയി വീടിന്റെ ഉള്ളിലേക്ക് കയറി. അച്ഛൻ അപ്പോളാണ് ഞങ്ങൾ വന്നത് അറിഞ്ഞത്. അച്ഛനെ കണ്ടപ്പോ ഇഷാനി പെട്ടന്ന് ചെന്നു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. അച്ഛൻ പെട്ടന്ന് എന്താണ് ഇതെന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ കാര്യങ്ങൾ എല്ലാം അത് കഴിഞ്ഞു ആണ് അച്ഛനോട് പറഞ്ഞത്

‘ഇവൾ കാല് തൊട്ട് വന്ദിച്ചപ്പോൾ ഞാൻ കരുതി നിങ്ങൾ രണ്ട് പേരും കല്യാണം കഴിഞ്ഞിട്ട് വരുന്ന വഴി ആണെന്ന്..’
അച്ഛൻ ഒരു തമാശ പൊട്ടിച്ചു
അച്ഛൻ വെറുതെ പറഞ്ഞത് ആണെങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും അത് പെട്ടന്ന് കള്ളത്തരം പിടിച്ചത് പോലെ ആയി. പക്ഷെ ഞങ്ങൾ അത് മുഖത്ത് കാണിക്കാതെ നിന്നു.

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *