രാഹുൽ പറഞ്ഞത് പോലെ തന്നെ ഇഷാനി കോളേജിൽ വന്നു. അത് ഒരുതരത്തിൽ എനിക്ക് ആശ്വാസം നൽകി. അവൾ പഠനം ഉപേക്ഷിക്കുമോ എന്നൊക്കെ ഞാൻ വെറുതെ ഭയന്നിരുന്നു.. അന്ന് വൈകുന്നേരം വരെ അവൾ എന്റെയും ഞാൻ അവളുടെയും വഴിയിൽ വന്നില്ല.. ക്ലാസ്സ് അവസാനിച്ചു കഴിഞ്ഞു ക്ലാസ്സിൽ അധികം പേരൊന്നും ഇല്ലാതെ ഞങ്ങൾ കുറച്ചു പേര് മാത്രം ഇരിക്കുമ്പോ ആണ് ഇഷാനി ക്ലാസ്സിലേക്ക് വന്നത്. അവൾ പോയി കാണും എന്നാണ് ഞാൻ കരുതിയത്.. ഇഷാനി എന്റെ നേർക്കാണ് വന്നത്.. അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് പെട്ടന്ന് ശ്വാസം നെഞ്ചിൽ തടഞ്ഞു നിൽക്കുന്നത് പോലെ തോന്നി.. ഇഷാനി എന്റെ അടുത്തേക്ക് വരുന്നത് കണ്ട് ആണ് അവന്മാർ നൈസ് ആയി മാറി..
ഇഷാനി മെല്ലെ എന്റെ അടുത്തേക്ക് വന്നു.. എനിക്ക് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കണോ ഇരിക്കണോ എന്ന് തന്നെ അറിയാത്ത അവസ്‌ഥ ആയി. ഇഷാനി എന്റെ അടുത്ത് വന്നു നിന്നു. അവളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും എനിക്ക് പിടികിട്ടിയില്ല.. അവൾക്കെന്താണ് പറയാൻ ഉള്ളതെന്ന് ഞാൻ ഓർത്തു… പക്ഷെ അവൾ എന്നോട് ഒന്നും പറഞ്ഞില്ല. കയ്യിൽ ഇരുന്ന ഒരു പൊതി അവൾ മെല്ലെ എന്റെ ഡെസ്കിലേക്ക് വച്ചിട്ട് അവൾ തിരിഞ്ഞു നടന്നു.. ഞാൻ പെട്ടന്ന് തന്നെ ആ പൊതി എടുത്തു ആരും കാണാതെ ശ്രദ്ധയോടെ അഴിച്ചു നോക്കി.. അതിനുള്ളിൽ ഞാൻ അവൾക്ക് സമ്മാനിച്ച സ്വർണ്ണപാദസ്വരമായിരുന്നു……
ഇഷാനി അത് തിരിച്ചു തന്നത് ഓർത്തു എന്റെ മനസ്സ് വല്ലാതെ ആയി. അവളെ അതിൽ കുറ്റം പറയാൻ കഴിയില്ല എങ്കിലും ഞാനുമായി ഉള്ള എല്ലാം അവൾ അവസാനിപ്പിച്ചത് ഓർത്തപ്പോ വല്ലാത്ത വിഷമം തോന്നി.. ക്ലാസ് കഴിഞ്ഞു തിരിച്ചു പോകാൻ നേരം കൃഷ്ണ എന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു.. ഞാൻ ബൈക്ക് പാർക്ക് ചെയ്ത ബദാം മരത്തണലിൽ അവൾക്കൊപ്പം നടന്നു.. കൃഷ്ണ കാര്യം ഒന്നും അറിയാതെ പഴയത് പോലെ എന്നോട് പെരുമാറി.. എനിക്ക് ഇത് ഒരുപാട് പിടിച്ചു വക്കാൻ തോന്നിയില്ല.. എല്ലാം കൃഷ്ണയോട് തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു… അവൾ ആണേൽ വളവളാ എന്ന് എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്. ലച്ചുവിന്റെ കാര്യമൊക്കെ ഇടയ്ക്കു കേക്കുമ്പോ എനിക്ക് പൊളിഞ്ഞു കേറി..
‘കൃഷ്ണ… എനിക്ക് ഒരു കാര്യം പറയാനുണ്ട്…’
ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ കാര്യം പറയാൻ തുനിഞ്ഞു
‘എന്താടാ…?
ഞാൻ പറയാൻ പോകുന്നതിന്റെ ആഘാതം എത്ര ഉണ്ടാകും എന്ന് അറിയാതെ അവൾ നിസാരമായി ചോദിച്ചു..
‘നീ മുമ്പ് എന്റെയും ഇഷാനിയുടെയും കാര്യം പറഞ്ഞില്ലേ… ടൂറിനു ഇടയിൽ വച്ചു… അത് സത്യം ആയിരുന്നു….’
ഞാൻ പറഞ്ഞു
‘എന്ത്.. എന്ത് പറഞ്ഞെന്നാ..?
ഇഷാനിയുടെ പേര് കേട്ടപ്പോ അവൾ കുറച്ചു നേർവസ് ആയി..
‘എനിക്ക് അവളോട് ഉള്ള ഫീലിംഗ്സിനെ പറ്റി.. അത് സത്യം ആയിരുന്നു… എനിക്ക്… എനിക്കവളെ ശരിക്കും ഇഷ്ടം ആയിരുന്നു…’
അത് പറഞ്ഞപ്പോൾ ഞാൻ കൃഷ്ണയുടെ കണ്ണുകളിൽ നോക്കി.. അവളുടെ കണ്ണുകളിൽ ഒരു വേദന വന്നലയ്ക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു.. പക്ഷെ ഇതെനിക്ക് പറഞ്ഞെ തീരൂ….
‘ഓക്കേ…. ഓക്കേ…’
കൃഷ്ണ കുറച്ചു അസ്വസ്‌ഥ ആയെങ്കിലും പതിയെ മനസിനെ നിയന്ത്രണത്തിൽ ആക്കി..
‘പക്ഷെ നിങ്ങൾ തമ്മിൽ ഇപ്പൊ പിണക്കത്തിൽ അല്ലേ..? ഇപ്പോളും നിനക്ക് അങ്ങനെ ഉണ്ടോ അവളോട്….?
‘അത് പറയാൻ ആണ് ഞാൻ വന്നത്.. നീ അറിയാത്ത ചില കാര്യങ്ങൾ നടന്നിരുന്നു.. ഞാൻ ഒന്നും നിന്നിൽ നിന്നും മറച്ചു വച്ചതല്ല മനഃപൂർവം.. പക്ഷെ അത് അങ്ങനെ ആയിപ്പോയി ഒടുവിൽ…’
ഞാൻ അവളെ വേദനിപ്പിക്കാൻ ഗത്യന്തരമില്ലാതെ ആ സത്യം പറയാൻ ഒരുങ്ങി
‘എന്താ…?
ഒരു ഭീതിയോടെ അവൾ ചോദിച്ചു
‘എന്റെ ഉള്ളിൽ ഇങ്ങനെ ഒരു ഇഷ്ടം ഉള്ള കാര്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.. അവൾക്ക് ഫ്രണ്ട്സ് ആയി ഇരുന്നാൽ മതി എന്നായിരുന്നു.. അങ്ങനെ പോകുമ്പോൾ ആണ് ഞങ്ങൾക്ക് ഇടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി ആ ഫ്രണ്ട്ഷിപ് കട്ട് ആകുന്നത്… ഈ ക്രിസ്തുമസ് വെക്കേഷൻ വരെയും ഞങ്ങൾ തമ്മിൽ ഒരു കണക്ഷനും ഇല്ലായിരുന്നു ഇടയിൽ…’
