‘ഈ കാര്യത്തിൽ ഞാൻ ശരിയായ കാര്യമാണ് ചെയ്യുന്നത്. നിങ്ങളുടെ ഇടയിൽ നിന്നും മാറി തരുന്നു. എനിക്ക് വിഷമം ഒക്കെയുണ്ട്. പക്ഷെ ഞാൻ അതൊക്കെ അഡ്ജസ്റ്റ് ആയിക്കോളും.. ഇനി ചെയ്യേണ്ടത് നിങ്ങൾ രണ്ട് പേരുമാണ്.. നിങ്ങൾ സംസാരിച്ചു എല്ലാം ക്ലിയർ ആക്കണം…’
കൃഷ്ണ എന്നേ നിർബന്ധിക്കാൻ തുടങ്ങി
‘എനിക്ക് അതിനുള്ള അർഹത ഇല്ലെടി.. അവൾ കുറെ കൂടി ബെറ്റർ ഡിസർവ് ചെയ്യുന്നുണ്ട്. ഇപ്പോൾ അവൾ കാണിക്കുന്ന അടുപ്പം പോലും ഞാൻ അർഹിക്കുന്നതല്ല.. അവൾ കാണിക്കുന്നത് ഒക്കെ പ്രേമം ആയി കരുതി പിന്നെയും അവളോട് ചെന്നു സംസാരിക്കാൻ എനിക്ക് കഴിയില്ല..’
‘നീ ഇപ്പോളും അവളെ ശരിക്കും മനസിലാക്കിയിട്ടില്ല.. ബാക്കി എല്ലാവർക്കും അറിയാം. നിങ്ങളുടെ പ്രശ്നം ഇത് തന്നെ ആണ്.. രണ്ട് പേരും സംസാരിക്കേണ്ട സമയത്തു സംസാരിക്കാതെ എല്ലാം കുളമാക്കും.. അവൾക്ക് നിന്നോട് ഇഷ്ടം പോയേൽ പിന്നെ എന്തിനാ അവൾ നീ കൊടുത്ത ചെയിൻ ഇപ്പോളും കയ്യിൽ ഇട്ടോണ്ട് നടക്കുന്നത്….?
കൃഷ്ണ എന്നോട് ചോദിച്ചു
‘ചെയിനോ..? അതവളുടെ കയ്യിൽ എപ്പോ കണ്ടു…?
ഇഷാനിയുടെ കയ്യിൽ ആ ചെയിൻ ഇല്ലാതെ ആയിട്ട് കുറെ ആയിരുന്നു.. ഞങ്ങൾ പിരിഞ്ഞു കഴിഞ്ഞു അത് ഞാൻ അവളുടെ കയ്യിൽ കണ്ടിട്ടില്ല.. കൊലുസ് തിരിച്ചു തന്നപ്പോ അത് തിരിച്ചു തരാഞ്ഞതിനെ കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. ഒരുപക്ഷെ അവളത് വലിച്ചെറിഞ്ഞു കളഞ്ഞു ദേഷ്യം തീർത്തിരിക്കും എന്ന് ഞാൻ കരുതി
‘ഇപ്പോൾ അവളുടെ കയ്യിൽ അതുണ്ട്.. നിനക്ക് സംശയം ഉണ്ടേൽ പോയി നോക്കാം..’
കൃഷ്ണ അത് പറഞ്ഞതും എന്റെ നെഞ്ച് പട പടാ മിടിച്ചു.. ഇഷാനി അപ്പോൾ ലൈബ്രറിയിൽ ആണെന്ന് തോന്നുന്നു.. എന്റെ ഊഹം തെറ്റിയില്ല.. അവിടെ ആളൊഴിഞ്ഞ ഒരു മൂലയിൽ ബുക്ക് തിരഞ്ഞു നടക്കുകയായിരുന്നു അവൾ..
‘എന്താ ഈ വഴി..? കുറെ ആയല്ലോ ഇതിലെ ഒക്കെ വന്നിട്ട്…?
ലൈബ്രറി എന്നേ കണ്ടപ്പോ അവൾ കളിയാക്കി ചോദിച്ചു
‘ചുമ്മാ.. വെറുതെ….’
ഞാൻ നോക്കിയത് അവളുടെ കയ്യിലേക്ക് ആയിരുന്നു.. ഹൂഡി ആയത് കൊണ്ട് കൈയിൽ ചെയിൻ ഉണ്ടോന്ന് പറയാൻ പറ്റുന്നില്ല..
‘ രാവിലെ ക്ലാസ്സിൽ ഒന്നും കണ്ടില്ലല്ലോ.. അറ്റാൻഡൻസ് ഒന്നും വേണ്ടേ..? അതോ ഇനി പിന്നെയും രജിസ്റ്റർ അടിച്ചു മാറ്റാൻ പ്ലാൻ ഉണ്ടോ..?
ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു
‘അറ്റാൻഡൻസ് ഒക്കെ ക്ലോസ് ചെയ്തെടി.. ഈ സെം ഭാഗ്യത്തിന് എനിക്ക് അറ്റാൻഡൻസ് കിട്ടി.. ക്ലാസിൽ വരാഞ്ഞത് കോളേജ് ഡേയുടെ പരിപാടികളുടെ പുറകെ പോയത് കൊണ്ടാണ്…’
‘ഓഹ്.. എന്നിട്ട് എല്ലാം സെറ്റ് ആയോ…?
അവൾ ചോദിച്ചു
‘ആ ഒരെണ്ണം കൂടി നടപടി ആകാനുണ്ട്. അതിന്റെ ആളെ കാണാനാണ് ഇങ്ങോട്ട് വന്നത്..’
ഞാൻ പറഞ്ഞു
‘ഇവിടെ ആരെ കാണാൻ..?
‘നിന്നെ തന്നെ.. നിന്റെ ഒരു കച്ചേരി കൂടി വേണം നാളെ..’
ഞാൻ വെറുതെ പറഞ്ഞു
‘ഒന്ന് പോടാ.. ഞാൻ എങ്ങുമില്ല.. ഞാൻ നാളെ വരുന്നു പോലുമില്ല…’
അവൾ പറഞ്ഞു
‘അതെന്താ വരാത്തെ…? കച്ചേരി ഞാൻ ചുമ്മാ പറഞ്ഞതാ.. നാളെ നീ വാ..’
ഞാൻ നിർബന്ധിച്ചു
‘ഓ എനിക്ക് ഇഷ്ടം അല്ല.. വയ്യ.. മടുപ്പാ…’
അവൾ മടുപ്പിച്ചു
‘അതിന് നീ ഇവിടെ ഒരു കോളേജ് ഡേയ്ക്ക് പോലും വന്നിട്ടില്ലല്ലോ.. നാളെ വന്നാൽ അറിയാം എങ്ങനെ ഉണ്ടെന്ന്.. നീ നാളെ വരും..’
ഫസ്റ്റ് ഇയറിൽ റാഗിംഗ് നടന്നു കഴിഞ്ഞു ഇഷാനി ഇതേ പോലുള്ള പരിപാടികൾ എല്ലാം ഒഴിവാക്കിയിരുന്നു.. ഞാൻ ഇവിടെ വന്നു കഴിഞ്ഞാണ് അവൾ പരിപാടിക്ക് എല്ലാം പങ്കെടുക്കാൻ തുടങ്ങിയത്.. പക്ഷെ കഴിഞ്ഞ വർഷം കോളേജ് ഡേയ്ക്കും അവൾ വന്നില്ല.. ഞാനും ലച്ചുവും ആയി സെറ്റ് ആയ ടൈം ആയത് കൊണ്ട് അന്ന് ഞാൻ അവളെ വിളിക്കാനും നിന്നില്ല
‘വരണോ..? ചുമ്മാ മടുപ്പ് ആയിരിക്കും..’
‘വരണം.. വന്നേ പറ്റൂ…’
ഞാൻ പറഞ്ഞു.
അപ്പോൾ അവൾ മുഖം ചുളിച്ചു വരാം എന്ന അർഥത്തിൽ തല കുനുക്കി.. കണ്ണിലേക്കു വീണ മുടിയിഴകൾ മെല്ലെ മാറ്റാൻ വേണ്ടി അവൾ കൈകൾ ഉയർത്തിയപ്പോൾ ഹൂഡി തെന്നി മാറി അവളുടെ കൈക്കുഴയിൽ മിന്നി കിടന്ന ചെയിൻ ഞാൻ കണ്ടു.. ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ഗിഫ്റ്റ്….!അതിപ്പോളും അവളുടെ കയ്യിലുണ്ട്….!
