ശിവാനി പറഞ്ഞു
‘ഞാനന്ന്… ഞാൻ കുറെ നാൾ കൂടിയാ അമ്മയെ അന്ന് കണ്ടത്.. അപ്പോളത്തെ അവസ്‌ഥയിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. അസുഖം ഉണ്ടെന്ന് ഒന്നും എനിക്ക് ഇന്ന് വരെ അറിയില്ലായിരുന്നു…’
ഇഷാനി പഴയത് എല്ലാം ഓർത്തു കൊണ്ട് പറഞ്ഞു
‘അങ്ങനെ ചേച്ചി പ്രതികരിക്കൂ എന്ന് ഞാൻ അമ്മയോട് കുറെ പറഞ്ഞതാ.. അമ്മയ്ക്കും അത് അറിയാമായിരുന്നു. പക്ഷെ അമ്മയ്ക്ക് കണ്ടേ തീരൂ എന്നായി…’
‘ഞാൻ…’
ഇഷാനിക്ക് എന്ത് പറയണം എന്നറിയാതെ ആയി
‘ചേച്ചി അന്ന് ചെയ്തത് തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല.. എനിക്ക് അറിയാം ചേച്ചിക്ക് ഉണ്ടായ നഷ്ടങ്ങൾ.. എന്റെ അച്ഛന്റെയും അമ്മയുടെയും ഭാഗത്തു തെറ്റുണ്ട്.. അതൊക്കെ പ്രായം ആയപ്പോൾ എനിക്ക് തന്നെ മനസിലായി.. ഞാൻ ആണേലും അങ്ങനെ ഒക്കെയേ പ്രതികരിക്കൂ…’
ശിവാനി പറഞ്ഞു
‘ അമ്മയുടെ ബന്ധുക്കൾ ഒക്കെ…?
ഇഷാനി അവരെ കുറിച്ച് തിരക്കി
‘അവരൊന്നും ആയി ബന്ധം ഇല്ലായിരുന്നു.. എന്റെ അച്ഛന്റെ ഒപ്പം കല്യാണം കഴിച്ചു കഴിഞ്ഞു അവരുമായി പിന്നെ അടുത്തിട്ടില്ല.. അച്ഛന്റെ വീട്ടുകാർ ആയി ചെറിയ അടുപ്പം ഉണ്ട്. പക്ഷെ എന്നാലും വർഷങ്ങൾ ആയി അങ്ങോട്ട് ഒക്കെ പോയിട്ട്. ഇപ്പൊ അതെല്ലാം മുറിഞ്ഞു പോയ ബന്ധങ്ങൾ ആണ്..’
ശിവാനി പറഞ്ഞു
‘അമ്മയുടെ വീട്ടുകാർ ആയി എനിക്കും അത് പോലെ തന്നെ.. ആദ്യം കുറച്ചു നാളൊക്കെ എഴുത്ത് ഒക്കെ വരുമായിരുന്നു എന്നെ കുറിച്ച്.. പിന്നെ അതൊക്കെ നിന്നു…’
ഇഷാനി പറഞ്ഞു. രണ്ട് പേരും പിന്നെയും സംസാരിച്ചു.. പരസ്പരം അറിയാൻ ഉള്ളതെല്ലാം അവർ ചോദിച്ചു
‘ചേച്ചി എന്തിനാ മുടി വെട്ടിയെ..? നല്ല മുടി അല്ലാരുന്നോ…?
ശിവാനി കുറെ നാളായുള്ള അവളുടെ സംശയം ചോദിച്ചു
‘ഇപ്പൊ കൊള്ളില്ലേ എന്നെ കാണാൻ…?
ഇഷാനി സ്റ്റൈലിൽ മുടി ഒതുക്കി ചോദിച്ചു
‘ഇപ്പോളും അടിപൊളി ആ.. പക്ഷെ അത്രേം മുടി എന്തിനാ ഒറ്റയടിക്ക് വെട്ടിയെ…? എനിക്ക് ആദ്യം ചേച്ചിയെ അങ്ങനെ കണ്ടപ്പോ സങ്കടം തോന്നി…’
തന്റെ ജീവിതം ദൂരെ മാറി നിന്ന് അനിയത്തിയും അമ്മയും കാണുന്നുണ്ടായിരുന്നു എന്ന് ഇഷാനി മനസിലാക്കി.
‘ഞാൻ ആരോടും ഇതങ്ങനെ പറഞ്ഞിട്ടില്ല.. നിന്നോട് ആയോണ്ട് പറയാം.. എന്നെ ഒരാൾ റാഗ് ചെയ്ത് തല്ലി മുടി ബലമായി വെട്ടി കളഞ്ഞതാ…’
ഇഷാനി പറഞ്ഞു
‘ചുമ്മാ…’
വിശ്വാസം വരാതെ ശിവാനി പറഞ്ഞു
‘ചുമ്മാതല്ല.. സത്യം ആയിട്ടും… അല്ലേൽ അത്രയും മുടി വെട്ടി കളയാൻ എനിക്ക് പ്രാന്ത് ഉണ്ടോ…?
‘അയ്യോ.. അതാരാ ആ ദുഷ്ട.. അവളെ ഇനി കയ്യിൽ കിട്ടിയാൽ ചേച്ചി നല്ലത് പോലെ തിരിച്ചു കൊടുക്കണം..’
ശിവാനി പറഞ്ഞു
‘അതൊക്കെ പഴയ കഥ അല്ലേ.. അവൾ ആണേൽ രണ്ട് ദിവസം മുമ്പ് എന്നോട് എല്ലാത്തിനും സോറി ഒക്കെ പറഞ്ഞു. ഇപ്പൊ അവളും ഞാനും കൂട്ടാ…’
ഇഷാനി പറഞ്ഞു
‘അത്രയും ഒക്കെ ചെയ്ത ആളോട് കൂട്ട് കൂടാനോ ഇനിയും…?
ശിവാനി ചോദിച്ചു
‘ചിലതൊക്കെ നമ്മൾ മറക്കണം.. ചിലതൊക്കെ പൊറുക്കണം ശിവാനിക്കുട്ടി…’
ഇഷാനി അനിയത്തിയുടെ മൂക്കിൽ തൊട്ട് കൊണ്ട് പറഞ്ഞു
‘അപ്പൊ ഞങ്ങളോട് ക്ഷമിച്ചോ…?
ശിവാനി ചോദിച്ചു
‘നിങ്ങളോട് ക്ഷമിക്കാൻ നീ എന്നോട് ഒന്നും ചെയ്തിട്ടില്ലല്ലോ…’
ഇഷാനി പറഞ്ഞു
‘അമ്മയോട്…?
ശിവാനി ചോദിച്ചു.. ഇഷാനി ഒന്ന് ചിരിക്കുക മാത്രം ചെയ്തു
‘എന്നാലും നീ അന്ന് എന്നോട് ഹെല്പ് ചോദിച്ചു വന്നപ്പോൾ ഞാൻ ദേഷ്യപ്പെടുമോ എന്നൊന്നും ഓർത്തില്ലേ…?
ഇഷാനി ചോദിച്ചു
‘അന്ന് ഞാൻ ഒന്നും ഓർത്തില്ല.. ആകെ പേടി ആയിരുന്നു.. പോകാൻ എനിക്ക് വേറെ ആരും ഇല്ലായിരുന്നു..’
ശിവാനി സങ്കടത്തോടെ പറഞ്ഞു
‘അന്ന് എനിക്ക് ആക്‌സിഡന്റ് ആയിരുന്നു.. ഞാൻ ഒന്നും അറിഞ്ഞില്ല. ഇപ്പൊ എനിക്ക് കുഴപ്പം ഒന്നുമില്ല കേട്ടോ.. എന്ത് ഉണ്ടേലും നിനക്ക് എന്റെ അടുത്ത് വരാം… നിന്റെ ചേച്ചിയുടെ അടുത്ത്…’
ഇഷാനി അവളുടെ കയ്യിൽ തലോടി
‘ചേച്ചി ആക്‌സിഡന്റ് ആയത് ഞാൻ അപ്പോൾ അവിടെ വച്ചു ചേട്ടൻ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്.. എനിക്ക് കാണണം എന്നുണ്ടായിരുന്നു. പിന്നെ അമ്മ ഹോസ്പിറ്റലിൽ ആയത് കൊണ്ട് അപ്പോൾ വന്നു കാണാൻ പറ്റിയില്ല…’
