വീട്ടിൽ വരട്ടെ എന്ന് അവൾ ഒരു തവണ കൂടി എന്നോട് ചോദിച്ചിരുന്നു. എന്നേ തനിയെ അവിടെ നിർത്താൻ അവൾക്ക് നല്ല പേടി ഉണ്ട്. എനിക്ക് പക്ഷെ തിരിച്ചു ആയിരുന്നു പേടി. തനിച്ചു അവിടെ നിക്കാൻ എനിക്ക് ഒരു പേടിയും ഇല്ല. പക്ഷെ അവളായി ഇവിടെ നിൽക്കാൻ ഇപ്പൊ ഒരു പേടി ഉണ്ട്. ഒരുപക്ഷെ എനിക്ക് എതിരെ എന്തെങ്കിലും ഒക്കെ ഉണ്ടായാൽ അവളെ അത് ബാധിക്കരുതല്ലോ.. എന്നേ തല്ലാൻ ആളെ വിട്ട റോളക്സ് ന്റെ പിന്നാലെ ഉള്ള ഞങ്ങളുടെ ഓട്ടം എവിടെയും എത്തിയുമില്ല…
എന്നേ തനിച്ചു നിർത്താൻ പേടി ഉള്ളത് കൊണ്ട് ആവണം കടയിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് അവളെന്നോട് ഫോണിൽ സംസാരിക്കാൻ തുടങ്ങി. രാത്രി മുഴുവൻ ഞങ്ങൾ ഫോണിൽ സംസാരിച്ചു ഇരുന്നു.. രാത്രി മാത്രം അല്ല പുലർച്ചെ വരെ വിളിച്ചിരുന്നു എന്ന് പറയുന്നത് ആകും സത്യം. അടി ഉണ്ടാക്കി പോയപ്പോൾ തൊട്ട് അവൾക്ക് ഉണ്ടായ വിഷമങ്ങൾ എല്ലാം അവൾ എന്നോട് പറഞ്ഞു. ഇടയ്ക്ക് രണ്ട് മൂന്ന് വട്ടം കരയുകയും ചെയ്തു.. എനിക്ക് ഏറ്റവും അത്ഭുതം ആയത് ഞാൻ അവളോട് പൊറുക്കാൻ ആവാത്ത ഒരു തെറ്റാണ് ചെയ്‍തത്. എന്നിട്ടും അവൾക്ക് എന്നോട് ഒരു വെറുപ്പും തോന്നിയിരുന്നില്ല എന്നതാണ്. ഇത്രമാത്രം ഒക്കെ സ്നേഹിക്കാൻ ഞാൻ അവളോട് എന്താണ് അത്ര ചെയ്തിട്ടുള്ളത് എന്ന് ഞാൻ ആലോചിച്ചു..
ഏറെ വൈകി കിടന്നത് കൊണ്ട് ഞാൻ എഴുന്നേൽക്കാൻ കുറച്ചു ഒന്ന് വൈകി. അവളുടെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്.. ഞാൻ ഫോൺ ചെവിയിൽ വച്ചു ഉറക്കത്തിൽ തന്നെ ഹലോ പറഞ്ഞു.. നല്ല ഉറക്കക്ഷീണം ഉണ്ടേ…
‘നീ എവിടാ.. ഞാൻ ഇറങ്ങി..’
എല്ലാവർക്കും സർപ്രൈസ് കൊടുക്കാൻ രാവിലെ ഒരുമിച്ച് കോളേജിൽ പോകാമെന്നു അവൾ പറഞ്ഞിരുന്നു..
‘ഞാൻ.. ഞാൻ ദേ വരുന്നു.. ഒരു അര മണിക്കൂർ…’
ഞാൻ പെട്ടന്ന് ബെഡിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞു
‘നീ എണീറ്റില്ല അല്ലേ..? ഞാൻ പത്തു മിനിറ്റ് വെയിറ്റ് ചെയ്യും.. വന്നില്ലേൽ നിനക്ക് കൊളാ…’
അവൾ എന്നേ പേടിപ്പിക്കാൻ ശ്രമിച്ചു..
പേടി ഒന്നും അല്ലേലും വെറുതെ മുഷിയണ്ട എന്ന് കരുതി ഞാൻ പെട്ടന്ന് റെഡി ആയി. ഇറങ്ങിയപ്പോൾ അവളെ ഒന്ന് വിളിച്ചെങ്കിലും അവൾ കോൾ എടുത്തില്ല. ദേഷ്യത്തിൽ ആയിരിക്കും താമസിച്ചതിന്.. ഞാൻ ബൈക്ക് എടുത്തു അവളുടെ വീടിന് അടുത്തുള്ള സ്റ്റോപ്പിന് അടുത്ത് ചെന്നപ്പോ അവിടെയും അവളെ കണ്ടില്ല. രണ്ട് തവണ കൂടി വിളിച്ചപ്പോൾ ആണ് പുള്ളിക്കാരി ഫോൺ എടുത്തത്
‘മ്മ്.. എന്താ..?
വലിയ ദേഷ്യത്തിൽ ആണെന്ന് കാണിക്കാൻ അവൾ ചോദിച്ചു
‘നീ എവിടാ.. ഞാൻ ദേ നിന്റെ അടുത്തുള്ള സ്റ്റോപ്പിൽ ഉണ്ട്..’
ഞാൻ പറഞ്ഞു
‘അവിടെ തന്നെ നിന്നൊ.. ഞാൻ ബസിൽ കയറി പോന്നു..’
അവൾ പറഞ്ഞു
‘നീ എന്ത് പരുപാടി ആണ് കാണിച്ചെ..? നീ അല്ലേ പറഞ്ഞത് ഒരുമിച്ച് പോകാം എന്ന്..’
‘എപ്പോ വരാനാ നിന്നോട് പറഞ്ഞത്.. ഞാൻ പിന്നെയും പത്തു മിനിറ്റ് കൂടി നോക്കി..’
‘നീ ഇപ്പൊ എവിടാ. ഞാൻ അങ്ങോട്ട് വരാം..’
ഞാൻ പറഞ്ഞു
‘ഞാൻ കോളേജിൽ എത്താറായി. ബൈ..’
ദേഷ്യത്തിൽ അവൾ ഫോൺ കട്ട് ചെയ്തു. ശെടാ ഫസ്റ്റ് ദിവസം തന്നെ അടിയാണോ.. ഹേയ് ഇതവൾ ചുമ്മാ ദേഷ്യം കാണിക്കുന്നതാണ്.. ഞാൻ നേരെ കോളേജിലേക്ക് പിടിച്ചു. കോളേജിൽ ചെന്നിട്ടു വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. അവൾ ക്ലാസ്സിൽ ഉണ്ടാകും എന്ന് എനിക്ക് തോന്നി. ഞാൻ ക്ലാസ്സിലേക്ക് ചെന്നു.. ക്ലാസ്സിലേക്ക് കേറുന്നതിന് മുമ്പാണ് വരാന്തയിൽ കൃഷ്ണ നിൽക്കുന്നത് കണ്ടത്. എന്നേ കണ്ടതും ചിരിച്ചു കൊണ്ട് അവൾ അടുത്തേക്ക് വന്നു..
‘ഇന്നലെ എങ്ങോട്ട് മുങ്ങി.. കണ്ടില്ലല്ലോ പിന്നെ..’
അവൾ ചോദിച്ചു. കോളേജ് ഡേ ആയിട്ട് വൈകിട്ട് വരെ അടിച്ചു പൊളിക്കണം എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു അവളോട്. പക്ഷെ ഞാൻ ഇടയ്ക്ക് വച്ചു ഇഷാനി ആയി മുങ്ങിയിരുന്നല്ലോ..
‘ഞാൻ ഉണ്ടായിരുന്നു ഇവിടെ.. നിന്നെ പിന്നെ കണ്ടില്ല..’
‘ഞാൻ നിന്നെ വിളിച്ചിരുന്നു..’
അവൾ പറഞ്ഞു
‘ഞാൻ അപ്പോൾ ശ്രദ്ധിച്ചില്ല.. പിന്നെ കുറെ കഴിഞ്ഞാണ് കണ്ടത്…’
ഞാൻ പറഞ്ഞു
