‘സോറി…’
നിങ്ങളുടെ പുണ്യസ്‌ഥലം അശുദ്ധമാക്കാൻ ശ്രമിച്ചതിന് ക്ഷമാപണം.. ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷെ താഴേക്ക് ചാടാനുള്ള എന്റെ തീരുമാനത്തിൽ എനിക്ക് മാറ്റം ഒന്നും ഉണ്ടായില്ല.. വെറുതെ ഒരു ക്ഷമാപണം..
‘എന്താ വല്ല പ്രേമനൈരാശ്യവും ആണോ..?
അയാൾ അവിടെ തന്നെ നിന്ന് ചോദിച്ചു
‘ഹേയ്… അല്ല…’
ഞാൻ മറുപടി കൊടുത്തു.. പ്രണയനൈരാശ്യം ഉണ്ടാകാൻ എനിക്കന്നു വരെ പ്രണയം ഉണ്ടായിട്ടില്ലല്ലോ… വർഷങ്ങൾക്ക് മുമ്പ് ആ മലയുടെ മുകളിൽ നിന്ന് ചാടാൻ തീരുമാനിച്ചപ്പോൾ ഒന്നും ഇഷാനിയെ ഞാൻ കണ്ടിട്ട് കൂടി ഉണ്ടായിരുന്നില്ലല്ലോ…!
‘എന്ത് പ്രശ്നം ആണേലും ജീവിച്ചു തീർക്ക്.. പ്രശ്നങ്ങൾ വരുമ്പോൾ ചാടി ചാവാൻ ആണേൽ ഈ ലോകത്ത് മനുഷ്യർ ഒന്നും തന്നെ ബാക്കി ഉണ്ടാവില്ല…’
അയാളൊരു തത്വം പറഞ്ഞു.. അതിന്റെ പൊരുളിലേക്ക് ഒന്നും ഞാൻ കൂടുതൽ ചിന്തിച്ചില്ല.
‘അവിടെ ഇനി നിക്കണ്ട.. തിരിച്ചു പോര്..’
അയാൾ ഒരല്പം അടുപ്പത്തോടെ പറഞ്ഞു. അതോ അധികാരത്തോടെ ആയിരുന്നോ..? ആ പറച്ചിലിൽ എന്റെ മനസ്സ് അയാളെ അറിയാതെ അനുസരിക്കുന്നതായി എനിക്ക് തോന്നി. അത്രയും പറഞ്ഞിട്ട് എന്നെ നോക്കുക പോലും ചെയ്യാതെ അയാൾ തിരിച്ചു നടന്നു.. ഞാൻ താഴേക്ക് ചാടുന്നുണ്ടോ എന്ന് പോലും അയാൾ നോക്കിയില്ല.. ഒരുപക്ഷെ ഞാൻ ചാടില്ല എന്ന് അയാൾ ഉറപ്പാക്കിയിരിക്കണം.. പക്ഷെ അതെങ്ങെനെ…?
ഒരു അദൃശ്യനൂലിൽ ബന്ധിച്ച പോലെ ഞാൻ അയാൾക്ക് പിന്നാലെ നടന്നു. മരിക്കാനുള്ള പെഴച്ച മോഹം ഉപേക്ഷിച്ചു കൺകെട്ടുന്ന മഞ്ഞിൽ ആ അപരിചിതനെ ഞാൻ അനുഗമിച്ചു.. ഇത്രയും ഉണ്ടായിരുന്നുള്ളോ മരിക്കാനുള്ള എന്റെ വ്യഗ്രത..? ഞാൻ അത്ഭുതത്തോടെ ഓർത്തു.. ഏതോ ഒരാൾ വന്നു രണ്ട് ഡയലോഗ് അടിച്ചപ്പോ പോകാനുള്ളത്ര സ്പിരിറ്റ് മാത്രേ തനിക്ക് ചാകാൻ ഉള്ളായിരുന്നു എന്നെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. അയാളുടെ വാക്കുകൾ അല്ല മറ്റെന്തോ അദൃശ്യപ്രേരണ ആണ് എന്നെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത് എന്ന് എനിക്ക് തോന്നി..
കനത്ത മഞ്ഞ് മൂലം എന്റെ മുന്നിൽ നടക്കുന്ന ആളിന്റെ രൂപമോ പ്രായമോ ഒന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. കൈകൾ ഉരസി ചൂട് പിടിപ്പിച്ചു ഞാൻ അയാൾക്കൊപ്പം എത്താൻ നടത്തം വേഗത്തിൽ ആക്കി.. പക്ഷെ ഒരു മരീചിക പോലെ അയാൾ എന്റെ കണ്മുന്നിൽ നിന്നും മറഞ്ഞു. ഏതാനും നിമിഷങ്ങൾ മുമ്പ് വരെ അയാൾ എനിക്ക് മുന്നിൽ ഉണ്ടായിരുന്നതാണ്. മൂടൽ മഞ്ഞ് കണ്ണിൽ കയറി കണ്ണ് അടച്ചു തുറന്ന സമയം കൊണ്ട് അയാളെ കാണാനില്ല.. ഈ സമയം കൊണ്ട് തന്നെ ഞാൻ ക്ഷേത്രപരിസരത്തിന് അടുത്ത് എത്തിയിരുന്നു..അവിടെ എത്തിയപ്പോൾ മൂടൽ മഞ്ഞിനു ശമനം ഉണ്ടായിരുന്നു.. കാഴ്ചകൾ ഇപ്പോൾ വ്യക്തമാണ്. ഞാൻ ചുറ്റും നോക്കി.. ഇല്ല.. കൂടെ നടന്ന ആളെ ഇവിടെ ഒന്നും കാണുന്നില്ല.. അവിടെ ആകെ കണ്ടത് മലമുകളിലേക്ക് ഞാൻ വന്ന ചെറിയ നടപ്പാതയും അതിന് ഇരുവശത്തുമുള്ള ചെറിയ മരങ്ങളും ഒരല്പം അകലെയായി തലയുയർത്തി നിൽക്കുന്ന ക്ഷേത്രവും…
രാവിലെ ഉണർന്നപ്പോളേക്കും ഈ സ്വപ്നം ഞാൻ മറന്നിരുന്നു. ഇതിന് പിന്നാലെ പിന്നെയും കുറെ സ്വപ്‌നങ്ങൾ വന്നിരുന്നു. പക്ഷെ ഇത് ഒരു പ്രത്യേകതയുള്ള സ്വപ്നം ആയിരുന്നു.. ഞാൻ കണ്ടത് ഞാൻ അനുഭവിച്ച കാര്യങ്ങൾ തന്നെ ആണ്.. ഇതിന് മുമ്പും എനിക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.. ആശ്രമത്തിൽ നിന്നും ജീവനാന്ദസ്വാമികളോട് യാത്ര ചോദിക്കുന്നത് ഞാൻ മുമ്പൊരിക്കൽ കണ്ടിട്ടുണ്ട്.. ഇപ്പൊ ഇതും.. എന്തായാലും ഉറക്കം ഉണർന്ന ഞാൻ ചിന്തിച്ചത് ഇതൊന്നും ആയിരുന്നില്ല.. ഞാനെങ്ങനെ എന്റെ വീട്ടിൽ എത്തി എന്നാണ് ഞാൻ ചിന്തിച്ചത്
അടിച്ചു കിണ്ടി ആയിട്ട് ബാറിൽ ഇരുന്നത് മാത്രം ആണ് എനിക്ക് ഓർമ ഉള്ളത്. അവിടുന്ന് തനിയെ ഡ്രൈവ് ചെയ്തു വരാൻ എനിക്ക് പറ്റില്ല. ഞാൻ രാഹുലിനെ വിളിച്ചിരുന്നോ..? കണ്ണ് മെല്ലെ തുറന്നപ്പോൾ എനിക്ക് അതിനുള്ള ഉത്തരം കിട്ടി. കട്ടിലിന്റെ ഒരു ഓരത്ത് കൂർക്കം വലിച്ചു അവനും കിടപ്പുണ്ട്. അവനാണ് അപ്പോൾ എന്നെ ഇവിടെ കൊണ്ട് തട്ടിയത്.. എന്നിട്ട് അവൻ പോയി കാണില്ല.. ഞാൻ അവനെ ഉണർത്താതെ മെല്ലെ എഴുന്നേറ്റ് അടുക്കളയിൽ പോയി രണ്ട് പേർക്കും ആയി കാപ്പി വച്ചു.. കൃത്യം കാപ്പി ആയപ്പോൾ അവൻ ഉറക്കം ഉണർന്നു
