‘ഞാൻ നിന്നെ ഉപദേശിക്കാൻ വേണ്ടി വന്നതല്ല. ഇവിടെ ബഹളം ഉണ്ടായെന്നു കേട്ടപ്പോ അതറിയാൻ വന്നതാ.. അവനെ പറഞ്ഞു വിടാനാണ് നിനക്ക് തോന്നുന്നതെങ്കിൽ അങ്ങനെ ചെയ്യ്.. നിനക്ക് കാര്യപ്രാപ്തി ആയി.. നീയാണ് ഡിസൈഡ് ചെയ്യേണ്ടത്..’
അങ്കിൾ പറഞ്ഞു
അങ്കിൾ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ തീരുമാനം മാറ്റി. അയാളെ പെട്ടന്ന് പറഞ്ഞു വിടണ്ട എന്ന് തീരുമാനിച്ചു.. എല്ലാത്തിനും ഉത്തരം കിട്ടിയിട്ടേ നായിന്റെ മോനെ ഞാൻ വിടൂ.. പക്ഷെ മറ്റൊരു തീരുമാനം ഞാൻ എടുത്തു. ഇനി മുതൽ കമ്പനിയുടെ പൂർണ ഉത്തരവാദിത്തം ഫൈസിക്ക് ആയിരിക്കും. അവൻ എന്ത് പറയുന്നോ അത് പോലെയേ ഇനി അവിടെ എല്ലാം നടക്കൂ.
ആ തീരുമാനം വീട്ടിൽ ചർച്ച ആയി..
‘ആ പയ്യൻ അതിന് നമ്മുടെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം പോലും ആയില്ലല്ലോ.. ഇപ്പോളെ ഇത്രയും വലിയൊരു ഉത്തരവാദിത്തം കൊടുക്കണായിരുന്നോ..?
മഹാൻ ആണ് അത് ചോദിച്ചത്..
‘വർഷങ്ങളുടെ വിശ്വസ്‌ഥത ഉള്ളവർ പിന്നെ ബെസ്റ്റ് ആണല്ലോ..’
ഞാൻ തിരിച്ചു പറഞ്ഞു. അച്ഛൻ ഞങ്ങളുടെ രണ്ടാളുടെയും വാദ പ്രതിവാദങ്ങൾ കേട്ട് മൗനിയായി ഇരുന്നു
‘ബിസിനസിന്റെ കാര്യത്തിൽ നമ്മൾ സൗഹൃദം കൊണ്ട് ഇടയ്ക്ക് വെക്കരുത്..’
മഹാൻ എന്നെ ഉപദേശിച്ചു
‘പിന്നെ സജീവിനെ തന്നെ പിടിച്ചു ആ കസേരയിൽ ഇരുത്തണോ..? എനിക്ക് ഇപ്പോൾ അവിടെ വിശ്വാസം അവനെ മാത്രമേ ഉള്ളു..’
‘ഒരു റെയ്ഡ് വന്നപ്പോളേക്കും നിനക്ക് പേടിയായി.. എടാ ഇതൊക്കെ സാധാരണ സംഭവം ആണ്..’
‘ എനിക്ക് പേടിയൊന്നുമില്ല. മഹാൻ ഒന്ന് സൂക്ഷിച്ചോ..? ജോർജ് സാറിന് മഹാനെ ആണ് ഒരു സംശയം…’
ഞാൻ മഹാനെ കളിയാക്കി പറഞ്ഞു.
ഈ സാധാരണ സംഭവത്തിന് പിന്നിൽ വലിയൊരു കളി ഉണ്ടെന്നത് എനിക്ക് മാത്രം അല്ലേ അറിയൂ. അത് അറിഞ്ഞാൽ ഇവരെല്ലാം പേടിക്കും..
‘അവൻ പറഞ്ഞത് പോലെ നടക്കട്ടെടോ.. അവൻ പറയുന്നതിൽ കാര്യമുണ്ട്..’
അത്രയും നേരം മിണ്ടാതെ ഇരുന്ന അച്ഛൻ എനിക്ക് സപ്പോർട്ട് ചെയ്തു സംസാരിച്ചതോടെ മഹാൻ പറച്ചിൽ നിർത്തി. എന്റെ തീരുമാനം ശരിയാണെന്നൊന്നും അച്ഛന് പൂർണമായി വിശ്വാസം ഇല്ലായിരുന്നു. പക്ഷെ കമ്പനിയുടെ കാര്യത്തിൽ ഞാൻ ഉത്തരവാദിത്തം കാണിക്കുന്നതാണ് അച്ഛൻ അങ്ങനെ പറയാൻ കാരണം.. മുമ്പോന്നും കമ്പിനിയെ പറ്റിയും ഓഫിസിനെ പറ്റിയുമൊന്നും ഞാൻ ഇവിടെ വാ തുറക്കാറ് പോലുമില്ലായിരുന്നു..
അങ്ങനെ ഒരു വിധം കമ്പിനിയിലെ പ്രശ്നങ്ങൾ ഒതുങ്ങി എന്റെ തലച്ചോറിൽ ഒരു വെട്ടം വീണു തുടങ്ങി. വേറെ ഗുലുമാലുകൾ ഒന്നും പിന്നിലൂടെ നടക്കുന്നില്ല എന്ന് ഞാനും ഫൈസിയും ഉറപ്പ് വരുത്തി. സജീവ് കമ്പനിയിൽ തുടരുന്നുണ്ടെങ്കിലും അയാളുടെ മേൽ എപ്പോളും ഫൈസീയുടെ ശ്രദ്ധ ഉണ്ടായിരുന്നു..
അങ്ങനെ എല്ലാം മെല്ലെ ഒന്ന് ഒതുങ്ങി വന്നപ്പോ ഞാൻ പഴയ പോലെ കോളേജിൽ പോയി തുടങ്ങി. ഇഷാനിയെ പലപ്പോഴും കണ്ട് മുട്ടുമെങ്കിലും ഞങ്ങൾ രണ്ട് പേരും പരസ്പരം കണ്ണിൽ നോക്കാതെ ഒഴിഞ്ഞു മാറി പോകും.. കൃഷ്ണ എപ്പോളും എന്റെ കൂടെ തന്നെ കാണും. ആദ്യമൊക്കെ അവളുടെ സാമീപ്യം കുറച്ചു ഓവർ ആയി തോന്നിയെങ്കിലും ഇപ്പോൾ ഒരു ആശ്വാസം തന്നെ ആണ് അവൾ. അവളുടെ അടുത്ത് ഇരിക്കുമ്പോ വേറെ ടെൻഷൻ ഒന്നും മൈൻഡിൽ വരാറില്ല.. ഞാൻ ഓഫിസിലെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ പ്രധാന കാരണം തന്നെ അവളുടെ അന്നത്തെ സംസാരമാണ്.. അതിൽ എന്റെ ഉള്ളിൽ എനിക്കവളോട് അതിയായ നന്ദി ഉണ്ടായിരുന്നു..
ഇങ്ങനെ ഒക്കെ ആണെങ്കിലും കൃഷ്ണ ആണ് എപ്പോളും എന്റെ അടുത്ത് വരികയും മിണ്ടുകയും കറങ്ങാൻ പോകാൻ വിളിക്കുന്നതുമെല്ലാം.. ഞാനായി ഒന്നിനും തുടക്കം ഇടാറില്ല. മൊത്തത്തിൽ അവൾ ആണ് എല്ലാത്തിനും എഫോർട് ഇടുന്നത്.. അത് ഓർത്തപ്പോ എനിക്ക് അവളോട് പാവം തോന്നി.. ക്ലാസ്സ് ലഞ്ച് ബ്രേക്കിന് പിരിഞ്ഞ ഒരു ദിവസം ഞാൻ അവളോട് ചുമ്മാ പുറത്ത് കറങ്ങാൻ പോകാമെന്നു പറഞ്ഞു.. ഉച്ച കഴിഞ്ഞു ക്ലാസ്സ് കട്ട് ആക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.. ഞാൻ അവളോട് അങ്ങോട്ട് കയറി അങ്ങനെ പറഞ്ഞപ്പോ അവൾക്കത് വലിയ സന്തോഷം ആയി.. ആ സന്തോഷം ആയിരുന്നു എനിക്കും വേണ്ടിയിരുന്നത്.. ഞങ്ങൾ മാളിൽ ഒക്കെ പോയി കറങ്ങി അടിച്ചു ചുമ്മാ ചുറ്റി തിരിഞ്ഞു.. അവൾ പിന്നെയും വേറെ കുറെ സ്‌ഥലങ്ങൾ ഒക്കെ ഹാങ്ങ് ഔട്ട് ചെയ്യാം എന്ന് പറയുന്നുണ്ടായിരുന്നു.. ഞാൻ ബൈക്ക് പാർക്ക് ചെയ്ത മാളിലെ പാർക്കിംഗ് ഏരിയയിലേക്ക് ലിഫ്റ്റിൽ പോകാൻ തുടങ്ങുമ്പോ ആണ് അവൾക്കൊരു ചെറിയ പ്രശ്നം ഉണ്ടായത്..
