ഞാൻ അങ്ങനെ ഒക്കെ കരുതി.. അവിടെ ചെന്നതിന്റെ മൂന്നാം നാൾ വൈകിട്ട് അവളെന്നെ വിളിച്ചു. എന്റെ ശബ്ദം കേട്ടതും ഇഷാനി കരയാൻ തുടങ്ങി.. ആദ്യം അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്നോർത്താണ് എനിക്ക് ടെൻഷൻ വന്നത്. പക്ഷെ അവൾ എന്നെ മിസ്സ് ചെയ്തത് കൊണ്ടായിരുന്നു കരഞ്ഞത്. അവൾക്ക് അങ്ങനെ ഒന്നുമില്ല എന്ന് കരുതിയത് എന്റെ തെറ്റാണ്… ശിവാനി എപ്പോളും അവളുടെ കൂടെ ഉള്ളത് കൊണ്ട് അവൾക്ക് ശരിക്കും എന്നോട് സംസാരിക്കാൻ കഴിയില്ലായിരുന്നു. ഇന്ന് അവളെ ശ്രുതി നിർബന്ധിച്ചു അവരുടെ വീട്ടിലേക്ക് കിടക്കാൻ കൊണ്ട് പോയത് കൊണ്ട് ഇഷാനിക്ക് ഒരു പ്രൈവസി കിട്ടി. അപ്പോളാണ് അവൾക്ക് നേരെ എന്നോട് സംസാരിക്കാനും പറ്റിയത്. സംസാരം ആയിരുന്നില്ല പകുതിയും കരച്ചിൽ ആയിരുന്നു.. എനിക്കും സങ്കടം നല്ലത് പോലെ വന്നെങ്കിലും ഞാൻ കരഞ്ഞില്ല.
ഇനി തമ്മിൽ കാണാൻ ദിവസങ്ങൾ എടുക്കുമെന്ന് ഞങ്ങൾ സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിച്ചു. ഇടയ്ക്ക് ഇത് പോലെ കിട്ടുന്ന ഫോൺ വിളികൾ ആയിരുന്നു ഏക ആശ്വാസം. കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഞങ്ങൾ ടെക്സ്റ്റ് ചെയ്യൽ ആയിരുന്നു കൂടുതലും.. അവൾ പോയി തനിച്ചു ആയതോടെ വാടക വീട്ടിലെ താമസം ഞാൻ അവസാനിപ്പിച്ചു. ഞാൻ അച്ഛന്റെ ഒപ്പം വീട്ടിലേക്ക് താമസം മാറ്റി. അവിടെ ഞാൻ കയറാതെ കിടന്ന എന്റെ മുറിയിലേക്ക് ഞാൻ മാറി
ദേവരാജന്റെ മരണം അച്ഛനെ തളർത്തിയിരുന്നു. എന്റെ സാമീപ്യം അത് മാറ്റിയെടുത്തു. ഞാനോ മഹാനോ അതിനെ കുറിച്ച് പിന്നീട് അച്ഛനോട് സംസാരിച്ചില്ല. ഓഫിസിൽ പോകുന്നത് ഞാൻ ഒരു പതിവാക്കി. ഇനി മുന്നോട്ടുള്ള ഒരു ദിനചര്യ ആയിരിക്കുമല്ലോ ഇത്. ഓഫിസ് കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തു. ഇതിനിടയിൽ ഇഷാനിയെ ഒന്ന് രണ്ട് വട്ടം കാണാൻ സാധിച്ചു. ശിവാനിയുടെ എന്ട്രന്സ് ന്റെ ഭാഗമായി അവൾ എറണാകുളം വന്നപ്പോൾ ആയിരുന്നു അത്. ശിവാനി കൂടെ ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഒരുപാട് നേരം ചിലവഴിക്കാൻ കഴിഞ്ഞില്ല..
അവധി കഴിഞ്ഞു ലച്ചു ബാംഗ്ലൂർ പോയ കൂട്ടത്തിൽ കൃഷ്ണയും കയറി പോയി. രണ്ട് പേരും അവിടെ പോയി ചില്ല് ചെയ്യാൻ ആണ് പ്ലാൻ എന്നൊക്കെ പോകുന്നതിന് തലേന്ന് എന്നെ കണ്ട് വന്നു പറഞ്ഞിരുന്നു… വീക്കെൻഡിൽ സമയം ഉണ്ടേൽ ഞാനും രാഹുലും ആഷിയും ഒരുമിച്ച് എവിടേലും കൂടും. ഓഫിസിലെ വർക്ക് എല്ലാം തലയിൽ നിന്നൊഴിച്ചു തമാശ ഒക്കെ ആയി ജോളി ആയി ഇരിക്കുന്ന കുറച്ചു സമയം അപ്പോൾ ആയിരുന്നു… ഇതിനിടയിൽ രേണുവിന് ഒരു ആലോചന വന്നു ലോക്ക് ആകുമെന്ന് അവൾ എന്നോട് വന്നു പരാതി പോലെ പറഞ്ഞു. കല്യാണത്തോട് ഇപ്പോളും വിമുഖത കാണിക്കുന്നുണ്ട് എങ്കിലും പ്രായം ഒരു കടമ്പ കടക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഒറ്റപ്പെടൽ അവളെ ബാധിക്കുന്നുണ്ട്.. ഉള്ളിലുള്ള മടി കൊണ്ട് അവൾ ആലോചന യെസ് പറയാത്തത് ആണെന്ന് എനിക്ക് അറിയാമായിരുന്നു.. ശരിക്കും ആലോചിച്ചിട്ട് തീരുമാനം എടുക്കാൻ ഞാൻ അവളോട് പറഞ്ഞു.. അവളാകെ കൺഫ്യൂഷൻ ആയിരുന്നു എങ്കിലും ഒടുവിൽ ഏത് തീരുമാനത്തിൽ എത്തി ചേരുമെന്ന് എനിക്ക് അറിയാമായിരുന്നു.. അങ്ങനെ എല്ലാവരും അവരുടെ ലൈഫിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയായിരുന്നു..
ഇഷാനി ആണേൽ ഇടയ്ക്ക് എന്നോട് പിജിക്ക് അവൾ പാലക്കാട് തന്നെ അടുത്തുള്ള ഏതേലും കോളേജ് നോക്കാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു. അമ്മയും അനിയത്തിയും ഒക്കെ അവിടെ ആയ സ്‌ഥിതിക്ക് അവിടെ നിന്ന് പഠിക്കണോ എന്നൊരു ആലോചന മൊത്തത്തിൽ ഉണ്ടെന്ന് അവളെന്നോട് പറഞ്ഞു. ഞാനത് മൂളിക്കേട്ടതെ ഉള്ളു. അവളുടെ സന്തോഷം ആണ് എനിക്ക് വലുത്. പക്ഷെ അത് നേടുമ്പോ ഞാൻ ഔട്ട് ആയി പോകുന്നത് പോലെയൊക്കെ എനിക്ക് തോന്നി. ചിലപ്പോ അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് വെറുതെ എനിക്ക് ഓരോന്ന് തോന്നുന്നത് ആകാം.. വെറുതെ ഇരിക്കുമ്പോ ആണ് ഇമ്മാതിരി തോന്നലുകൾ എല്ലാം കേറി വരുന്നത്.. അത് കൊണ്ട് കൂടുതൽ സമയവും ഞാൻ ഓഫിസിൽ ഒക്കെ ആയി ബിസി ആകാൻ ശ്രമിച്ചു
