‘നീ എല്ലാം എടുത്തു ബാഗിൽ ഇട്ടു എങ്ങോട്ടാ…?
ഞാൻ സോഫയിൽ കിടന്നു കൊണ്ട് അവളോട് ചോദിച്ചു
‘ഇവിടുത്തെ പൊറുതി മടുത്തു. ഞാൻ എന്റെ വീട്ടിൽ പോകുവാ..’
ഭാര്യമാർ പിണങ്ങി പോകാൻ പറയുന്ന ശൈലിയിൽ അവൾ പറഞ്ഞു. അവൾ തമാശ പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ അവൾ ഡ്രസ്സ് എല്ലാം എടുത്തു വയ്ക്കുന്നുമുണ്ട്. അപ്പോൾ ഇനി ഇവൾ തമാശ പറഞ്ഞതല്ലേ…? ഇതിന് മാത്രം അടി ഒന്നും ഇന്നലെ ഉണ്ടായില്ല. വഴക്ക് ഉണ്ടാക്കി കഴിഞ്ഞിട്ടും ഇന്നലെ അവളെന്നെ കെട്ടിപ്പിടിച്ചു തന്നെ ആണ് ഉറങ്ങിയത്. രാവിലെ എന്തോ മുഷിഞ്ഞു സംസാരിച്ചു എന്ന് മാത്രം. അല്ലാതെ പിണങ്ങി പോകാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല…
‘എടി നീ എവിടെ പോവാ…?
ഞാൻ സോഫയിൽ എഴുന്നേറ്റു ഇരുന്നു അവളോട് പിന്നെയും ചോദിച്ചു..
‘ഞാൻ എന്റെ വീട്ടിൽ പോകുവാ എന്ന് പറഞ്ഞില്ലേ.. ഞാൻ പൂക്കുട വരെ പോകുവാ..’
അവൾ പാലക്കാട് പോകുന്ന കാര്യമാ പറയുന്നെ
‘അതിന് ഇപ്പൊ എന്ത് ഉണ്ടായി…?
ഞാൻ അവളോട് ചോദിച്ചു
‘ഒന്നും ഉണ്ടായില്ല. അവിടെ ഉത്സവം ആണ് ഇപ്പൊ. നാളെ ആറാട്ടാണ്. അത് കൊണ്ട് തൊഴാൻ പോകുവാ..’
അവൾ പറഞ്ഞു.
‘എക്സാം കഴിഞ്ഞില്ലല്ലോ.. ഇപ്പൊ പോയാൽ പിന്നെ..?
‘അതിന് രണ്ട് ദിവസം കഴിഞ്ഞു ഞാൻ ഇങ്ങു വരും. എക്സാം ഒരാഴ്ച കഴിഞ്ഞല്ലേ.. കഴിഞ്ഞ കൊല്ലം എക്സാം ആയത് കൊണ്ട് ആറാട്ട് മിസ്സ് ആയിരുന്നു. ഇത്തവണ ലക്ക് ഉണ്ട്..’
ഇഷാനി പറഞ്ഞു
‘എന്നിട്ട് നീ എന്നാ എന്നോട് പറയാഞ്ഞത്..? ഞാൻ ഇപ്പൊ അല്ലേ അറിയുന്നെ..’
ഞാൻ ചോദിച്ചു
‘ ഇന്നലെ ആണ് ഞാൻ പോകാമെന്നു വച്ചത്. പിന്നെ ഇന്നലെ നിന്റെ ഫ്രണ്ട് വന്നു അങ്ങനെ അത് പറയാൻ വിട്ടു പോയി. അത് കഴിഞ്ഞു വഴക്ക് ഉണ്ടാക്കി പിന്നെയും വിട്ടു പോയി..’
അവൾ പറഞ്ഞു
‘എന്നിട്ട് രാവിലെ പറഞ്ഞോ..? ഇത്രയും നേരം ഉണ്ടായിട്ട്…’
‘ശെടാ ഞാൻ പറയുമല്ലോ.. അതിന് മുന്നേ നീ ചോദിച്ചതാ. നിന്നോട് പറയാതെ ഞാൻ പോകുമോ..?
അവൾ ചോദിച്ചു
‘നീ എന്തേലും ദേഷ്യത്തിന്റെ പുറത്തു പോകുവാണോ..?
ഞാൻ പിന്നെയും സംശയത്തോടെ ചോദിച്ചു
‘ഉത്സവം ആയത് കൊണ്ട് പോകുവാ എന്ന് പറഞ്ഞില്ലേ അർജുൻ. ഞാൻ പിണങ്ങി പോകുവൊന്നും അല്ല. നീ എപ്പോളും അങ്ങനെ പേടിച്ചു ഇരിക്കാതെ..’
അവൾ ഡ്രസ്സ് എല്ലാം മടക്കി വച്ചു കൊണ്ട് പറഞ്ഞു
‘എന്നാ ഞാൻ കൊണ്ട് വിടാം..’
ഞാൻ പറഞ്ഞു
‘അത് വേണ്ട. ഞാൻ തന്നെ പൊക്കോളാം..’
അവൾ പറഞ്ഞു
‘ഞാൻ കൊണ്ട് വിടാമെടി.. കുഴപ്പമില്ല..’
ഞാൻ പറഞ്ഞു
‘കുഴപ്പമുണ്ട്. എപ്പോളും നിന്നെ കൊണ്ട് അവിടേക്ക് ചെന്നാൽ എന്റെ വീട്ടുകാർ എന്ത് കരുതും. അന്ന് ഹർത്താൽ ആയത് കൊണ്ടാ അവരൊന്നും പറയാഞ്ഞത്.. പിന്നെയും അങ്ങനെ ചെന്നാൽ അവർക്കൊന്നും ഇഷ്ടപ്പടില്ല..’
ഇഷാനി പറഞ്ഞു
അവൾ അങ്ങനെ പറഞ്ഞത് എന്തോ എനിക്ക് ഫീലായി. ആ പറച്ചിലിൽ എന്തോ ഒരു ഇഷ്ടക്കുറവ് എനിക്ക് ഫീൽ ചെയ്തു. അവൾ പറഞ്ഞത് കാര്യം തന്നെ ആണ്. പക്ഷെ അവളുടെ പറച്ചിലിന്റെ രീതി എന്തോ ഹേർട്ട് ആക്കി. ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. അവൾ എല്ലാം ബാഗിലാക്കി കഴിഞ്ഞു ഒരുങ്ങാൻ വേണ്ടി മുറിയിൽ കയറി
‘ടാ ഇതിൽ എത് ഇടണം.. വൈറ്റ് ഇടണോ ബ്ലാക്ക് ഇടണോ…?
ഇഷാനി രണ്ട് ചുരിദാർ കാണിച്ചിട്ട് ഒരെണ്ണം സെലക്ട് ചെയ്യാൻ പറഞ്ഞു
‘രണ്ടും നല്ലതാ…’
എന്റെ മൂഡ് ശരി അല്ലായിരുന്നു. അത് കൊണ്ട് ഏതാണ് നല്ലത് എന്നൊന്നും എനിക്ക് ആലോചിക്കാൻ തോന്നിയില്ല
‘ഏതെങ്കിലും ഒരെണ്ണം സെലക്ട് ചെയ്യടാ..’
അവൾ പറഞ്ഞു. ഞാൻ വൈറ്റ് എന്ന് പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് മുറിയിൽ കയറി. ഒരുങ്ങി ഇറങ്ങി കഴിഞ്ഞു എങ്ങനെ ഉണ്ടെന്ന് ഒക്കെ അവൾ ചോദിച്ചു. ഞാൻ കൊള്ളാമെന്നു പറഞ്ഞു. ശരിക്കും കൊള്ളാം അവളെ കാണാൻ. പക്ഷെ എനിക്ക് അവളുടെ പോക്കും മൂന്നെ പറഞ്ഞ കാര്യവും ഒക്കെ മനസ്സിൽ കിടപ്പുണ്ടായിരുന്നു..
‘എന്നേ സ്റ്റേഷനിൽ കൊണ്ട് വിട്..’
ഇഷാനി പറഞ്ഞു
ഞാൻ അവളെ സ്റ്റേഷനിൽ ഇറക്കാൻ വേണ്ടി ബൈക്ക് എടുത്തു ഇറങ്ങി. പോണ വഴി ഒക്കെ ഇഷാനി ജോളി ആയി സംസാരിച്ചു കൊണ്ടിരുന്നു. എനിക്ക് പക്ഷെ അത്ര ജോളി ആയി ഫീൽ തോന്നിയില്ല. അവൾക്ക് പോകുന്നതിൽ ഒരു വിഷമവും ഇല്ലല്ലോ. രണ്ട് ദിവസം ആണേൽ കൂടി അവളെ മിസ്സ് ചെയ്യുന്നത് ഓർത്തു എനിക്ക് ഇപ്പൊ തന്നെ ഫീൽ ആയി പണ്ടാരം അടങ്ങാൻ തുടങ്ങി. മനസാക്ഷി ഇല്ലാത്തവൾ ചിരിച്ചു കളിച്ചു പുറകിൽ ഇരിക്കുവാ..
