റോക്കി – 6 26അടിപൊളി  

എന്റെ കയ്യിൽ മുറുകിയിരുന്ന വടിവാൾ അയഞ്ഞു താഴെ വീണു.. മഹാനെയും കൂടെ ഉള്ളവരെയും കണ്ട് താഴെ വീണു കിടക്കുന്നവർ രക്ഷപെടാൻ വേണ്ടി ഒടിഞ്ഞു ചതഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ അപ്പോളേക്കും ഞങ്ങളുടെ ആൾക്കാർ ഓടിയെത്തി എല്ലാത്തിനെയും ഇടിച്ചു കൂട്ടാൻ തുടങ്ങി. മഹാൻ എന്റെ മുന്നിൽ വന്നു എന്നേ ദേഷ്യത്തോടെ നോക്കി

‘കഴുത…’
മഹാൻ എന്നേ ശകാരിച്ചിട്ട് എന്റെ പിന്നിൽ നിന്ന താടിക്കാരനെ നോക്കി
‘എന്തെങ്കിലും പറ്റിയോടാ…?

‘ഹേയ്.. ഇത് ഒരു പോറലേ ഉള്ളു..’
കൈയിലെ മുറിവിൽ തടവി അയാൾ പറഞ്ഞു. അയാൾ അപ്പോൾ മഹാന്റെ ആളാണോ..?

മഹാൻ നേരെ മുന്നോട്ടു നടന്നു. താഴെ വീണു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന ദേവരാജന്റെ അരികിൽ ചെന്നു മുട്ട് വളച്ചു ഇരുന്നു.. ദേവരാജന്റെ തലയിലൂടെ ചോര വാർന്നു ഒഴുകുന്നുണ്ടായിരുന്നു..

‘നിന്നെ എനിക്ക് പണ്ടേ അറിയാമായിരുന്നു ദേവരാജാ…’
മഹാൻ അമർഷത്തോടെ പറഞ്ഞു. അത് അയാൾ കേൾക്കാൻ സാധ്യത ഇല്ല. ജീവനു വേണ്ടി മല്ലിട്ട് കൊണ്ടിരിക്കുകയാണ് അയാൾ. അയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് കണ്ട് മഹാൻ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു..

‘എന്ത് പണിയാടാ കാണിച്ചത്..? ഞാനൊക്കെ ജീവനോടെ ഉള്ളപ്പോൾ നീ കണക്ക് ചോദിക്കാൻ ഇറങ്ങുന്നോ…?

‘നിങ്ങളെ ഇനിയും ഇതിലേക്ക് തള്ളി വിടാൻ… എനിക്ക് കഴിയില്ലായിരുന്നു..’
ഞാൻ പറഞ്ഞു

‘ദേ ഈ കിടക്കുന്നവനെ ഒക്കെ കണ്ടോ.. എല്ലാം ചെയ്തതിന്റെ കൂലിയാണ് ഈ കിടപ്പ്.. നാളെ ഞാനും ഇങ്ങനെ ഒക്കെ ആകും.. അത് കർഫലം.. പക്ഷെ ആ കൂട്ടത്തിലേക്ക് നീ വരാൻ പാടില്ല.. നിനക്ക് മനസ്സിലായോ…?
മഹാൻ ചോദിച്ചു

‘ആയി…’
ഞാൻ പറഞ്ഞു

‘എന്നാൽ പൊക്കോളൂ…’
മഹാൻ പറഞ്ഞു

‘മഹാൻ എങ്ങനെ…?
എനിക്ക് കുറച്ചു സംശയം കൂടി ബാക്കി ഉണ്ടായിരുന്നു

‘ഇവനേ പണ്ടേക്ക് പണ്ടേ ഞാൻ അളന്നതാ.. മനസാക്ഷി ഇല്ലാത്ത മൃഗം ആണ് ഇവനെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അത് നമുക്ക് തന്നെ ദുരന്തം ആകുമെന്ന് ഞാൻ കരുതിയില്ല. അനിയുടെ സംഭവത്തിൽ എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്ന് ഇവനായിരുന്നു..’
ദേവരാജനെ ചൂണ്ടി മഹാൻ പറഞ്ഞു
‘പക്ഷെ നിന്റെ അച്ഛൻ ഇവനേ സ്വന്തം സഹോദരനെ പോലെ കണ്ടു. അത് കൊണ്ട് എനിക്ക് ഇത് ആരോടും പറയാൻ കഴിഞ്ഞില്ല.. വിശ്വസിപ്പിക്കാനോ സംശയം പ്രകടിപ്പിക്കാനോ എന്റെ അടുത്ത് തെളിവുകളും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അന്ന് മുതൽ എന്റെ ഒരു കണ്ണ് ഇവന്റെ കൂടെ ഉണ്ടായിരുന്നു.. മുരുകൻ…’
ആ താടിക്കാരനെ നോക്കി മഹാൻ പറഞ്ഞു.

‘ഇവനിവിടെ നിന്ന് അയാളുടെ വിശ്വാസം പിടിച്ചു പറ്റി. പക്ഷെ അപ്പോളും എന്റെ സംശയങ്ങൾക്ക് ഉള്ള ഉത്തരം ഒന്നും കിട്ടിയിരുന്നില്ല. ഇന്ന് നിന്റെ വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ഇവന്റെ കോൾ വരുന്നത് വരെ… നീ ഇവിടെ എത്തി എന്ന് ഇവൻ ഇപ്പൊ വിളിച്ചു പറഞ്ഞപ്പോ ഞാൻ പാഞ്ഞു വരികയായിരുന്നു. എന്നാലും നീയെങ്ങനെ ഇതറിഞ്ഞു…?
മഹാൻ ചോദിച്ചു

‘അന്ന് ആക്‌സിഡന്റ് ആയെന്ന് ഞാൻ കള്ളം പറഞ്ഞതാണ്. അതൊരു അറ്റാക്ക് ആയിരുന്നു. അതിൽ ഒരുത്തനെ കുടഞ്ഞപ്പോൾ ആളെ കിട്ടി. അല്ലാതെ തന്നെ ഇയാളെ കൃഷ്ണയുടെ കൂടെ കണ്ടപ്പോ എനിക്ക് ഏകദേശം മനസിലായിരുന്നു..’
മുരുകനെ നോക്കി ഞാൻ പറഞ്ഞു

‘എല്ലാം അറിഞ്ഞിട്ടും ഇത് കാണണം എന്ന് ഞാൻ പറഞ്ഞത് തെളിവുകൾക്ക് വേണ്ടിയാണ്. നിന്റെ അച്ഛൻ അല്ലാതെ ഒരിക്കലും ഇവനേ തള്ളി പറയില്ല..’
താഴെ വീണു കിടന്ന കൊറിയർ മഹാൻ എടുത്തു

‘അച്ഛനോട് പറയണ്ട.. അച്ഛൻ അറിയണ്ട.. എല്ലാം ആ മനസ്സിൽ ഒരുവിധം ഒതുങ്ങി കിടക്കുവാണ്.. ഇനി ഇത് പറഞ്ഞു വെറുതെ പഴയത് എല്ലാം ഓർമിപ്പിക്കണോ….?
ഞാൻ ചോദിച്ചു

‘അതും ശരിയാണ്..’
കൊറിയർ മഹാൻ കൈയിൽ പിടിച്ചു കൊണ്ട് ദേവരാജന്റെ അടുത്തേക്ക് ചെന്നു. അയാൾ ഇപ്പോളും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയാണ്.. പഴയത് എല്ലാം മഹാന്റെ മനസിലൂടെ ഒരു ട്രെയിൻ പോകുന്ന പോലെ പാഞ്ഞു പോയി.. അയാളുടെ കണ്ണുകൾ ഏറെ കാലത്തിനു ശേഷം നിറഞ്ഞൊഴുകി…
‘എന്റെ കൊച്ചിനെ പോലും വെറുതെ വീട്ടില്ലല്ലോടാ…’
മഹാൻ കാലുയർത്തി ദേവരാജന്റെ തലയിൽ ആഞ്ഞു ചവിട്ടി. പിടഞ്ഞു കൊണ്ടിരുന്ന കിളവന്റെ ദേഹം അതോടെ നിശ്ചലം ആയി. ഞങ്ങളുടെ കുടുംബം തകർത്തവൻ ഇല്ലാതെ ആയിരിക്കുന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം ഒരു വിറയൽ പോലെ എന്നിലൂടെ കടന്നു പോയി

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *