രാഹുലിനോട് മാത്രം ആക്‌സിഡന്റ് ഉണ്ടായി എന്ന് പറയണം എന്നാണ് ഞാൻ അവളോട് പറഞ്ഞത്. എന്റെ കൈ ഡ്രസ്സ് ചെയ്തോണ്ട് ഇരുന്നപ്പോൾ അവളാണ് അവനെ വിളിച്ചു അത് പറഞ്ഞത്.. രാഹുലും ആഷിക്കും മാത്രമേ ഈ കാര്യം അറിഞ്ഞിട്ടുള്ളു.. അങ്ങനെ ആണ് ഞാൻ കരുതിയത്
പക്ഷെ ക്ലാസ് തീരുന്നതിനു മുമ്പ് എവിടെ പോകുന്നു എന്ന് ഫാത്തിമ ചോദിച്ചപ്പോ ആഷിക്കിന് അർജുന്റെ കാര്യം പറയേണ്ടി വന്നു.. ആഷിക്ക് പോയി കഴിഞ്ഞു ഇഷാനി കേൾക്കത്തക്ക വണ്ണം ഫാത്തിമ അർജുന്റെ ആക്‌സിഡന്റ് കാര്യം അഞ്ജനയോടും തസ്‌നിയോടും പറഞ്ഞു..
പിന്നിൽ ഇരുന്ന ഇഷാനി ആദ്യം അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. പിന്നെ ആണ് അർജുനെ കുറിച്ച് എന്തോ ആണെന്ന് അവൾക്ക് തോന്നിയത്.. പിന്നെയും ശ്രദ്ധിച്ചപ്പോൾ എന്തോ ആക്‌സിഡന്റ് ഉണ്ടായി എന്നൊക്കെ കേൾക്കാൻ കഴിഞ്ഞു.. ഈശ്വരാ… ഇവർ ഈ പറയുന്നത് പോലെ ഒന്നും ഉണ്ടായി കാണരുതേ.. ഇഷാനി മനസ്സിൽ പ്രാർഥിച്ചു.. കാര്യം അറിയാതെ ഇഷാനിക്ക് ഇനി ഇരിക്കപ്പൊറുതി കിട്ടില്ല.. അർജുനും താനും തമ്മിൽ ഇപ്പോ മിണ്ടാട്ടം ഇല്ല എന്ന് എല്ലാവർക്കും അറിയാം. അത് കൊണ്ട് തന്നെ എങ്ങനെ ആണ് ഇവരോട് ഒന്ന് ചോദിക്കുക അവനെ പറ്റി. രാഹുലും ആഷിക്കും ആണേൽ ഇവിടെ ഇല്ല. അവര് അവനെ കാണാൻ പോയതാണോ..? അവരെ വിളിച്ചാലോ എന്ന് ആദ്യം ഇഷാനി ചിന്തിച്ചു.. അപ്പോളാണ് ക്ലാസ്സിലേക്ക് മിസ്സ് കയറി വന്നത്.. ഇനി അവരെ വിളിക്കണം എങ്കിൽ ക്ലാസ്സ് കഴിയണം.. ഇനിയും ഒരു മണിക്കൂർ പിടിച്ചു ഇരിക്കാൻ പറ്റില്ല.. ഇവരോട് ചോദിക്കുക തന്നെ..
ഇഷാനി മെല്ലെ ഒരു ബഞ്ചു മുന്നോട്ടു കയറി ഇരുന്നു. എല്ലാവരിൽ നിന്നും രണ്ട് ബെഞ്ച് പിന്നിലായാണ് അവൾ സാധാരണ ഇരിക്കാറുള്ളത്. ഫാത്തിമയുടെ പിന്നിൽ എത്തി അവളെ തോണ്ടി വിളിച്ചു ഇഷാനി മെല്ലെ ചോദിച്ചു..
‘അർജുന് എന്താ…? എന്താ പറ്റിയെ…?
‘ഒന്നുമില്ല.. ചെറിയൊരു ആക്‌സിഡന്റ്.. വണ്ടി സ്‌കിഡ് ആയതാ.. കൃഷ്ണയും ഉണ്ടായിരുന്നു.. അവൾക്കൊന്നും പറ്റിയില്ല ഭാഗ്യത്തിന്…’
ഫാത്തിമ പതിയെ പറഞ്ഞു
‘അവന് എന്തേലും കുഴപ്പമുണ്ടോ…?
ഇഷാനി പിന്നെയും ആശങ്കയോടെ ചോദിച്ചു
‘കുഴപ്പം ഒന്നും ഇല്ലെന്നാ ആഷി പറഞ്ഞെ.. പിന്നെ എന്തിനാണോ രണ്ടും ഓടി പിടച്ചു പോയത്…’
ഇഷാനിയെ ഒന്ന് ഇളക്കാൻ തന്നെ ആണ് ഫാത്തിമ അങ്ങനെ പറഞ്ഞത്..
‘എവിടാ..? എത് ഹോസ്പിറ്റലിൽ ആ..?
ഇഷാനി പിന്നെയും ചോദിച്ചു..
അതിന് ഫാത്തിമ മറുപടി കൊടുത്തില്ല. മിസ്സ് പൊയി കഴിഞ്ഞു സംസാരിക്കാം എന്ന് അവൾ ആംഗ്യം കാണിച്ചു. പക്ഷെ ഇഷാനിക്ക് അത്രയും നേരം ഒന്നും സഹിച്ചിരിക്കാൻ പറ്റില്ല
‘പറ.. എവിടാ..? ഏത് ഹോസ്പിറ്റലിൽ ആണ്..?
ഇഷാനി അവളുടെ ഉടുപ്പിൽ പിടിച്ചു വലിച്ചു ചോദിച്ചു
‘അറിയില്ലെടി.. ക്ലാസ്സ് കഴിഞ്ഞു ഞാൻ അവനെ വിളിച്ചു ചോദിക്കാം.. എന്നോട് ഇപ്പോൾ ഇത്രയുമെ പറഞ്ഞുള്ളു…’
ഫാത്തിമ പറഞ്ഞു
ഇഷാനി പിന്നെ അവളോട് ഒന്നും ചോദിച്ചില്ല. അവൾ കണ്ണടച്ചു ഇരുന്നു.. അവനൊന്നും പറ്റി കാണല്ലേ എന്ന് ദൈവത്തോട് പ്രാർഥിച്ചു.. ഒന്നും പറ്റി കാണല്ലേ എന്ന് വച്ചാൽ ഒരു പോറൽ പോലും ഏൽക്കരുതേ എന്ന്.. പ്രാർഥിച്ചപ്പോൾ അവൾക്കൊരു ആശ്വാസം കിട്ടി.. അവനൊന്നും പറ്റി കാണില്ല എന്ന് അവൾക്ക് തോന്നി.. പക്ഷെ അതവൾക്ക് നേരിട്ട് അറിയണം.. ക്ലാസ്സ് കഴിയുന്ന വരെ ഒന്നും ക്ഷമിച്ചിരിക്കാൻ അവൾക്ക് കഴിയില്ല… ഇഷാനി പെട്ടന്ന് എഴുന്നേറ്റ് ബാഗും ചേർത്ത് പിടിച്ചു മിസ്സിന് മുന്നിലൂടെ ക്ലാസ്സിന് പുറത്തേക്ക് പോയി…
ആ വെപ്രാളത്തിൽ മിസ്സിനോട് അനുവാദം ചോദിക്കാൻ പോലും അവൾ മറന്നു. ദിവ്യ മിസ്സും പിള്ളേരും ഇവൾ എന്താ ഈ കാണിച്ചത് എന്നറിയാതെ കണ്ണ് മിഴിച്ചു നിന്നു.. ക്ലാസ്സിലെ ലോക ഉഴപ്പൻ ആയ ശരത് പോലും ടീച്ചർമാർ കാൺകെ ക്ലാസിൽ നിന്ന് ഇറങ്ങി പോയിട്ടില്ല..
‘അവൾക്ക് എന്ത് പറ്റി…?
മിസ്സ് കാര്യം അറിയാൻ പിന്നിൽ ഇരുന്ന ഫാത്തിമയോട് കാര്യം തിരക്കി
