അത്ര പ്രൈവറ്റ് ഫോട്ടോ ഒന്നുമല്ല. ഞങ്ങൾ രണ്ട് പേരും ചേർന്നു ഇരിക്കുന്നു. അത്ര മാത്രം.. പക്ഷെ അത് തനിക്ക് അയച്ചത് പിന്നെയും കളിയാക്കാൻ ആണെന്ന് കൃഷ്ണയ്ക്ക് മനസിലായി. അർജുൻ ആയിരിക്കില്ല അത് അയച്ചത് എന്നും അവൾക്ക് അറിയാം. ഇഷാനി എല്ലാത്തിനും തന്നോട് കണക്ക് ചോദിക്കുകയാണ്..
സംഭവിച്ചതിന് എന്ത് എക്സ്പ്ലാനേഷൻ കൊടുക്കണം എന്ന് അറിയാതെ ഞാൻ കുഴങ്ങി നിൽക്കുമ്പോ ആണ് കൃഷ്ണയുടെ ഡിപി അപ്രത്യക്ഷമായത്.. അങ്ങനെ ഞാൻ അവളുടെ ബ്ലോക്കിൽ വീണിരിക്കുന്നു. അത് കൊണ്ട് അവളോട് ഇപ്പൊ ഒന്നും പറയേണ്ട. പക്ഷെ ഇനി കാണുമ്പോ പറഞ്ഞല്ലേ പറ്റൂ. ഇനി കാണുമ്പോ മിണ്ടാൻ എങ്കിലും കൂട്ടാക്കുമോ അവൾ…?
‘നീ കുറച്ചു ഓവർ ആകുന്നുണ്ട്.. എന്തിനാ നമ്മുടെ ഫോട്ടോ അവൾക്ക് അയച്ചു കൊടുക്കുന്നെ..? ഞാൻ പറഞ്ഞല്ലോ അവൾ എല്ലാം വിട്ടെന്ന്…’
ഞാൻ ഇഷാനിയോട് ചെറുതായ് ദേഷ്യപ്പെട്ടു
‘ഓവർ ആകും. അവൾ എന്നോട് കാണിച്ചത് ഒക്കെ വച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല..’
‘അതിനൊക്കെ ഇപ്പൊ ആണോ പകരം ചോദിക്കാൻ തോന്നിയത്.. മൂന്ന് കൊല്ലം ഉണ്ടായിട്ട് ഇപ്പോ ആണോ നിനക്ക് എല്ലാം ഓർമ വന്നത്…?
ഞാൻ ചോദിച്ചു
‘ആ എനിക്ക് ഇപ്പോളാണ് തോന്നിയത്. ഇനിയും തോന്നുമ്പോ ഇനിയും ചെയ്യും.. നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
അവൾ ചോദിച്ചു
‘ഉണ്ട്.. എനിക്ക് ഇഷ്ടം ആകുന്നില്ല നിന്റെ ഈ സ്വഭാവം…’
ഞാൻ തുറന്നു പറഞ്ഞു
‘നീ ഇഷ്ടപ്പെടണ്ട. നീ പെട്ടാലും ഇല്ലേലും ഞാൻ ഇനിയും അവളെ കളിയാക്കും.. നിന്റെ പേര് പറഞ്ഞു തന്നെ കളിയാക്കും..’
ഇഷാനി ദേഷ്യത്തിൽ പറഞ്ഞു. എന്നോടുള്ള ദേഷ്യത്തിൽ അല്ല. കൃഷ്ണയോടുള്ള ദേഷ്യം
‘നീ അവളോട് ഉള്ള ദേഷ്യം തീർക്കാൻ ആണോ എന്റെ അടുത്ത് പിന്നെയും വന്നത്…?
ഞാൻ ചോദിച്ചു
‘ഓ.. ഇപ്പോളും നിനക്ക് എന്റെ ഇഷ്ടത്തിൽ വിശ്വാസം ഇല്ലല്ലേ.. വേണ്ട.. നീ അങ്ങനെ തന്നെ കരുതിക്കോ…’
ഞാൻ ആ പറഞ്ഞത് അവൾക്ക് ഫീൽ ആയി. ഇഷാനി പിണങ്ങി പോകാൻ എഴുന്നേറ്റ്..
‘ഹാ.. പോകാതെ.. പിണങ്ങില്ല എന്നൊക്കെ ഇന്നലെ പറഞ്ഞ ആൾ ആണേ…’
‘ഞാൻ പോകുവാ.. എനിക്ക് കടയിൽ പോണം..’
അവൾ പറഞ്ഞു
‘ഇന്ന് പോണില്ല എന്ന് കുറച്ചു മുന്നേ പറഞ്ഞിട്ട്…?
‘ഇപ്പൊ പോണം എന്ന് പറയുന്നു..’
‘ഞാൻ കൊണ്ട് വിടാം..’
ഞാൻ പറഞ്ഞു
‘വേണ്ട.. എനിക്ക് തന്നെ പോകാൻ അറിയാം…’
അവൾ പറഞ്ഞു
ഞാൻ അതിന് മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ പിന്നെയും ഒരു പിണക്കം തമ്മിൽ വരണ്ട എന്ന് കരുതി ആകണം അവൾ ആ പ്രശ്നം കുറച്ചു തണുപ്പിച്ചു
‘വേണ്ട എന്ന് പറഞ്ഞാൽ പിന്നെ നിർബന്ധിക്കരുത് കേട്ടോ.. ഇവിടുന്ന് ഇനി ബസ് പിടിച്ചു പോകാൻ ഒന്നും എന്നേ കൊണ്ട് മേല.. മര്യാദക്ക് എന്നേ അവിടെ കൊണ്ട് ഇറക്കിക്കോ….’
അവൾക്ക് എന്നോട് പിണക്കം ഒന്നുമില്ല എന്ന് എനിക്ക് മനസിലായി. പക്ഷെ കൃഷ്ണ ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ കിടന്ന് പുകയുന്ന ഒരു പ്രശ്നം ആയിരുന്നു…
പിറ്റേന്ന് ക്ലാസിൽ വന്നപ്പോൾ എല്ലാവരുടെയും ചോദ്യങ്ങളും വിഷസും ഒക്കെ ഞങ്ങളെ മൂടി. സെറ്റ് ആയിട്ട് രണ്ടാം ദിവസം തന്നെ പിണങ്ങി എന്നത് നാണക്കേട് ആകുമെന്നത് കൊണ്ട് ഞങ്ങൾ രണ്ട് പേരും ഇടയിൽ പ്രശ്നം ഇല്ലാത്തത് പോലെ അഭിനയിച്ചു.. കൃഷ്ണ അന്ന് ക്ലാസ്സിൽ വന്നില്ല. ബ്ലോക്ക് ആയത് കൊണ്ട് പിന്നെ ചോദിക്കാനും എനിക്ക് കഴിഞ്ഞില്ല.. അത് കഴിഞ്ഞു പിന്നെയും കൃഷ്ണ ആബ്സെന്റ് ആയി. അത് ആവർത്തിച്ചപ്പോൾ അവളെ വിളിക്കാം എന്ന് തന്നെ ഞാൻ കരുതി. പക്ഷെ ആദ്യം ഒന്നും അവൾ ഫോൺ എടുത്തില്ല.. പിന്നെ ഞാൻ തുര്തുരെ വിളിച്ചോണ്ട് ഇരുന്നപ്പോൾ അവൾ സഹികെട്ടു ഫോൺ എടുത്തു എന്റെ നേരെ ചൂടായി.. താൻ ചാകാൻ ഒന്നും പോണില്ല എന്നും കുറച്ചു മനഃസമാദാനം തരുമോ എന്നുമൊക്കെ ചോദിച്ചു എന്റെ നേരെ ചാടി.. എന്തായാലും അവൾ ഓക്കേ ആയി വരുന്നുണ്ട് എന്ന് എനിക്ക് തോന്നി..
അടുത്ത ദിവസവും അവൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അന്നും അവൾ വന്നില്ല.. അന്ന് ആണേൽ ഉച്ച കഴിഞ്ഞു ക്ലാസ്സ് കാണാൻ സാധ്യത ഇല്ലാത്തത് കൊണ്ട് പകുതി പിള്ളേരും ക്ലാസ്സിൽ ഇല്ലായിരുന്നു. പുറത്ത് ആണേൽ നല്ല മഴയും.. പുറത്തെ കോരിച്ചൊരിയുന്ന മഴയും ക്ലാസ്സിലെ കുട്ടികളുടെ ചലപില ശബ്ദവും ശ്രദ്ധിച്ചു കൊണ്ട് ഡെസ്കിൽ ചെവി വച്ചു ഞാൻ കിടന്നു.. ചെരിഞ്ഞു കിടന്നത് കൊണ്ട് അങ്ങേ അറ്റത്തു ഇഷാനി ഇരിക്കുന്നത് എനിക്ക് കാണാം.. ക്ലാസ്സിൽ ബൾബ് ഇട്ടിട്ടുണ്ട് എങ്കിലും മഴ കാരണം ജനാലകൾ എല്ലാം അടച്ചത് കൊണ്ട് ഇരുട്ടായിരുന്നു ക്ലാസിൽ കൂടുതൽ പരന്നത്..
