‘ഹലോ..’
ലച്ചു സംസാരിച്ചു
‘ഹലോ..’
ഞാനും തിരിച്ചു ഹലോ പറഞ്ഞു
‘ഹലോ ഇതാരാ…?
ഫോണിൽ കൃഷ്ണയ്ക്ക് പകരം മറ്റാരുടെയോ ശബ്ദം കേട്ട് ലക്ഷ്മി ചോദിച്ചു
‘ഞാൻ ആണ്..’
‘അർജുൻ.. അവൾ എവിടെ..? അവളുടെ കയ്യിൽ കൊടുക്ക്. എനിക്ക് അവളോട് സംസാരിക്കണം…’
ലച്ചു പറഞ്ഞു
‘അവൾ.. അവൾ ഇവിടെ ഇല്ല..’
ഞാൻ പറഞ്ഞു
‘അവൾ എവിടെ പോയി…?
ലച്ചു ചോദിച്ചു
‘അറിയില്ല…’
എനിക്ക് എന്താണ് ലച്ചുവിനോട് പറയേണ്ടത് എന്നറിയില്ലായിരുന്നു
‘നീ കളിക്കാതെ അവളുടെ കയ്യിൽ ഫോൺ കൊടുക്ക്.. നിങ്ങൾ എവിടാ…?
‘ഞാൻ വീട്ടിൽ ആണ്.. അവൾ എവിടോട്ടാ പോയേന്ന് എനിക്കറിയില്ല..’
ഞാൻ പറഞ്ഞു. ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ലച്ചു എന്നെ വിശ്വസിച്ചില്ല. ഒടുവിൽ അവൾ ദേഷ്യപ്പെട്ടു കോൾ കട്ടാക്കുമ്പോളേക്കും എനിക്ക് ഒരു കാര്യം വ്യക്തമായി വന്നു. ഞങ്ങൾ ഇവിടെ ഇല്ലാത്തപ്പോ കൃഷ്ണ ഇവിടെ വന്നിരുന്നു. അതിന് ശേഷം അവൾ എങ്ങോട്ടോ പോയി. ഫോൺ ഉപേക്ഷിച്ചു അവൾ പോകാൻ സാധ്യത ഇല്ല. ഇനി ഒരുപക്ഷെ മഹാൻ പറഞ്ഞത് പോലെ അവളെ ആണ് ആളുകൾ പിടിച്ചു കൊണ്ട് പോയതെങ്കിൽ…? മഹാൻ അത് ഇഷാനി ആണെന്ന് പെട്ടന്ന് കരുതിയത് ആകും.. എന്റെ മനസിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം പതിയെ തെളിഞ്ഞു വന്നു.. കൃഷ്ണ ആണ് കിഡ്നാപ്പ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ അത് ചെയ്തവർക്ക് ആൾ മാറിയത് ആകാം.. എന്ത് തന്നേ ആണെങ്കിലും കൃഷ്ണ അപകടത്തിൽ ആണ്.. – ഞാൻ കാരണം
ഞാനത് ഇഷാനിയെ പറഞ്ഞു മനസിലാക്കുമ്പോൾ ആണ് ജീപ്പിൽ മഹാൻ അവിടേക്ക് വരുന്നത്. അതി പുറകിൽ ഒരു കാറിലായും ഞങ്ങളുടെ ആളുകൾ ഉണ്ടായിരുന്നു. വാർത്ത കേട്ട ഉടനെ ആളുകളെ കൂട്ടി മഹാൻ വന്നതാണ്..
‘മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ…?
വന്ന പാടെ മഹാൻ ഇഷാനിയുടെ അടുത്തേക്ക് ചെന്നു
‘ഇല്ല.. എനിക്ക്… എനിക്ക് കുഴപ്പം ഒന്നുമില്ല..’
ഇഷാനി എന്നെയും മഹാനെയും മാറി മാറി നോക്കി പറഞ്ഞു. കൃഷ്ണയുടെ കാര്യം മഹാനോട് പറയാൻ ആണ് അവളെന്നെ നോക്കിയത്
‘ഇതെന്ത് പറ്റി..? മുഖത്ത് പാട്… നീ മോളെ തല്ലിയോ….?
മഹാൻ എന്നെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു
‘അതെന്റെ കയ്യിലെ കുഴപ്പമാ. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. അവൻ ആകെ പേടിച്ചു പോയി.. എന്റെ മിസ്റ്റേക്ക് ആണ്..’
ഇഷാനി പെട്ടന്ന് എന്നെ സംരക്ഷിച്ചു കൊണ്ട് സംസാരിച്ചു. എന്നാലും മഹാൻ എന്നെ രണ്ട് ചീത്ത പറഞ്ഞു. അതിലെനിക്ക് വിഷമം ഒന്നും തോന്നിയില്ല..
‘മഹാനെ ഒരു പ്രശ്നം ഉണ്ട്.. എനിക്ക് തോന്നുന്നത് ഇവളെ അല്ല അവർ പിടിച്ചോണ്ട് പോയത്.. വേറെ ഒരാളെ ആണ്.. എന്റെ ഫ്രണ്ട് കൃഷ്ണയേ.. അവളുടെ ഫോൺ ഇവിടെ കിടപ്പുണ്ടായിരുന്നു.. എനിക്ക് തോന്നുന്നത് അവൾ അവരുടെ അടുത്ത് ഉണ്ടെന്നാണ്..’
ഞാൻ മഹാനോട് കാര്യം പറഞ്ഞു
‘കൃഷ്ണയോ..? വസുദേവ് മേനോന്റെ മോളോ..? ആ കുട്ടിയോ….?
മഹാന് കൃഷ്ണയെയും വീട്ടിൽ വന്നു പരിചയം ഉണ്ട്
‘അതേ..’
ഞാൻ പറഞ്ഞു
‘ദൈവമേ.. ഇത് വല്ലാത്ത പൊല്ലാപ്പ് ആകുമല്ലോ..’
മഹാൻ തലയിൽ കൈ വച്ചു
‘എന്നെ തട്ടിക്കൊണ്ടു പോയെന്ന് ആരാ പറഞ്ഞത്…?
ഇഷാനി ചോദിച്ചു
‘അതാരെന്ന് പറഞ്ഞില്ല. മോളുടെ പേര് പറഞ്ഞില്ല. നിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കൊണ്ട് പോയി എന്ന് കേട്ടപ്പോ ഞാൻ അത് മോൾ ആണെന്ന് കരുതിയത് ആണ്..’
മഹാൻ പറഞ്ഞു
‘ആ നമ്പറിൽ തിരിച്ചു വിളിച്ചു നോക്കിയാൽ എന്തെങ്കിലും അറിയാൻ പറ്റുമോ..?
ഞാൻ ചോദിച്ചു
‘അതിപ്പോ ഓഫ് ആണ്..’
മഹാൻ പറഞ്ഞു
‘എനിക്ക് മനസിലാകാത്തത് എന്തിനാണ് അവർ അവളെ പിടിച്ചോണ്ട് പോയതെന്നാ.. അവളെ അപകടപ്പെടുത്താൻ ആണേൽ അവർക്ക് ഇവിടെ വച്ചു ആയിക്കൂടെ. ഇങ്ങനെ തട്ടിക്കൊണ്ടു പോകണം എങ്കിൽ…? അതെന്തായിരിക്കും കാരണം…?
എനിക്ക് ഒന്നും അങ്ങോട്ട് വ്യക്തമായില്ല
‘സാധാരണ തട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്…? കാശിനു… ഇതും ചിലപ്പോ കാശിനു വേണ്ടി ആകാം..’
മഹാന്റെ അനുയായി ആയ ജോമോൻ ചേട്ടൻ ആണ് അത് പറഞ്ഞത്.. ഊഹങ്ങളും അനുമാനങ്ങളും ഞങ്ങളുടെ തലകളിൽ കൂടി വേറി പിടിച്ചു പായുമ്പോ ആണ് എന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നൊരു കോൾ വരുന്നത്.. ഞാൻ ആ കോൾ എടുത്തു…
