റോക്കി – 6 26അടിപൊളി  

എനിക്ക് തൊട്ട് താഴെ ആണ് ആ പെൺകുട്ടി. കയ്യൊന്ന് താഴേക്ക് നീട്ടിയാൽ ചിലപ്പോ അവളെ തൊടാം.. ഞാൻ ഒരു കൈ വേരിൽ പിടിച്ചിട്ട് മറു കൈ അവളിലേക്ക് നീട്ടി.. അപ്പോളാണ് അവളുടെ മുഖം ഞാൻ കണ്ടത്.. അവൾ സുന്ദരി ആയിരുന്നു.. ഇത്രയും സുന്ദരി ആയ ഒരുവളെ മനസിൽ പതിച്ചു വയ്ക്കാൻ എനിക്ക് എന്ത് കൊണ്ട് സാധിച്ചില്ല.. എന്ത് കൊണ്ട് ഇവളുടെ മുഖം ഞാൻ മറന്നു.. ഒന്നുകിൽ ആ സാഹചര്യത്തിൽ ഞാൻ അതത്ര ഗൗനിച്ചിരിക്കില്ല. രണ്ടാമത് അവളാന്നൊരു കുട്ടി ആയാണ് എനിക്ക് തോന്നിയത്. ചിലപ്പോ അതാകാം കാരണം. ഇപ്പൊ ഓർക്കുമ്പോ ആ മുഖം എന്റെ മനസിൽ നല്ലത് പോലെ തെളിഞ്ഞു വന്നു.. അത് ഇഷാനി തന്നെ ആണ്.. എന്റെ ഇഷാനിക്കുട്ടി..

ഞാൻ അവൾക്കായ് നീട്ടിയ കയ്യിൽ അവളെങ്ങനെയോ കൈ എത്തിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിൽ കാലൊന്ന് ഉറപ്പിച്ചു വയ്ക്കാൻ മാത്രം ഇടമുള്ള പാറയുടെ പടവിൽ നിന്ന് ഞങ്ങളുടെ പാണിഗ്രഹണം….!
ആ കയ്യിൽ പിടിച്ചു ഞാൻ അവളെ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചു.. കുറച്ചു ബുദ്ധിമുട്ട് ആണ്. ഞാൻ ബലം കൊടുത്ത വേര് അടർന്നു പോകുമോ എന്നും എനിക്ക് പേടിയുണ്ട്.. എന്റെ കയ്യിൽ പിടിച്ചു പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന പട്ട്പാവാടക്കാരിയെ ഞാൻ നോക്കി. താഴേക്ക് നോക്കുമ്പോ ഉള്ള തല കറങ്ങി പോകുന്ന താഴ്ച്ച കണ്ട് അവളാകെ പരിഭ്രമിച്ചിരിക്കുന്നു…

‘എനിക്ക് പേടിയാ….’
അവൾ കരയുന്നത് പോലെ പറഞ്ഞു… അന്ന് അവളെ ഡിപ്പാർട്മെന്റിന്റെ വരാന്തയിൽ വച്ചു നൂനു ഓടിച്ചു കൊണ്ട് വന്നപ്പോൾ എന്നോടവൾ ആദ്യമായി മിണ്ടിയതും ഇത് തന്നെ ആയിരുന്നു. അവൾക്ക് പേടി ആണെന്ന്…

‘പേടിക്കണ്ട…’
ആ കൊക്കയുടെ ചെരുവിൽ നിന്ന് ഞാൻ എങ്ങെനെയോ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷെ അതത്ര ഫലം കണ്ടില്ല..
‘താഴേക്ക് നോക്കണ്ട.. ഇങ്ങോട്ട് നോക്ക്.. എന്നെ നോക്ക്…’
ഞാൻ പറഞ്ഞു. താഴേക്ക് നോക്കി വെറുതെ പേടിക്കരുത് എന്ന് കരുതി ഞാൻ അങ്ങനെ പറഞ്ഞു. അവളത് പോലെ തന്നെ ചെയ്തു. താഴെയുള്ള മരണത്തിലേക്ക് അവൾ നോക്കിയില്ല. ഒന്നും വക വയ്ക്കാതെ തന്നെ രക്ഷിക്കാൻ ഇറങ്ങി വന്ന രക്ഷകന്റെ മുഖത്തേക്ക് അവൾ നോക്കി. പ്രതീക്ഷയിലേക്ക് അവൾ നോക്കി..

കാഷായം ആണ് വസ്ത്രം. പക്ഷെ സ്വാമി ആണെന്ന് തോന്നുന്നില്ല. താടിയും മുടിയും ഒക്കെ അത്യാവശ്യം ഉണ്ട്. കണ്ണുകളിൽ കനിവ് ഉണ്ട്.. കഴുത്തിൽ ഒരു രുദ്രാക്ഷവും.. സന്യാസിയുടെ ലക്ഷണങ്ങൾ ഒക്കെ ഉണ്ടായിട്ടും അത് സന്യാസി അല്ലെന്ന് തന്നെ ഇഷാനിക്ക് തോന്നി. താഴേക്ക് നോക്കിയാൽ പേടിക്കുമെന്നുള്ളത് കൊണ്ട് ആ മുഖത്തേക്ക് തന്നെ ഇഷാനി നോക്കി.. ഒരിക്കലും മറക്കാൻ പറ്റാത്ത വിധം അവളുടെ മനസ്സിൽ ആ മുഖം പതിയാൻ തുടങ്ങി

ഞാൻ ആ സമയം എങ്ങനെ ഇവളെയും കൊണ്ട് മുകളിലേക്ക് കയറാമെന്ന് ആലോചിക്കുക ആയിരുന്നു. മുകളിൽ നിന്ന് ആളുകൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. പക്ഷെ ഒന്നും മനസിലാകുന്നില്ല.. ഞാൻ അവളെ പിടിച്ച കൈ മെല്ലെ മുകളിലേക്ക് ഉയർത്തി. ഒറ്റ കൈ കൊണ്ട് അവളെ ഉയർത്തി എന്റെ അടുത്ത് എത്തിക്കാൻ നല്ല പ്രയാസം തോന്നിയെങ്കിലും ഞാൻ അത് സാധിച്ചെടുത്തു.. അവളപ്പോൾ എന്നോട് ചേർന്നു ആ പാറയുടെ വക്കിൽ നിൽക്കുകയാണ്. നിലത്ത് കാൽ വയ്ക്കാൻ എനിക്ക് മാത്രമേ ഇട ഉള്ളായിരുന്നു എന്നത് കൊണ്ട് എന്റെ കാലിന്മേൽ ആണ് അവൾ കാൽ വച്ചത്.. അവൾ പിന്നിലേക്ക് മറിയാതെ ഇരിക്കാൻ ഞാൻ കൈ കൊണ്ട് അരയിൽ ചുറ്റിപ്പിടിച്ചിരുന്നു.. അവളുടെ സമൃദ്ധമായ മുടിയിൽ എന്റെ വിരലുകൾ തൊട്ടു..

അപ്പോളേക്കും ആരോ മുകളിൽ നിന്നും കയറും കൊണ്ട് വന്നിരുന്നു. അവർ താഴേക്ക് കയർ എറിഞ്ഞു തന്നു.. വഴുക്കൽ ഉള്ളത് കൊണ്ട് കയറിൽ പിടിച്ചു ഇറങ്ങാൻ മാത്രം ധൈര്യം ആ കൂട്ടത്തിൽ അപ്പോൾ ആർക്കും ഉണ്ടായിരുന്നില്ല.. കയർ നേരെ ഞങ്ങളുടെ അടുത്ത് തന്നെ വന്നു. ആ കയറിൽ പിടിച്ചു മേലേക്ക് കയറുന്നത് ഞാൻ ആലോചിച്ചു. കെട്ട് ഇല്ലാതെ മേലേക്ക് കയറൽ റിസ്ക് ആണ്.. ഞാൻ തന്നെ ആണേൽ പ്രശ്നം ഇല്ലായിരുന്നു. ഇവൾ കൂടെ ഉള്ളത് കൊണ്ട് റിസ്ക് തന്നെ..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *