ക്ലാസ്സിൽ ആർക്കും അതൊരു സർപ്രൈസ് ആയിരുന്നില്ല. കാരണം ക്രിസ്തുമസ് അവധി തുടങ്ങുമ്പോ ഞാനും ഇഷാനിയും ആയി അടുപ്പം ഇല്ലായിരുന്നു. ഇപ്പൊ അവധി കഴിഞ്ഞു വന്നപ്പോളും അത് പോലെ തന്നെ.. പക്ഷെ ഈ അവധിക്കാലത്തിന് ഇടയിൽ ഞങ്ങൾക്കിടയിൽ സംഭവിച്ചത് അറിഞ്ഞവർക്ക് ഇഷാനിയുടെ വീണ്ടുമുള്ള ഈ മാറ്റം ഒരു വലിയ ഷോക്ക് ആയിരുന്നു.. ആഷിക്കും ശ്രുതിയും അടുത്ത ഇന്റർവെൽ എന്നെ പിടിച്ചു നിർത്തി ഉണ്ടായത് എല്ലാം പറയിച്ചു.. അതിൽ ശ്രുതി എന്നോട് ഇന്നോളം പെരുമാറാത്ത രീതിയിൽ ആണ് പ്രതികരിച്ചത്
‘ചേട്ടൻ ചെയ്തത് ഒരു പെണ്ണും പൊറുക്കാത്ത കാര്യമാണ്. പിന്നെ ആണോ അവളെ പോലൊരു പെണ്ണ്.. ഇത് കേട്ടിട്ട് എനിക്ക് തന്നെ ചേട്ടനോട് ദേഷ്യം വരുന്നു..’
ശ്രുതി എന്റെ മുഖത്ത് നോക്കി തന്നെ അത് പറഞ്ഞു
‘എനിക്കറിയാം.. ഞാൻ കാണിച്ചത് മഹാ തെണ്ടിത്തരം ആണെന്ന് എനിക്ക് അറിയാം. പക്ഷെ ഒന്നും മനഃപൂർവം ആയിരുന്നില്ല.. ആരെയും ചീറ്റ് ചെയ്യണം എന്ന് വച്ചുമല്ല..’
ഞാൻ നിസ്സഹായതയോടെ പറഞ്ഞു
‘അത് ഞങ്ങൾക്ക് മനസിലാകും. പക്ഷെ അവളെ അത് മനസിലാക്കിച്ചെടുക്കാൻ പ്രയാസം ആണ്..’
ശ്രുതി എന്റെ അവസ്‌ഥ കണ്ട് സങ്കടത്തോടെ പറഞ്ഞു
‘അതിന്റെ ആവശ്യമില്ല. അവളോട് ഇനി ആരും ഇതിനെ കുറിച്ച് സംസാരിക്കാൻ പോകണ്ട. ഞങ്ങൾ എല്ലാം സംസാരിച്ചു അവസാനിപ്പിച്ചത് ആണ്..’
ഞാൻ പറഞ്ഞു
‘അതെങ്ങനെ ശരിയാകും. നിങ്ങൾ രണ്ട് പേരും ഇങ്ങനെ ഓരോ മൂലക്ക് സങ്കടപ്പെട്ടു ഇരിക്കുന്നത് ഞങ്ങൾ കാണണോ..? എല്ലാം ഒന്ന് റെഡി ആയി വന്നതായിരുന്നു..’
ആഷിക്ക് പറഞ്ഞു
‘കൃഷ്ണയേ പറ്റി എന്തേലും ക്ലൂ എനിക്ക് ഉണ്ടായിരുന്നേൽ ടൂറിനു അവളുടെ അടുത്ത് ചേട്ടനെ ഞാൻ വിടില്ലായിരുന്നു.. ഞാൻ ഇതൊന്നും മനസ്സിൽ പോലും ചിന്തിച്ചില്ല… നിനക്കൊക്കെ ഇതെല്ലാം അറിയാമായിരുന്നു അല്ലേടാ ചെറ്റകളെ.. നിനക്കൊക്കെ ഇപ്പോ സമാധാനം ആയോ..?
ശ്രുതി രാഹുലിനോടും ആഷിക്കിനോടുമായി പറഞ്ഞു
‘അർജുൻ……’
ഞങ്ങൾ നാല് പേരും മാറി നിന്ന് സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിലേക്ക് ആണ് പെട്ടന്ന് കൃഷ്ണ ഓടിക്കയറി വന്നത്. അവൾ ഇന്ന് ആബ്സെന്റ് ആണെന്നാണ് ഞാൻ കരുതിയത്. രാവിലത്തെ ക്ലാസ്സിൽ ഒന്നും അവൾ ഉണ്ടായിരുന്നില്ല.
‘വരുന്നുണ്ട് നാശം.. എല്ലാം കുളമാക്കിയിട്ട്..’
ശ്രുതി അവൾ വരുന്നത് കണ്ട് ദേഷ്യത്തോടെ പറഞ്ഞു. കൃഷ്ണ ഞങ്ങളുടെ ഗാങ് ആയി കമ്പിനി ആയിരുന്നു എങ്കിലും ഈ കാര്യം വന്നപ്പോൾ ശ്രുതി അത് മറന്നു.
‘ഇവൾക്കും ഒന്നും അറിയില്ലെടി..’
കൃഷ്ണ അടുത്തെത്തുന്നതിന് മുന്നേ ഞാൻ ശ്രുതിയോട് മെല്ലെ പറഞ്ഞു. കൃഷ്ണയോട് അവൾ മുഷിയാതെ ഇരിക്കാൻ ശ്രുതിയെ അവന്മാർ അവിടെ നിന്നും വിളിച്ചോണ്ട് പോയി. കൃഷ്ണ ഇതൊന്നും ശ്രദ്ധിച്ചു കൂടിയില്ല..
‘ഞാൻ കരുതി നീ ഇന്ന് വന്നില്ല എന്ന്…?
കൃഷ്ണ അടുത്തെത്തിയപ്പോ ഞാൻ പറഞ്ഞു
‘ഞാൻ ദേ ഇപ്പൊ വന്നെ ഉള്ളെടാ.. ലച്ചു ഇന്ന് പോകും. രാവിലെ അപ്പോൾ അവളുടെ കൂടെ കുറച്ചു പരുപാടി ഉണ്ടായിരുന്നു.. അത് കഴിഞ്ഞു ഇപ്പൊ വന്നേ ഉള്ളു…’
കൃഷ്ണ പറഞ്ഞു.. സത്യത്തിൽ അവൾ ലീവ് ആക്കാൻ ഇരുന്നതാണ്. എന്നെ കാണാൻ വേണ്ടി മാത്രം ആണ്.. ഞങ്ങൾ വരാന്തയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തേക്ക് വന്നത്. അവൾ പുറത്തേക്ക് വന്ന ഉടനെ കണ്ടത് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് ആണ്.. കൃഷ്ണയുടെ കൈ എന്റെ ചുമലിൽ ഉണ്ടായിരുന്നു.. ഇഷാനിയുടെയും എന്റെയും കണ്ണുകൾ അന്ന് തമ്മിൽ ഉടക്കിയത് അപ്പോളാണ്.. ക്ലാസ്സിൽ വച്ചു ഞാൻ അവളുടെ ഭാഗത്തേക്ക് നോക്കി പോലും നോക്കിയിരുന്നില്ല.. അവളുടെ നോട്ടത്തിൽ ഞാൻ വല്ലാതെ പകച്ചു പോയി.. പക്ഷെ ഇഷാനി ഞങ്ങളെ അവഗണിച്ചു കടന്നു പോയി. കൃഷ്ണയും അവളെ ഗൗനിച്ചില്ല.. അവൾക്കും നടന്ന സംഭവങ്ങൾ അറിയില്ലല്ലോ…
