ഞാൻ പിന്തിരിഞ്ഞു നോക്കുമ്പോ സ്വിച്ച് നടുത്തു ഒരാൾ എന്നേ തന്നെ നോക്കി നിൽക്കുന്നുണ്ട്. മുഖം മൂടി കള്ളനെ പോലെ വന്നിട്ടും അയാളുടെ മുഖത്ത് പരിഭ്രമം ഒന്നുമില്ല. ചുറ്റും നോക്കിയപ്പോ അയാൾ ഒറ്റയ്ക്കല്ല എന്ന് എനിക്ക് മനസിലായി. എനിക്ക് ചുറ്റുമായി അഞ്ചാറ് ആളുകൾ ഉണ്ട്.. എന്നേ കാത്തിരുന്നത് പോലെ ഉണ്ട് അവരുടെ നിൽപ്പ്. ഞാൻ ഇവിടെ അതിക്രമിച്ചു കടക്കുകയായിരുന്നില്ല സത്യത്തിൽ.. എന്നേ ക്ഷണിച്ചു വരുത്തിയത് ആണ്…
അവർ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അങ്ങോട്ട് ആക്രമിക്കുന്നത് ആണോ ബുദ്ധി എന്ന് ഞാൻ ചിന്തിച്ചു. പെട്ടന്ന് പിന്നിലൂടെ ആരോ വരുന്ന അനക്കം ഞാൻ കേട്ടു. ദേവരാജൻ ആണ്.. പാതി ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വരുന്നു. ഈ ചെറ്റയാണ് എന്റെ കുടുംബം തകർത്തത് എന്ന് ഓർത്തപ്പോ എനിക്ക് അരിശം ഇരച്ചു കയറി. പക്ഷെ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ തന്നെ എന്റെ തോളിൽ പിടി വീണു. കുതറി മാറാൻ കഴിയുന്നതിനു മുന്നേ തന്നെ അവർ എന്നേ ബലമായി പിടിച്ചു കസേരയിൽ ഇരുത്തി. എന്റെ അരയിൽ ഇരുന്ന കത്തി അതിൽ ഒരുവൻ കണ്ട് പിടിച്ചു എടുത്തു മാറ്റി. എന്റെ കൈ കസേരക്ക് പിന്നിൽ ബലമായി കൂട്ടിപ്പിടിച്ചു. ഞാൻ ഇപ്പൊ ഒരു ബന്ധി ആണ്..
‘മോനീ രാത്രിയിൽ തന്നെ വരുമെന്ന് ഞാൻ ഓർത്തില്ല..’
ദേവരാജൻ കണ്ണട വച്ചു കൊണ്ട് എന്റെ ഓപ്പോസിറ്റ് കുറച്ചു അകലെയായി ഒരു കസേര വലിച്ചിട്ട് ഇരുന്നു.. ഇന്ന് കണ്ട താടിക്കാരൻ അയാൾക്ക് പിന്നിൽ നിലയുറപ്പിച്ചു
‘ഞാൻ ഒന്നും അറിയില്ലെന്നാണോ നീ കരുതിയത്..’
ആദ്യമായി അയാളുടെ മുഖത്ത് നോക്കി ബഹുമാനം കൂടാതെ ഞാൻ സംസാരിച്ചു
‘ഇല്ല.. നീ എങ്ങനെ എങ്കിലും ഇത് കണ്ട് പിടിച്ചു എന്റെ അടുക്കൽ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. നിന്റെ ജനുസ്സ് അതാണ്. പക്ഷെ ഈ രാത്രി തന്നെ വന്ന നിന്റെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു..’
അയാൾ പറഞ്ഞു
‘എന്തിനായിരുന്നു ഇതെല്ലാം.. എന്തിനാണ് അനിയെ താൻ….?
എനിക്ക് ആ ചോദ്യം മുഴുവിപ്പിക്കാൻ തോന്നിയില്ല
‘നിനക്ക് ഊഹിക്കാമല്ലോ അത്.. നമ്മുടെ കമ്പനിയുടെ മറവിൽ എനിക്കൊരുപാട് കച്ചവടങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് നിന്റെ ചേട്ടൻ കണ്ട് പിടിച്ചു. അവൻ നിന്നെക്കാൾ മിടുക്കൻ ആയിരുന്നു. ആദ്യമേ തന്നെ ഞാനാണ് ഇതിനെല്ലാം പിന്നിലെന്ന് അവന് മനസിലായി.. എന്നേ പറഞ്ഞു മാറ്റാൻ അവൻ നോക്കി. അത് സാധ്യമല്ല എന്ന് തോന്നിയപ്പോ ഭീഷണിപ്പെടുത്തി എല്ലാം നിർത്തിക്കാൻ നോക്കി. ഒടുവിൽ അവൻ ഞാനായിട്ട് ഉണ്ടാക്കിയത് എല്ലാം നശിപ്പിക്കും എന്ന് തോന്നിയപ്പോ എനിക്ക് വേറെ വഴി ഇല്ലായിരുന്നു..’
അയാൾ നിർവികാരൻ ആയി പറഞ്ഞു
‘കാശിനു വേണ്ടി… താൻ എന്തും ചെയ്യുന്ന ഒരു ചെറ്റ ആയിരുന്നല്ലേ..? എന്റെ അച്ഛന് നിന്നെ എന്ത് വിശ്വാസം ആണെന്ന് നിനക്ക് അറിയാമോ…?
‘കാശിനു വേണ്ടിയല്ല ഇതൊന്നും.. അത് നിനക്ക് മനസിലാകില്ല. ഒരു കാലത്ത് ഞാനും നിന്റെ അച്ഛനും ഇവിടെ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. എല്ലാം ഞങ്ങളുടെ കാൽക്കീഴിൽ ആയിരുന്നു. നിന്റെ അമ്മ വന്നതിന് ശേഷം അവൻ ഒതുങ്ങാൻ തുടങ്ങി. നീ ഒക്കെ ജനിച്ചതിന് ശേഷം അവൻ ഏറെക്കുറെ എല്ലാം നിർത്തി. ബിസിനസും പണവും എല്ലാം അപ്പോളും ഞങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷെ പഴയ പവർ… അത് ഞങ്ങൾക്ക് ഇല്ലാതെ ആയി.. അപ്പോളാണ് രഘു അറിയാതെ ഞാൻ ഇതടക്കം പല ബിസിനസും തുടങ്ങുന്നത്.. വീണ്ടും അധികാരവും പവറും ഇത് വഴി എനിക്ക് കിട്ടി..’
അയാൾ ഒന്നു ചുമച്ചിട്ട് പിന്നെയും തുടർന്നു
‘ചില മനുഷ്യർ പ്രായം ആകുമ്പോൾ ഒതുങ്ങും.. നിന്റെ അച്ഛനെ പോലെ ഉള്ളവർ. ചിലർ പക്ഷെ പ്രായം ആകുമ്പോൾ ആയിരിക്കും മുരടാകുന്നത്.. ഞാൻ അങ്ങനെയാ. കാശിന് വേണ്ടി ഞാൻ എന്തും ചെയ്യില്ല. ഇപ്പൊ തന്നെ ഞാൻ ഒരുപാട് സമ്പാദിച്ചു. ഭാര്യയോ മക്കളോ ഇല്ലാത്ത എനിക്ക് കാശ് നഷ്ടം ആകുന്നത് ഒരു നഷ്ടം അല്ല.. പക്ഷെ അധികാരം.. ഞാൻ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം.. അത് തകരാതെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും…’
ഒരു പിശാചിനെ പോലെ അയാൾ പറഞ്ഞു
