റോക്കി – 6 26അടിപൊളി  

ഞാൻ പുറത്ത് നിന്ന് അത്യാവശ്യം ആയി ഒരു കോൾ ചെയ്യുക ആയിരുന്നു. മഹാൻ മറ്റെന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു പെട്ടന്ന് തന്നെ പോയി. ഈ അവസരത്തിൽ ഇതിലും എന്ത് അത്യാവശ്യം ആണെന്ന് ഞാൻ ആലോചിച്ചു. ഇതിന്റെ പുറകെ തന്നെ ആണ് മഹാൻ. അവരെ കണ്ട് പിടിക്കാൻ ഉള്ള ഓട്ടത്തിൽ ആയിരിക്കും.. ഞാനും അതിന് എന്റേതായ വഴി നോക്കാൻ തുടങ്ങി. അപ്പോളാണ് ഇഷാനി എന്റെ അരികിലേക്ക് വരുന്നത്..

‘അവൾ..?
കോൾ കട്ടാക്കി ഞാൻ ചോദിച്ചു

‘ഉറങ്ങി.. പാവം നല്ലത് പോലെ പേടിച്ചു..’
ഇഷാനി പറഞ്ഞു

‘എന്തെങ്കിലും അവൾ പറഞ്ഞോ..?
ഞാൻ ചോദിച്ചു

‘ഇല്ല. ഒന്നും മിണ്ടുന്നില്ല..’

‘അവൾ ഓക്കേ ആയിക്കോളും..’
ഞാൻ പറഞ്ഞു

‘നിന്റെ കൈ ചോര ഉണ്ടല്ലോ..?
ഇഷാനി പെട്ടന്ന് എന്റെ കയ്യിൽ കയറി പിടിച്ചു
‘അയ്യോ ഇതെന്ത് പറ്റിയതാ.. ഞാൻ ചോദിക്കാൻ വിട്ടു പോയി..’

‘അത് നിന്നെ കാണാഞ്ഞപ്പോ ഞാൻ ദേഷ്യത്തിൽ ഭിത്തിയിൽ ഇടിച്ചതാ…’
കയ്യിലെ മുറിവിന്റെ ബാക്കി ഞാൻ പറഞ്ഞില്ല

‘ഇനി അങ്ങനെ വല്ലോം കാണിച്ചാൽ നിന്നെ കൊല്ലും ഞാൻ.. വന്നേ മരുന്ന് വയ്ക്കാം..’
ഞാൻ കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധം പിടിച്ചു എന്റെ കയ്യിൽ മരുന്ന് വച്ചു. അവൾക്ക് ആക്‌സിഡന്റ് ആയ സമയത്തു ഉണ്ടായിരുന്ന പഞ്ഞിയും മരുന്നുമൊക്കെ ഇവിടെ ഉണ്ടായിരുന്നു..

‘ഈ കൈ അല്ലേ പണ്ട് നിന്റെ ബോൾ പിടിച്ചപ്പോ മടിഞ്ഞത്..?
ഇഷാനി എന്റെ കൈ മരുന്ന് വച്ചു ഒരു വലിയ കെട്ട് പോലെ ആക്കിയിരുന്നു

‘അതേ..’
ഞാൻ പറഞ്ഞു

‘ഞാൻ കാരണം പിന്നേം കൈ വേദനിച്ചു അല്ലേ..?
അവൾ സങ്കടത്തോടെ എന്റെ കൈയിൽ ഒരുമ്മ തന്നു

‘നീ അവരെ ഒന്നു ശ്രദ്ധിക്കണം.. ഞാൻ ഒരിടം വരെ പോയിട്ട് വരാം..’
ഞാൻ അവളോട് തഞ്ചത്തിൽ കാര്യം പറഞ്ഞു

‘ഇന്നിനി എങ്ങോട്ടും പോകണ്ട..’
അവൾ പറഞ്ഞു

‘അത്യാവശ്യം ആണ്.. അതാണ്..’

‘എന്ത് അത്യാവശ്യം ആണേലും ഇപ്പൊ അവർ ഇവിടെ തന്നെ ഉള്ളപ്പോൾ നീ ഇവിടെ വിട്ടു പോകണ്ട..’
ഇഷാനി കട്ടായം പറഞ്ഞു

‘ഞങ്ങടെ ആളുകൾ പുറത്തുണ്ട്.. നീ പേടിക്കണ്ട..’
ഞാൻ പറഞ്ഞു

‘അത് കൊണ്ടല്ല ഞാൻ പറഞ്ഞത്.. നീ പോവണ്ട.. അത്ര തന്നെ.. എന്തേലും ഉണ്ടേൽ അവരെ പറഞ്ഞു വിട്..’

‘അവർ പോയാൽ ശരിയാവില്ല.. ഞാൻ തന്നെ പോകണം..’
ഞാൻ പറഞ്ഞു

‘ഞാൻ വിട്ടിട്ട് വേണ്ടേ നീ പോകാൻ..’
അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു

‘ ഇഷാനി.. നീ മുന്നേ എന്നോട് ഒരു കാര്യം പറഞ്ഞു. കൃഷ്ണയുടെ കാര്യമാണ് ഇമ്പോർട്ടന്റ്, എന്റെ ചേട്ടനെ ഇനി രക്ഷിക്കാൻ കഴിയില്ല എന്ന്.. നീ പറഞ്ഞത് ഞാൻ അപ്പോൾ കേട്ടു. എന്റെ ചേട്ടന്റെ മരണത്തിന് ഉത്തരവാദി ആരെന്ന് അറിയാൻ ഉള്ള ഒരു ചാൻസ് ഞാൻ വിട്ടു കളഞ്ഞു.. ഇനി ഒരിക്കൽ കൂടി നീയെന്നെ തടയരുത്…’
ഞാൻ അത് പറഞ്ഞപ്പോ അവളുടെ കണ്ണിൽ പേടി നിഴലിച്ചു

‘നീ എന്ത് ചെയ്യാൻ പോവാ..?

‘നീ പേടിക്കണ്ട.. ഞാൻ ഒന്നും ചെയ്യാൻ പോകുവല്ല. പക്ഷെ ഇപ്പൊ ഞാൻ ചെയ്യേണ്ടത് ചെയ്തില്ല എങ്കിൽ നാളെ ഇത് പോലൊന്ന് പിന്നെയും ആവർത്തിക്കും.. അതിന് ഞാൻ തയ്യാറല്ല..’
ഞാൻ പറഞ്ഞു

‘എനിക്ക് അറിയാം നിനക്ക് ചേട്ടനെയും മോളെയും ഒക്കെ ഒരുപാട് ഇഷ്ടം ആണെന്ന്.. അവർക്ക് വേണ്ടി നീ പോകുമ്പോൾ തടയാനും ഞാൻ ആളല്ല.. എനിക്ക് ഒന്നേ വേണ്ടുള്ളു.. നീ കുഴപ്പം ഒന്നും കൂടാതെ തിരിച്ചു വരണം..’
അവൾ നിറഞ്ഞ മിഴികളോടെ പറഞ്ഞു

‘ഞാൻ തിരിച്ചു വരും.. എന്റെ ഇഷക്ക് ഞാൻ വാക്ക് തരുന്നു..’
ഞാൻ മുഖത്ത് ഒരു ചിരി വരുത്തി

‘നീ ഈ വാക്ക് തെറ്റിച്ചാൽ പിന്നെ ഞാനും ഉണ്ടാവില്ല..’
അവൾ മനസിൽ എന്തോ ഉറപ്പിച്ചത് പോലെ പറഞ്ഞു

‘നീ ഇങ്ങനെ ഒന്നും പറയാതെ…’
ഞാൻ അവളുടെ കൈ ചേർത്ത് പിടിച്ചു

‘ഞാൻ വെറുതെ ഇങ്ങനെ പറയാറില്ല എന്ന് നിനക്ക് അറിയാമല്ലോ…’
ഇഷാനി എന്റെ കണ്ണിൽ നോക്കി പറഞ്ഞു. തിരിച്ചു വരുമെന്ന് ഞാനവൾക്ക് വാക്ക് കൊടുത്തു. പോകുമ്പോൾ അവളെ ഒന്ന് ഉമ്മ വയ്ക്കണം എന്ന് എനിക്ക് തോന്നി. എന്തോ കുറെ നാളത്തേക്ക് പിരിയാൻ പോകുന്ന പോലെ ഒരു തോന്നൽ. പക്ഷെ ഞാൻ അത് ചെയ്തില്ല. അങ്ങനെ ചെയ്താൽ ഒരു വിട വാങ്ങൽ പോലെ അവൾക്ക് തോന്നും എന്ന് ഞാൻ കരുതി. അതേ ചിന്ത തന്നെ അവൾക്കും ഉണ്ടായത് കൊണ്ട് അവളും എന്നോട് സാധാരണ പോലെ തന്നെ പെരുമാറി..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *