‘ചേച്ചിയും കുഞ്ഞും എന്ത് തെറ്റ് ചെയ്തിട്ടാ…?
ഉള്ളിലെ നീറ്റൽ കൊണ്ട് ഞാൻ ചോദിച്ചു പോയി
‘നീ വിശ്വസിക്കില്ല എന്നറിയാം.. എനിക്ക് ഇപ്പോളും അതോർത്തു വിഷമം ഉണ്ട്.. അങ്ങനെ ഒന്ന് സംഭവിക്കാൻ ഞാൻ ആഹ്രഹിച്ചിരുന്നില്ല.. രാഖിയും…..’
അനാരയുടെ പേര് പെട്ടന്ന് മനസിൽ വരാതെ അയാൾ ആലോചനയിൽ ആണ്ടു
‘അവരുടെ പേര് പോലും നീ ഉച്ചരിക്കരുത്..’
ഞാൻ അമർഷത്തോടെ പറഞ്ഞു
‘അവരുടെ മരണം ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്റെ ചേട്ടന്റെ ഞാൻ പറഞ്ഞിട്ട് തന്നെ ആണ്. അവനോടൊപ്പം അവർ സാധാരണ ആ സമയത്തു ഉണ്ടാകാറില്ലായിരുന്നു. പക്ഷെ അന്ന് ഏതോ ഗ്രഹപിഴ. അല്ലാതെ എന്ത് പറയാൻ.. കൊല്ലാൻ കാശ് കൊടുത്തവൻ വണ്ടിയിൽ വേറെ ആളുണ്ട് എന്ന് എന്നോട് ഒന്ന് വിളിച്ചു പോലും പറഞ്ഞില്ല. അവസരം കിട്ടിയപ്പോ അവൻ വണ്ടി കൊണ്ട് ചാർത്തി..’
എന്റെ മുഖം കോപം കൊണ്ട് തുടുത്തിരുന്നു. എന്നിട്ടും എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ കവിളിലേക്ക് പതിച്ചു. അയാൾ പിന്നെയും തുടർന്നു
‘എന്തായാലും ഒരു കാര്യത്തിൽ നിനക്ക് ആശ്വസിക്കാം.. ഒരു കണക്ക് തീർത്തിട്ടാണ് നീ പോകുന്നത്.. ആ വണ്ടി ഓടിച്ച പാണ്ടിയെ ആണ് നീ ഇന്ന് ഇടിച്ചു ജീവച്ഛവം ആക്കിയത്..’
അവന്റെ മുഖം ഞാൻ പെട്ടന്ന് ഓർത്തു. ഇത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ അവനെ അവിടിട്ട് കൊന്നേനെ. ദേഷ്യം കൊണ്ട് എന്റെ കൈകൾ വല്ലാതെ തരിച്ചു. പക്ഷെ അപ്പോളും പുറകിൽ നിന്ന തടിമാടന്മാരുടെ കൈ എന്റെ ചുമലിൽ ഉണ്ടായിരുന്നു.. അപ്പോളാണ് സൈഡിലെ ഡൈനിങ് ടേബിളിൽ ഒരു പാർസൽ ഇരിക്കുന്നത് ഞാൻ കണ്ടത്. അത് ഞാൻ ഇന്ന് കൈമാറിയ പാർസൽ ആണ്.. ഞാൻ അതിലേക്ക് നോക്കുന്നത് ദേവരാജൻ കണ്ടു
‘അതിലിനി പ്രത്യേകിച്ച് ഒന്നുമില്ല നീ അറിയാൻ.. ഞാൻ പറഞ്ഞത് ഒക്കെ തന്നെ ആണ് അതിൽ ഉള്ളത്..’
ദേവരാജൻ പറഞ്ഞു
‘ഇത് നിനക്ക് അയച്ച ഫെർണാണ്ടോ എന്റെ ഒരു പഴയ സുഹൃത്ത് ആയിരുന്നു. പാർട്ട്‌ണെഴ്സ് എന്ന് തന്നെ പറയാം. മയക്ക്മരുന്നിൽ തുടങ്ങുന്ന കാലത്ത് തന്നെ ഞാനുമായി ചേർന്നു കച്ചവടം ചെയ്യുന്ന ആൾ. പക്ഷെ കുറച്ചു കഴിഞ്ഞു എനിക്ക് ഇതെല്ലാം തനിയെ ചെയ്യാൻ പറ്റുമെന്ന സ്‌ഥിതി ആയപ്പോ അയാളെ ഞാൻ ഒഴിവാക്കി. അയാളായി അയാളുടെ ബിസിനസ് എല്ലാം പൊളിച്ചു. പിന്നെ അര വട്ട് ആയി. വീണ്ടും ഒരുമിച്ച് ബിസിനസ് ചെയ്യണം എന്ന് പറഞ്ഞു പലവട്ടം എന്നേ കാണാൻ വന്നു. ഞാൻ ഒഴിവാക്കി വിട്ടു.. ആ ദേഷ്യം എന്നോട് ഉണ്ടായിരുന്നു..’
ദേവരാജൻ തുടർന്നു
‘അങ്ങനെ ആണ് എങ്ങനെയോ നിന്നെ അവൻ കാണുന്നത്. നീ അവന്റെ കൂടെ ഡ്രഗ്സ് കച്ചവടം ചെയ്യുമെന്നൊക്കെ അയാൾ എങ്ങെനയോ കരുതി. മുഴുവട്ട്.. അവനാണ് എക്സൈസിന് എന്നേ ഒറ്റിയത്. അതെല്ലാം നിന്നെ വരുതിയിൽ ആക്കാനായിരുന്നു എന്നാണ് അവൻ പറഞ്ഞത്.. ഇന്ന് ഞാൻ അവനെ തീർക്കുന്നതിന് തൊട്ടു മുമ്പ്..’
ദേവരാജൻ അത് പറഞ്ഞപ്പോ ഒരു വില്ലൻ ചിരി ചിരിച്ചു
‘എന്നേ ഒറ്റിയത് മുതൽ ഞാൻ അവനെ തപ്പുകയാണ്. ഇന്നാണ് ആളെ കയ്യിൽ കിട്ടിയത്. തീർക്കുന്നതിന് തൊട്ടു മുന്നേ ആണ് അവൻ ഭ്രാന്തനെ പോലെ നീ എന്നോട് പകരം ചോദിക്കുമെന്ന് പറഞ്ഞത്. അവനിൽ നിന്ന് തന്നെ ആണ് ഈ കൊറിയറിന്റെ കാര്യം ഞാൻ അറിഞ്ഞത്. അത് നീ അറിയുന്നതിലും പ്രധാനം പോലീസ് അറിയരുത് എന്നതായിരുന്നു. ജോർജ് സാർ ഒക്കെ നമ്മുടെ ചൊല്പടിക്ക് നിക്കുന്ന ആളല്ല. ഇതൊക്കെ അയാൾക്ക് കിട്ടിയാൽ എനിക്ക് പ്രശ്നം ആണ്.. അതാണ് എന്ത് വില കൊടുത്തും അത് തിരിച്ചു കിട്ടാൻ ആ പെണ്ണിനെ ഒക്കെ തട്ടിക്കൊണ്ടു വരേണ്ടി വന്നത്..’
അയാൾ പറഞ്ഞു
‘നീയിത്ര വിഷമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നിന്നെ ഒരു സഹോദരനെ പോലെ കണ്ട എന്റെ അച്ഛനെ നീ ചതിക്കുവായിരുന്നു. അല്ലേടാ തന്തക്ക് പിറക്കാത്തവനേ…’
ഞാൻ അരിശത്തോടെ വിളിച്ചു
‘നിന്റെ അച്ഛനെ ഞാൻ മനഃപൂർവം ചതിച്ചിട്ടില്ല. നിന്റെ ചേട്ടന്റെ കാര്യം പോലും എനിക്ക് വേറെ വഴി ഇല്ലാഞ്ഞിട്ട് ചെയ്തത് ആണ്.. അതേ ഗതി നിനക്ക് ഉണ്ടാകാതെ ഇരിക്കാൻ ആണ് അന്ന് നിന്നെ കൊല്ലാതെ തല്ലാൻ മാത്രം ആളെ വിട്ടത്.. ആകെയുള്ള മകൻ കൂടി മരിച്ചെന്ന ദുഃഖം അവൻ അറിയണ്ട എന്ന് ഞാൻ കരുതിയിരുന്നു.. വേറൊരാൾ ആണ് അന്ന് ആ ഗോഡൗണിലെ പരുപാടി എന്നോട് കാണിച്ചത് എങ്കിൽ അവനെ ഞാൻ ജീവനോടെ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?
ദേവരാജൻ ചോദിച്ചു
