എന്ത് കൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത്.. നെഞ്ചോട് ചേർത്ത് പിടിക്കുന്നവർ എല്ലാം എന്നെ തനിച്ചാക്കി പോകുന്നത്.. ഇപ്പോൾ എന്റെ ഇഷാനിയും…. എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പക്ഷെ.. പക്ഷെ അത് സംഭവിച്ചിരിക്കുന്നു.. എന്റെ ഉള്ളിൽ ഭ്രാന്തിന്റെ ഒരു തിരമാല വന്നടിക്കുന്ന പോലെ എനിക്ക് തോന്നി. സങ്കടവും ദേഷ്യവും കുറ്റബോധവുമെല്ലാം എന്നെ വരിഞ്ഞു മുറുക്കി.. മുന്നിലെ ഭിത്തിയിൽ ഞാൻ ആഞ്ഞാഞ്ഞിടിച്ചു.. എന്റെ ദേഷ്യം മുഴുവൻ ആ ഭിത്തിയോട് ഞാൻ തീർത്തു.. ഇടിച്ചു ഇടിച്ചു എന്റെ കയ്യും വേദനിക്കാൻ തുടങ്ങി.. നന്നായി.. ശരീരം കൂടെ അറിയട്ടെ വേദന.. ഞാൻ പിന്നെയും ഭിത്തിയിൽ ഇടിച്ചു. എന്റെ കൈ മുറിഞ്ഞു ചോര ചെറുതായ് പൊടിയാൻ തുടങ്ങി… സഹിക്കാൻ കഴിയാതെ ഞാൻ കണ്ണടച്ചു മേലേക്ക് നോക്കി അലറി….
ഇരുന്നു മരിച്ചവനെ പോലെ ഞാൻ സോഫയിലേക്ക് ഇരുന്നു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. ഞങ്ങൾ ജീവിതം ഒന്ന് ആസ്വദിച്ചു വന്നപ്പോളേക്കും അവളെ എന്തിനാ ഇങ്ങനെ എന്നിൽ നിന്നും പറിച്ചു മാറ്റിയത്. ദൈവങ്ങൾ എത്ര ക്രൂരർ ആണെന്ന് ഞാൻ ഓർത്തു. സോഫയിൽ അങ്ങനെ മരിച്ചവനെ പോലെ ഇരിക്കവേ വീടിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു.. അതാരാണെന്നു നോക്കാനോ ശ്രദ്ധിക്കാനോ ഞാൻ മുതിർന്നില്ല.. ഇടിച്ചു പെയിന്റ് പോയ ഭിത്തിയിലേക്ക് വെറുതെ കണ്ണും നട്ട് ഞാൻ ഇരുന്നു..
പാതി ചത്ത എന്റെ മുന്നിലൂടെ രണ്ട് കയ്യിലും കവറും തൂക്കി ഒന്നും സംഭവിക്കാത്തത് പോലെ ഇഷാനി കടന്നു പോയി.. ആദ്യം ഞാൻ അത് എന്റെ മനസിന്റെ കുസൃതി ആണെന്നാണ് കരുതിയത്. പക്ഷെ ശരിക്കും അവൾ തന്നെ ആണ്.. ഞാൻ കയ്യിൽ നുള്ളി സ്വപനമല്ല ഇതെന്ന് തീർച്ചപ്പെടുത്തി. അവൾ തന്നെ.. എന്റെ ഇഷാനി തന്നെ.. പോയത് പോലെ തന്നെ അവൾ തിരിച്ചു വന്നു. ഒരു മഞ്ഞ ചുരിദാറും വെള്ള ഷോളുമിട്ട് ഇവിടെ നിന്നും പോയവൾ അതെ പോലെ തന്നെ തിരിച്ചു വന്നിരിക്കുന്നു.. ഒരു മാറ്റവും ഇല്ല. മുഖത്തെ ആ പരിഭവം പോലും മാറിയിട്ടില്ല. അവൾക്കൊന്നും സംഭവിച്ചിട്ടില്ല…
ആദ്യം ആഹ്ലാദമാണ് ഉള്ളിൽ തിരതള്ളിയത്. പിന്നെ അത് ദേഷ്യമായി.. ഇത്രയും നേരം വിളിച്ചിട്ട് അവളെന്താ എടുക്കാഞ്ഞത്.. ഇപ്പോളും ഞാൻ ഇവിടെ തകർന്ന് ഇരുന്നിട്ട് എന്നെ മൈൻഡ് പോലും ആക്കാതെ ആണ് അവൾ അകത്തേക്ക് കയറി പോയത്..
‘നീ.. നീ എവിടെ പോയതാ…?
ഞാൻ അവളോട് ചോദിച്ചു. അവൾ എന്നെ നോക്കുക പോലും ചെയ്തില്ല.. ഞാൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു
‘അതെന്തിനാ നീ അറിയുന്നത്…?
ഇഷാനി അപ്പോളും മുമ്പത്തെ പിണക്കത്തിൽ നിന്നും തിരിച്ചു വന്നിട്ടില്ല
‘നീയെന്താ ഫോൺ എടുക്കാഞ്ഞത്…? ഞാൻ എത്ര തവണ വിളിച്ചു…?
ഞാൻ ചോദിച്ചു
‘എനിക്ക് എടുക്കാൻ തോന്നിയില്ല.. അത് കൊണ്ട് എടുത്തില്ല..’
എന്നെ നോക്കി നീരസത്തിൽ ഇഷാനി പറഞ്ഞു
‘നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടില്ലേ ഫോൺ വിളിച്ചാൽ എടുക്കണം എടുക്കണം എന്ന്.. നീയെന്താ ഇങ്ങനെ തുടങ്ങുന്നേ…?
ഞാൻ ശബ്ദം ഉയർത്തി
‘ ഞാൻ ഇങ്ങനാ…’
ഇഷാനി അതിനേക്കാൾ ഉച്ചത്തിൽ പറഞ്ഞു
‘ എങ്ങനെ…? നീ എന്താ ഇങ്ങനെ തുടങ്ങുന്നേ…?
‘നീ കാണിക്കുന്നത് പിന്നെ നല്ലതാണോ..? ഞാനും തിരിച്ചു അങ്ങനെ തന്നെ കാണിക്കും.. അല്ലാതെ എന്നെ ഭരിക്കാൻ ഒന്നും വരണ്ട നീ…’
ഇഷാനി അപ്പോളും ശിവാനി ആയുള്ള പ്രശ്നത്തിൽ തന്നെ നിൽക്കുകയാണ്. അർജുൻ എന്താണ് പറയുന്നത് എന്ന് അവൾ മനസിലാക്കിയില്ല..
‘നീ എന്ത് വേണേൽ കാണിച്ചോ.. ഞാൻ നിന്നെ ഭരിക്കാൻ ഒന്നും വരുന്നില്ല.. പക്ഷെ നീ ഫോൺ വിളിച്ചാൽ എടുക്കണം.. അത് മാത്രേ ഞാൻ പറഞ്ഞുള്ളു.. ഞാൻ ഒരു പത്തു മുപ്പത് തവണ വിളിച്ചിട്ടും നീയെന്താ ഒരു തവണ പോലും ഫോൺ എടുക്കാഞ്ഞത്…?
ഞാൻ അമർഷത്തോടെ ചോദിച്ചു
‘എനിക്ക് സൗകര്യം ഇല്ലായിരുന്നു…’
വളരെ ഉദാസീനമായി ഇഷാനി പറഞ്ഞു..
ഒന്നാമത് ലെവൽ തെറ്റി നിൽക്കുന്ന എന്റെ അടുത്താണ് അവൾ അങ്ങനെ പറഞ്ഞത്. എന്റെ കയ്യിൽ നിന്നും പോയി. എന്റെ കൈ ഉയർന്നു. പെട്ടന്നുള്ള ദേഷ്യം ആയത് കൊണ്ട് കയ്യുടെ ബലം നിയന്ത്രിക്കാൻ ഒന്നും എനിക്ക് പറ്റിയില്ല. വീശി ഒരടി അവളുടെ കവിളിൽ പതിച്ചു. അടിയുടെ ആഘാതത്തിൽ ഇഷാനി കവിൾ പൊത്തി നിലത്തേക്ക് ഇരുന്നു.
