ആരാണ് വന്നതെന്ന് അറിയാൻ അവൾ ജനൽ വഴി നോക്കി. ബൈക്കിന്റെ ശബ്ദം ഇല്ലാഞ്ഞത് കൊണ്ട് അർജുൻ അല്ല വന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ ആണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന് അവൾക്ക് മനസിലായത്. കയ്യിലൊരു കവറുമായി പുറത്ത് നിൽക്കുന്ന വള്ളി രാഹുലാണ്. അവൾ കതക് തുറന്ന് അവനെ അകത്തേക്ക് വിളിച്ചു
‘അവനെവിടെ..?
രാഹുൽ ചോദിച്ചു
‘പുറത്തോട്ട് പോയി.. നീ ചുമ്മാ വന്നതാണോ..?
ഇഷാനി ചോദിച്ചു
‘ചുമ്മാ അല്ല.. ഇത് തരാൻ വന്നതാ.. ആറ്റു മീനാണ്.. നീ പോകുന്നേനു മുന്നേ മീൻ കറി വെക്കണം എന്ന് അവൻ പറഞ്ഞിരുന്നു. കിട്ടിയപ്പോൾ ഞാൻ കയ്യോടെ കൊണ്ട് വന്നതാ..’
രാഹുൽ കയ്യിലിരുന്ന കവർ അവൾക്ക് കൊടുത്തു
‘നിനക്ക് ഇതൊക്കെ വെട്ടി കൊണ്ട് വന്നൂടെ.. വെറുതെ എന്നെ കഷ്ടപ്പെടുത്താണോ..?
ഇഷാനി തമാശയായ് ചോദിച്ചു
‘അയ്യടാ.. രണ്ടും കൂടെ ഇരുന്ന് അങ്ങ് വെട്ടിയാൽ മതി.. ആട്ടെ അവനെവിടെ പോയതാ..?
രാഹുൽ ചോദിച്ചു
‘അവൻ ശിവാനിയുടെ അടുത്ത് വരെ..?
രാഹുലിന്റെ മുഖഭാവം മാറുന്നുണ്ടോ എന്നറിയാൻ ഇഷാനി അവനെ സൂക്ഷിച്ചു നോക്കി. അവന്റെ മുഖത്ത് എന്ത് എക്സ്പ്രഷൻ ഇടുമെന്നുള്ള കൺഫ്യൂഷൻ ആണ്..
‘ഓ..’
രാഹുൽ ഒന്ന് മൂളുക മാത്രം ചെയ്തു
‘അതാരാ അവന്റെ..?
ഇഷാനി വളച്ചു കെട്ടാതെ നേരെ ചോദിച്ചു
‘ആര്…?
കാര്യം അറിയാത്ത പോലെ അവൻ ചോദിച്ചു
‘ശിവാനി എന്ന് പറയുന്ന കുട്ടി.. അത് അവന്റെ ആരാണെന്ന്…?
ഇഷാനി അവന്റെ മുഖത്ത് നോക്കി ചോദിച്ചു
‘അത് എന്തിനാ നീ എന്നോട് ചോദിക്കുന്നെ.. അവനോട് ചോദിച്ചാൽ പോരെ..?
രാഹുൽ ചോദിച്ചു
‘അവനോട് ചോദിച്ചാൽ എന്തോ കള്ളത്തരം കാണിക്കുന്ന പോലെ ഒഴിഞ്ഞു മാറും…’
ഇഷാനി പറഞ്ഞു
‘എന്താ റീന ചേച്ചി സംശയം ആണോ..?
രാഹുൽ ചോദിച്ചു
‘സംശയരോഗം ഒന്നുമല്ല. പക്ഷെ അവൻ ഈ കാര്യം വരുമ്പോൾ എന്തോ ഒളിപ്പിക്കുന്നത് പോലെയാ ഫീൽ ചെയ്യുന്നെ. എനിക്ക് അറിയില്ല അത് എന്തിനാ എന്ന്.. എന്ത് ഉണ്ടേലും എന്നോട് പറഞ്ഞാൽ എന്താ…?
ഇഷാനി ചോദിച്ചു
‘നീ ഇത് എന്നോട് ചോദിക്കാതെ അവനോട് നേരിട്ട് ചോദിക്ക്..’
രാഹുൽ പറഞ്ഞു
‘അവനോട് ചോദിച്ചിട്ട് കാര്യമില്ല. അതാ നിന്നോട് ചോദിച്ചത്..’
‘എനിക്ക് അതിന് ഒന്നും അറിയില്ല..’
അവൻ പറഞ്ഞു
‘നീ കള്ളം പറയണ്ട. അവൻ എന്ത് ഉണ്ടേലും നിന്നോട് വന്നു പറയുമെന്ന് എനിക്ക് അറിയാം. പ്രത്യേകിച്ച് ഇത് പോലത്തെ ഉടായിപ്പ് കേസുകൾ.. ഇത് അറിയില്ല എന്ന് മാത്രം എന്നോട് നീ പറയല്ലേ..’
‘ശരി, സമ്മതിച്ചു അറിയാം. പക്ഷെ എനിക്കും നിന്നോട് പറയാൻ നിർവാഹമില്ല.. സോറി..’
രാഹുൽ പറഞ്ഞു
‘കൊള്ളാമെടാ.. നിങ്ങൾ ഫ്രണ്ട്സ് തമ്മിൽ എല്ലാം ആയിക്കോ.. എന്നോട് ഒന്നും പറയാൻ പാടില്ലല്ലോ..?
ഇഷാനി കെറുവിച്ചു
‘കുശുമ്പ് ഉണ്ടല്ലേ മോളെ…?
രാഹുൽ ചിരിച്ചു കൊണ്ട് ചോദിച്ചു
‘ഉണ്ട്.. നിന്നോട് പറയുന്നത് കൊണ്ടല്ല. എന്നോട് പറയാത്തത് കൊണ്ട്..’
ഇഷാനി പരിഭവത്തോടെ പറഞ്ഞു
‘അതൊക്കെ റെഡി ആകുമെടി. നിങ്ങൾ ഇപ്പോൾ സെറ്റ് ആയല്ലേ ഉള്ളു. പതിയെ പതിയെ നീ ആകും അവന്റെ ബെസ്റ്റ് ഫ്രണ്ട്. അപ്പോൾ ഞാനൊക്കെ ഔട്ട് ആകും.. അപ്പോൾ അവനെല്ലാം ആദ്യം നിന്നോട് വന്നു ഷെയർ ചെയ്യും..’
രാഹുൽ പറഞ്ഞു
‘എന്റെ ഒരു സമാധാനത്തിനു നിനക്ക് ആ പെണ്ണ് ആരാണെന്ന് ഒന്ന് പറയാമോ..? ഞാൻ അവനോട് പറയില്ല നീ പറഞ്ഞെന്ന്.. പ്ലീസ്..’
ഇഷാനി അവനോട് ചോദിച്ചു
‘സോറി. പറയില്ല..’
‘കഷ്ടം ഉണ്ട്.. നിനക്കൊക്കെ എത്ര അസൈമെന്റ് എഴുതി തന്നിട്ടുണ്ടെടാ. അതിന്റെ നന്ദി എങ്കിലും ഇപ്പോ ഒന്ന് കാണിക്ക്..’
ഇഷാനി പറഞ്ഞു
‘അയാം സോറി.. ഈ കാര്യത്തിൽ ഒരു ഹെല്പ് തരാൻ പറ്റില്ല..’
‘എന്നാൽ പറ.. എനിക്ക് പേടിക്കേണ്ടതായിട്ട് എന്തെങ്കിലും ഉണ്ടോ..? എനിക്ക് സമാധാനം ആയി ഇരിക്കാമോ…?
ഇഷാനി ചോദിച്ചു
‘ നിനക്ക് പേടിക്കാൻ ആയി ഒന്നും തന്നെ ഇല്ല..’
രാഹുൽ പറഞ്ഞു. അപ്പോൾ ഇഷാനിക്ക് ഉള്ളിലൊരു തെളിച്ചം വന്നു
‘പിന്നെ എന്തിനാ അവൻ എന്റെ അടുത്ത് കള്ളം പറയുന്നേ..?
ഇഷാനി ചോദിച്ചു
