ഞാൻ പറഞ്ഞു
‘പിന്നെ….?
‘നിന്റെ അമ്മ.. അമ്മ ഇവിടെ ഉണ്ട്…?
ഞാൻ പറഞ്ഞു
‘എന്ത് പറ്റി….?
അവളുടെ കണ്ണിൽ ചെറുതായ് ഒരു അങ്കലാപ്പ് ഉണ്ടായി. ഞാനത് ശ്രദ്ധിച്ചു
‘അമ്മയുടെ കിഡ്നി വീക്ക് ആയിരുന്നു.. ഒരു ഓപറേഷൻ വേണമായിരുന്നു.. അത് കഴിഞ്ഞു.. ഇപ്പൊ പ്രശ്നം ഒന്നുമില്ല.. ഒരു തവണ എങ്കിലും നിന്നെ കൊണ്ട് വരാമെന്ന് ഞാൻ ഏറ്റു പോയി… പ്ലീസ് നീ വരണം..’
ഞാൻ അവളോട് പറഞ്ഞു
‘അപ്പോൾ ഇതിനാണോ നീ എന്നെ ഈ കോലം കെട്ടിച്ചു ഇങ്ങോട്ട് കൊണ്ട് വന്നത്..’
അവളുടെ ചുരിദാർ ഉദ്ദേശിച്ചു ആയിരുന്നു ഇഷാനി അത് പറഞ്ഞത്. അവളുടെ അമ്മ അവൾക്ക് ഒരിക്കൽ മറഞ്ഞു നിന്ന് സമ്മാനിച്ച പോലത്തെ പിങ്ക് ചുരിദാർ ആയിരുന്നു അവൾ ഇന്ന് ഇട്ടിരുന്നത്. അമ്മ കൊടുത്തത് കൃഷ്ണ എടുത്തെങ്കിലും അത് പോലെ ഒന്ന് ഇഷാനി വാങ്ങിയിരുന്നു. രണ്ടും കാണാൻ ഒന്ന് തന്നെ അല്ലേ.. അതിട്ട് അവളെ കാണുമ്പോൾ അമ്മയ്ക്ക് സന്തോഷം ആയേക്കും എന്ന് തോന്നിയത് കൊണ്ടാണ് രാവിലെ അവളെ നിർബന്ധിച്ചു ഞാനീ ചുരിദാറിൽ കയറ്റിയത്…
‘അതേ.. സോറി.. നിന്നോട് ഇപ്പോളാണ് എല്ലാം പറയാൻ പറ്റിയത്..’
ഞാൻ പറഞ്ഞു
‘നന്നായി.. എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ.. ഇനി ഞാൻ പൊക്കോട്ടെ.. നീ വരുന്നുണ്ടോ..? വരുന്നില്ലേ വരണ്ട നീ നിന്റെ പെങ്ങളെയും അമ്മയെയും ഒക്കെ നോക്കിയിട്ട് പതിയെ വന്നാൽ മതി…’
അവൾ ഒരല്പം നീരസത്തോടെ പറഞ്ഞു
‘എന്താ ഇങ്ങനെ പറയുന്നേ..? എന്തൊക്കെ പറഞ്ഞാലും അത് നിന്റെ അമ്മയാണ്.. ഒരു തവണ. ഒരൊറ്റ തവണ നീ അവരെ വന്നു ഒന്ന് കാണു..’
ഞാൻ പറഞ്ഞു
‘നീ പറഞ്ഞാൽ ഞാൻ എന്ത് വേണേൽ ചെയ്യും. ഇത് ഒഴിച്ച്.. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എനിക്ക് അവരെ എത്രമാത്രം വെറുപ്പാണ് എന്ന്..’
‘ ഒരു തവണ മതി. അമ്മയുടെ അടുത്ത് ഒന്ന് നിന്നാൽ മതി.. സംസാരിക്കുക പോലും വേണ്ട..’
അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു
‘ശിവാനിയോട് എന്തേലും സംസാരിക്കണം.. അവൾക്ക് നിന്നെ ഭയങ്കര കാര്യമാണ്..’
‘എന്തിന്..? ഞാൻ ആരാ അതിന്റെ..? എനിക്ക് ആ കുട്ടിയെ കാണണ്ട ഇനി..’
ഇഷാനി വാശി കാണിച്ചു
‘ഇഷാ.. നിനക്ക് അമ്മയോട് ഉള്ള ദേഷ്യം എനിക്ക് മനസിലാകും. പക്ഷെ അവളോട് എന്തിനാ..? അത് വേണ്ട..’
ഞാൻ പറഞ്ഞു
‘എനിക്ക് അതിനോട് ദേഷ്യവുമില്ല. ഒന്നുമില്ല..’
ഇഷാനി പറഞ്ഞു
‘ഞാൻ അവളെ ആദ്യം എപ്പോളാണ് കാണുന്നത് എന്നറിയാമോ…?
ഞാൻ ഇഷാനിയോട് ചോദിച്ചു. അവൾ എന്റെ മുഖത്തേക്ക് നോക്കി
‘നിനക്ക് അന്ന് ആക്‌സിഡന്റ് ആയിട്ട് പിറ്റേന്ന് നിന്റെ ഡ്രസ്സ് എല്ലാം എടുക്കാൻ ആയിട്ട് ഞാൻ നിന്റെ വാടക വീട്ടിലേക്ക് ചെന്നതാണ്. അവിടെ നിന്ന് ഇറങ്ങുമ്പോ ആണ് ഓടിക്കിതച്ചു അവൾ അങ്ങോട്ട് വരുന്നത്.. ഞാൻ സത്യം പറഞ്ഞാൽ നീ ആണെന്ന് ഒരു സെക്കന്റ് കരുതി പോയി.. നിന്നെ തിരക്കി ആണ് അവൾ അങ്ങോട്ട് വന്നത്. അന്നാണ് നിന്റെ അമ്മയെ ഹോസ്പിറ്റലിൽ ആക്കിയത്.. തന്നെ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചിട്ടാണ് അവൾ നിന്നെ തിരക്കി വന്നത്..’
ഞാൻ പറഞ്ഞു
‘അന്ന് നീ അവളെ ഇത് പോലെ പുച്ഛിച്ചു അവഗണിച്ചു വിടുമെന്നൊക്കെ അവളും മനസിൽ കരുതിയിട്ട് ഉണ്ടാവണം. എന്നിട്ടും അവൾ നിന്റെ അടുത്തേക്ക് വന്നത് അവൾക്ക് വേറെ ആരും ഇല്ലാഞ്ഞിട്ട് ആണ്.. അവളുടെ അമ്മ കൂടെ ഇല്ലാതെ ആയാൽ അവൾ ആരുമില്ലാത്തവൾ ആണ്.. ‘
ഞാനത് പറഞ്ഞപ്പോ ഇഷാനിയുടെ കണ്ണുകൾ ചെറുതായ് നിറഞ്ഞു
‘നിനക്കും ചെറുപ്പത്തിൽ കുറെ വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അത് പോലെ അവൾക്കും ഉണ്ട്. നിനക്ക് സ്വന്തം അല്ലേലും സ്വന്തം പോലെ നോക്കുന്ന ആളുകൾ ഉണ്ട്.. അവൾക്ക് അമ്മ അല്ലാതെ വേറെ ആരുമില്ല. അങ്ങനെ ഒരാൾ ഉണ്ടേൽ അത് നീയാണ്. ആ വിശ്വാസത്തിൽ ആണ് അവൾ നിന്നെ തിരക്കി അന്ന് വീട്ടിലേക്ക് വന്നത്…’
‘എടാ എനിക്ക് അതിനോട് ദേഷ്യം ഉണ്ടായിട്ട് ഒന്നുമല്ല ഞാൻ മിണ്ടാതെ തിരിച്ചു നടന്നത്.. ഞാൻ എന്ത് പറയാനാണ്..? ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.. പെട്ടന്ന് നീ അവളെ എന്റെ മുന്നിൽ കൊണ്ട് നിർത്തിയാൽ ഞാൻ എന്ത് ചെയ്യാനാ..?
