പരിശോധനയിൽ ഞങ്ങളുടെ ഭാഗത്തു നിന്നും പിഴവുകൾ ഒന്നും കണ്ടെത്തി ഇല്ലെന്നതിൽ എല്ലാവർക്കും ആശ്വാസം ഉണ്ടായിരുന്നു. എനിക്കും ഫൈസിക്കും ഒഴിച്ച്.. എന്തൊക്കെയോ പ്രശ്നങ്ങൾ ചീഞ്ഞ് നാറുന്നുണ്ട് എന്ന് എനിക്ക് തോന്നി തുടങ്ങി.. അത് ആദ്യമേ തോന്നിയ ഫൈസിയുടെ വാക്കിന് അന്ന് ഞാൻ അധികം വില കൊടുത്തിരുന്നില്ല.. പക്ഷെ അവൻ പറയുന്നതിൽ എന്തൊക്കെയോ കാര്യം ഉണ്ടായിരുന്നു എന്ന് എനിക്ക് ബോധ്യം ആയി.. അതിന്റെ അടിവേര് കണ്ട് പിടിക്കുമെന്ന് ഫൈസി എനിക്ക് വാക്ക് തന്നു…
അന്ന് വളരെ വൈകി ആണ് ഞാൻ വീട്ടിൽ വന്നത്.. വീട്ടിലേക്ക് ബൈക്ക് വളച്ചു കയറ്റുന്നതിന് മുമ്പാണ് ഒരു കാർ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്നത് ഞാൻ ശ്രദ്ധിച്ചത്.. മറ്റെന്തൊക്കെയോ ചിന്തകളിൽ ആയിരുന്നത് കൊണ്ട് ആദ്യം ആ കാർ ഞാൻ ശ്രദ്ധിച്ചില്ല. വീടിന് തൊട്ട് മുന്നിൽ കിടക്കുന്നത് കൊണ്ട് തന്നെ അത് എന്നെ കാണാൻ വന്ന ആരോ ആണെന്ന് എനിക്ക് മനസിലായി.. കാർ തുറന്നു പുറത്തിറങ്ങിയ ആളെ എനിക്ക് അധികം തപ്പാതെ പിടികിട്ടി. മുമ്പ് രണ്ട് വട്ടം ഇയാളെ ഞാൻ കണ്ടിട്ടുണ്ട്.. ഞങ്ങൾ പരിചയപ്പെട്ടിട്ടും ഉണ്ട്.. ആദ്യം അയാൾ അനിരുദ്ദ് എന്ന് എന്റെ ഏട്ടന്റെ പേര് പറഞ്ഞു ആണ് പരിചയപ്പെടുത്തിയത്.. പിന്നെ ബാറിൽ അടിച്ചു കോൺ തെറ്റി ഇരുന്നപ്പോൾ ഫെർണാണ്ടസ് എന്ന് മറ്റൊരു പേരാണ് അയാൾ പറഞ്ഞത്.. പലപ്പോഴും അവിചാരിതമായി കണ്ട ഈ അപരിചിതൻ ഇപ്പോൾ എന്നെ തേടി വന്നതാണ്.. എന്തിന്…?
‘ഹലോ ഫ്രണ്ട്… ഓർമ്മയുണ്ടോ…?
ഒരു ആത്മാർത്ഥതയില്ലാത്ത ചിരിയോടെ എന്നെ അഭിവാദ്യം ചെയ്തു അയാൾ ചോദിച്ചു
‘ഉണ്ട്.. എന്താ ഇവിടെ…?
ഞാൻ ബൈക്കിൽ നിന്നുമിറങ്ങി ചോദിച്ചു
‘തന്നെ ഒന്ന് കാണാൻ വേണ്ടി നിന്നതാ…’
അയാൾ പറഞ്ഞു
‘എന്താ കാര്യം…?
‘എന്തെങ്കിലും പ്രശ്നം ഉണ്ടോ…?
അയാൾ എന്നോട് ചോദിച്ചു..
‘എന്ത് പ്രശ്നം.. എനിക്ക് മനസിലായില്ല..’
‘അല്ല നിങ്ങളുടെ കമ്പനിയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായി എന്നൊരു അറിവ് കിട്ടി.. അത് നേരാണോ എന്നറിയാൻ വേണ്ടി ചോദിച്ചതാ..’
‘ഒരു പ്രശ്നവും ഇല്ല…’
ഞാൻ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു. കമ്പനിയിൽ നടന്ന പ്രശ്നം ഒക്കെ ഇയാൾക്ക് എങ്ങനെ അറിയാം.. അതിത്ര വലിയ ന്യൂസ് ആയോ..? ആരാണ് ഇയാൾ..?
‘ഒരു ഫ്രണ്ട് എന്ന നിലയിൽ എന്നോട് മറച്ചു വയ്ക്കാതെ കാര്യം പറയാം.. എന്ത് ഉണ്ടെങ്കിലും…’
അയാളുടെ മുഖത്ത് അപ്പോളും ആ അവലക്ഷണം പിടിച്ച ചിരി ഉണ്ടായിരുന്നു..
‘ ഫ്രണ്ട് എന്ന് പറയാൻ ഞാൻ ആകെ നിങ്ങളെ ഒന്നോ രണ്ടോ വട്ടം മാത്രമേ കണ്ടിട്ടുള്ളു.. നിങ്ങൾ ആരാന്നു പോലും എനിക്കറിയില്ല..’
‘ ശരി.. എന്നോട് സംസാരിക്കാൻ തോന്നുക ആണെങ്കിൽ ദേ ഈ നമ്പറിൽ വിളിച്ചാൽ മതി..’
അത് പറഞ്ഞതും എന്റെ ഫോണിൽ ഒരു നമ്പറിൽ നിന്നും കോൾ വന്നു..
‘അതെന്റെ നമ്പർ ആണ്.. അതിൽ വിളിച്ചാൽ മതി..’
‘എന്തിന്.. താൻ ആരാ..? എന്താ വേണ്ടത്..?
സഹികെട്ടു ഞാൻ ചോദിച്ചു. കുറെയായി ഇവന്റെ ഒരു കൊണ കൊണ
‘ ഞാൻ തന്റെ ഏട്ടന്റെ ഒരു പഴയ ഫ്രണ്ട് ആണ്.. ആ പരിചയം വച്ചാണ് എന്ത് സഹായവും എന്നോട് ചോദിക്കാം എന്ന് പറഞ്ഞത്..’
ഫെർണോ പറഞ്ഞു
‘ഇങ്ങനെ ഒരു സുഹൃത്തിനെ കുറിച്ച് ഏട്ടൻ പറഞ്ഞു ഒരു അറിവും എനിക്കില്ല. നിങ്ങൾ എങ്ങനെ ആണ് പരിചയം..?
ഞാൻ അയാൾ പറഞ്ഞത് വിശ്വാസത്തിൽ എടുക്കാത്തത് പോലെ ചോദിച്ചു
‘ഏകദേശം നമ്മൾ പരിചയപ്പെട്ടത് പോലെ തന്നെ..’
ഊമ്പിയ ഒരു ചിരി അയാളുടെ മോന്തായത്തിൽ വന്നു.
‘മനസിലായില്ല…’
‘നമ്മൾ എങ്ങനെ ആണ് പരിചയം.. കഞ്ചാവ് വലിക്കുന്ന സ്‌ഥലത്തു വച്ചു തമ്മിൽ കണ്ടതല്ലേ.. ഏകദേശം അത് പോലെ തന്നെ ആണ് അനിയേയും എനിക്ക് അറിയാമെന്നു കൂട്ടിക്കോ…’
അയാൾ പറഞ്ഞു
‘അവൻ കഞ്ചാവ് വലിക്കാറില്ല…’
ഞാൻ തറപ്പിച്ചു പറഞ്ഞു
‘എന്നോട് പറഞ്ഞാൽ ഞാൻ അത് സമ്മതിച്ചു തരില്ല. ഞങ്ങൾ തമ്മിൽ അങ്ങനെ ആയിരുന്നു ബന്ധം…’
