റോക്കി – 6 26അടിപൊളി  

ഞാൻ അവളുടെ കവിളിൽ കൈ വച്ചു. അവളുടെ മുഖം മുഴുവൻ എന്റെ വിരലുകൾ ഒഴുകി നടന്നു. അവളെ ആദ്യമായ് കാണുന്നത് പോലെ ആ മുഖത്തേക്ക് ഞാൻ തീവ്രമായ പ്രണയം നിറഞ്ഞ കണ്ണുകൾ കൊണ്ട് നോക്കി.. ഇഷാനി എന്നെ അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്റെ മുഖം അവളുടെ നെഞ്ചിൽ… എന്റെ മുടികളിൽ അവൾ തലോടി.. എന്റെ ഉള്ളം തലയിലും അവൾ മുത്തി.. ഒരു കുഞ്ഞിന്നോടെന്ന പോലെ വാത്സല്യത്തിൽ അവളെന്നെ പുണർന്നു..

‘ഞാൻ എങ്ങും പോവില്ല എന്റെ ചെക്കനെ വിട്ടു.. കേട്ടോ..?
ഇഷാനി ചോദിച്ചു.. അവളുടെ നെഞ്ചിൽ കിടന്നു ഞാൻ മറുപടിയായി മൂളി.. പെട്ടന്നാണ് എനിക്ക് അടിയുടെ കാര്യം ഓർമ്മ വന്നത്. ഞാൻ മുഖം ഉയർത്തി അവളുടെ കവിളുകളിലേക്ക് നോക്കി.. ദൈവമേ ചുവന്നു തിണിർത്ത് വിരൽ പാടുകൾ അവളുടെ കവിളിൽ ഉണ്ട്.. നല്ല അടിയാണല്ലോ ഞാൻ കൊടുത്തത്… എന്നിൽ പിന്നെയും സങ്കടം ഇരച്ചു കയറി

‘അയ്യോ.. സോറി.. ഞാൻ എന്റെ പൊന്നിനെ തല്ലി അല്ലേ.. സോറി.. സോറി…’
ഞാൻ ആ പാടുകളിൽ തലോടി പറഞ്ഞു

‘അത് സാരല്ല.. എനിക്ക് ഒരെണ്ണത്തിന്റെ കുറവ് ഉണ്ടായിരുന്നു..’
അവളത് കാര്യമാക്കാതെ ചിരിച്ചു കൊണ്ട് പറഞ്ഞു

‘സോറി.. ഞാൻ ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല.. ശേ.. എനിക്ക് എന്താ പറ്റിയത്..’

‘കുഴപ്പമില്ലടാ.. ഞാൻ ഒരു കാര്യവും ഇല്ലാതെ നിന്നെ തല്ലിയിട്ടില്ലേ..? അത് നീ തിരിച്ചു തന്നെന്ന് ഓർത്താൽ മതി..’
ഇഷാനി അവളുടെ കവിളിൽ ഇരുന്ന എന്റെ കൈകളിൽ കൈ ചേർത്ത് പറഞ്ഞു

‘നിനക്ക് വേദനിച്ചോടാ….?
ഞാൻ സങ്കടത്തോടെ ചോദിച്ചു

‘ഇല്ല……’
അത് പറഞ്ഞപ്പോൾ അവൾക്കും ശരിക്കും സങ്കടം വന്നു. അത് നിയന്ത്രിച്ചു നിക്കാൻ അവൾക്ക് കഴിഞ്ഞില്ല.. പെട്ടന്ന് രണ്ട് തുള്ളി കണ്ണീർ അവളുടെ കുഞ്ഞി കണ്ണുകളിൽ നിന്ന് പൊഴിഞ്ഞു

‘എനിക്ക് അറിയാം നൊന്തെന്ന്… ‘
ഞാൻ ആ കവിളിൽ ഒരു നനുത്ത മുത്തം കൊടുത്തു.. കണ്ണീർ പൊഴിഞ്ഞതോടെ അവൾക്ക് കരച്ചിൽ തികട്ടി വന്നു. അത് മനസിലാക്കി ഞാൻ അവളുടെ ചുണ്ടിൽ പെട്ടന്ന് ചുംബിച്ചു.. പിന്നെയും ചുംബിച്ചു.. മുന്നേ അവളുടെ കരച്ചിൽ നിർത്താൻ ചെയ്തത് പോലെ ഇപ്പോളും ചെയ്ത്. മൂന്നാല് തവണ ചെയ്തപ്പോ അവളും ഒരു ചെറിയ ചിരിയോടെ എനിക്ക് തിരിച്ചു മുത്തം തരാൻ തുടങ്ങി.. പൊട്ടി വിരിഞ്ഞ കരച്ചിലിനെ ഞാൻ മുത്തം കൊണ്ട് മൂടി..

അപ്പോളാണ് മഹാന്റെ കോൾ പിന്നെയും വന്നത്.. ഞാൻ കോളെടുത്തു
‘ഹലോ മഹാനെ…’

‘ഞാൻ എത്താറായി കേട്ടോ.. നീ ടെൻഷൻ ആകണ്ട..’
മഹാൻ എന്റെ കാര്യത്തിൽ പേടി ഉണ്ടായിട്ട് കൂടെ കൂടെ വിളിക്കുവാണ്

‘മഹാനെ പേടിക്കാൻ ഒന്നുമില്ല. അവൾക്ക് ഒന്നും പറ്റിയില്ല.. അവളെന്റെ കൂടെ ഉണ്ട്..’
ഞാൻ സന്തോഷത്തോടെ പറഞ്ഞു

‘ഇഷാനി മോൾ..? മോൾ നിന്റെ കൂടെ ഉണ്ടെന്നോ…? അപ്പോൾ അവളെ പിടിച്ചു കൊണ്ട് പോയെന്ന് പറഞ്ഞത്…?
മഹാന് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ല

‘അത് ആരെങ്കിലും പറ്റിക്കാൻ വിളിച്ചു പറഞ്ഞത് ആകും.. അവളെന്റെ കൂടെ ഉണ്ട്..’
ഞാൻ പറഞ്ഞു

‘ഹേയ്.. അതൊരു പക്കാ ഇൻഫർമേഷൻ ആയിരുന്നു.. അത്.. അത്.. തെറ്റാൻ വഴിയില്ല…’
മഹാൻ പറഞ്ഞു

‘പക്ഷെ അവളെന്റെ കൂടെ ഉണ്ടല്ലോ… ദേ അവൾ പറയും..’
ഞാൻ ഫോൺ ഇഷാനിയുടെ ചുണ്ടിന് അടുത്തേക്ക് വച്ചു

‘അങ്കിൾ… ഞാൻ ഇവിടെ ഉണ്ട്. എന്നെ ആരും പിടിച്ചു കൊണ്ട് പോയിട്ടൊന്നുമില്ല..’
ഇഷാനി പറഞ്ഞു
മഹാൻ ആകെ കൺഫ്യൂഷനിൽ ആയി.. അപ്പോൾ ഇഷാനിയെ പിടിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞത് വ്യാജമായ ഇൻഫർമേഷൻ ആയിരുന്നോ..? കോൾ കട്ട് ചെയ്തു ആ ഇൻഫർമേഷൻ തന്ന നമ്പറിലേക്ക് മഹാൻ തിരിച്ചു വിളിച്ചു. പക്ഷെ ആ നമ്പർ കോൾ എടുക്കുന്നില്ല..

ഇഷാനിക്ക് ഒന്നും സംഭവിച്ചില്ല എങ്കിലും ഇതൊരു നിമിത്തം പോലെ എനിക്ക് ഫീൽ ചെയ്തു. ഒരു സൂചന. അവൾ എന്റെ അടുത്ത് നിൽക്കുമ്പോ അപകടത്തിൽ ആണെന്ന് ഒരു സൂചന. ഇനിയും അവളെ എന്റെ കൂടെ നിർത്തുന്നത് തല്ക്കാലം സേഫ് അല്ല.. ഞാൻ അവളുടെ മുടികളിൽ തഴുകി കൊണ്ട് സ്നേഹത്തോടെ പറഞ്ഞു
‘നാളെ മര്യാദക്ക് വീട്ടിലേക്ക് പൊക്കോണം.. കേട്ടല്ലോ…’

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *