‘നീ വലിയ ആൾ കളിക്കരുത്.. കല്യാണവീട് ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.. ഇനി അവന്റെ ദേഹത്ത് തൊട്ടാൽ ആണ്..’
ഇഷാനി ദേഷ്യത്തിൽ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു
‘എടി അതല്ല..’
ഞാൻ ഇഷാനിയെ പറഞ്ഞു മനസിലാക്കാൻ നോക്കി
‘നീ ഒന്നു വന്നെ..’
ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു
‘ നീ ഇങ്ങനെ പേടിക്കാതെ ഞാൻ അവനെ തല്ലിയത് ഒന്നുമല്ല. അതൊക്കെ കൊടുക്കാൻ ഉള്ളപ്പോ കൊടുത്തിട്ടുണ്ട്..’
ലച്ചു പിന്നെയും ഇഷാനിയെ മൂപ്പിച്ചു
‘അവന്റെ ദേഹത്ത് എങ്ങാനും നീ ഇനി തൊട്ടാൽ നിന്നെ കൊല്ലും ഞാൻ…’
ഇഷാനി ശരിക്കും ഭദ്രകാളിയേ പോലെ വിറച്ചു കൊണ്ട് പറഞ്ഞു
‘ഓ പിന്നെ.. അതൊന്ന് കാണണമല്ലോ…’
നാട്ടുമ്പുറത്തുകാരി തൊട്ടാവാടി പെണ്ണ് തന്നോട് തട്ടിക്കയറിയപ്പോ ലച്ചു വാശിപ്പുറത്തു കൈ നീട്ടി എന്നെ ഒന്ന് തൊടാൻ ഭാവിച്ചു. ഇഷാനിയേ ഒന്ന് കൂടി ദേഷ്യം പിടിപ്പിക്കാൻ ആയിരുന്നു അവളുടെ ഉദ്ദേശം. പക്ഷെ ഇഷാനി എത്രമാത്രം ദേഷ്യത്തിൽ ആയിരുന്നു എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും ഊഹിക്കാൻ കഴിഞ്ഞില്ല.. എന്നെ തൊടാൻ ലച്ചു കൈകൾ ഉയർത്തിയപ്പോൾ തന്നെ ഇഷാനി അവളുടെ മുഖത്ത് ആഞ്ഞടിച്ചു..
പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി. അവിടെ ഞങ്ങൾ മാത്രമേ ഉള്ളായിരുന്നു എങ്കിലും ശബ്ദം കേട്ട് ആളുകൾ ഞങ്ങൾ നിൽക്കുന്ന അവിടേക്ക് നോക്കി. ലച്ചു അടി കൊണ്ട കവിൾ പൊത്തി നിൽക്കുവായിരുന്നു.. അവിടെ നിന്നവർക്ക് ഒരടി പൊട്ടിയത് മനസ്സിലായോ ആവൊ…? ലച്ചുവിനെയും ഇഷാനിയേയും ഇത് വരെ കാണാത്ത വിധത്തിൽ ഞാൻ കണ്ട്.. പക്കാ വയലന്റ് എന്റെ കയ്യിൽ കിടന്നു അവളെ നോക്കി ഉറഞ്ഞു തുള്ളുകയാണ് ഇഷാനി. ലച്ചു ആവട്ടെ ഇഷാനി തന്റെ മുഖത്ത് അടിച്ച ഷോക്കിൽ കണ്ണ് നിറച്ചു എന്നെ നോക്കി നിൽക്കുന്നു.. രണ്ട് പേരും സ്വഭാവം കുറച്ചു നേരത്തേക്ക് വച്ചു മാറ്റിയത് പോലെ..
കാര്യം എന്തെന്ന് അറിയാൻ ലച്ചുവിന്റെ ഫ്രണ്ട്സ് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ഇഷാനിയേയും കൊണ്ട് അവിടുന്ന് മാറി. ഞങ്ങൾ പിന്നെ അവിടെ നിന്നില്ല. അപ്പോൾ തന്നെ വീട്ടിലേക്ക് പോന്നു. ഫൈസിയോട് പോലും പറയാൻ നിന്നില്ല. ഇഷാനി അവളെ കൈ വയ്ക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കാര്യം അവളോട് കാണിച്ചതിന് ഒക്കെ ലച്ചുവിന് ഒരെണ്ണം കിട്ടേണ്ടത് തന്നെ ആണ്. പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അത് കിട്ടുമെന്ന് അവളും കരുതിയില്ല. ഇഷാനിയുടെ വാക്ക് കേട്ട് അവളോട് സൗഹൃദം പുതുക്കാൻ ചെന്ന എനിക്കിനി ലച്ചുവിന്റെ മുഖത്ത് പോലും നോക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..
വീട്ടിൽ വന്നിട്ടും ഇഷാനിയുടെ ദേഷ്യം അടങ്ങിയില്ല. ഞാൻ നടന്നത് എന്താണെന്ന് അവളോട് പറഞ്ഞു മനസിലാക്കിക്കാൻ നോക്കി. പക്ഷെ നടന്നില്ല. ലച്ചു എന്തിനാണ് തമാശയ്ക്ക് അങ്ങനെ അടിച്ചത് എന്ന് പോലും ആ ബഹളം കാരണം ഞാൻ മറന്നു..
‘എടാ അവൾ സില്ലി ആയി തട്ടുന്നത് ആണ് അങ്ങനെ. അല്ലാതെ തല്ലിയത് അല്ല..’
ഞാൻ പലവട്ടം പറഞ്ഞിട്ടും അവൾ കൺവീൻസ് ആയില്ല
‘നിന്റെ ദേഹത്ത് ആരും തൊടുന്നത് എനിക്ക് ഇഷ്ടമല്ല..’
ഇഷാനി പല്ലുറുമ്മി പറഞ്ഞു
‘ശരി.. ഇനി അങ്ങനെ ഇല്ല.. നീ ഒന്ന് അടങ്ങ്..’
ഞാൻ പറഞ്ഞു
‘എനിക്ക് പറ്റില്ല. അവൾ തല്ലിയപ്പോ നീ എന്താ പഴം വിഴുങ്ങിയ പോലെ നിന്നത്..?
ഇഷാനിക്ക് എന്നോടും ദേഷ്യമാണ്
‘തല്ലിയത് അല്ലെന്ന് ഞാൻ പറഞ്ഞില്ലേ..?
‘നീ ഒന്നും പറയണ്ട. കണ്ടവളുമാരുടെ തല്ലും വാങ്ങിച്ചോണ്ട് വന്നേക്കുന്നു..’
ഇഷാനി എന്റെ നേരെ താഴെ കിടന്ന ഫുട്ബോൾ എടുത്തു എറിഞ്ഞു കൊണ്ട് പറഞ്ഞു. ഞാൻ വിദഗ്ദമായി അത് കൈ കൊണ്ട് തട്ടി മാറ്റി
‘അല്ല നിനക്ക് ഇത്രയ്ക്ക് ധൈര്യം ഉണ്ടേൽ അന്ന് ലച്ചു എല്ലാം നിന്നെ തല്ലിയപ്പോ എന്താ നീ ഒന്നും ചെയ്യാതെ ഇരുന്നത്. ഇപ്പോ കാണിച്ച പകുതി ശൗര്യം എന്താ അന്ന് ഒന്നും കാണിക്കാഞ്ഞത്…?
ഞാൻ അവളുടെ അടുത്ത് വന്നു ചോദിച്ചു
‘അന്ന് എനിക്ക് ഇത്രയും ദേഷ്യം വന്നില്ല..’
ഇഷാനി പതിയെ പറഞ്ഞു. അവൾ പതിയെ കൂളായി വന്നു..
‘എടാ ഞാൻ അവിടെ അലമ്പാക്കിയോ..? ശോ ഫൈസി ചേട്ടൻ എന്ത് കരുതി കാണും..? നീ ഒന്ന് വിളിച്ചു ചോദിക്കുമോ..?
ഇഷാനി എന്നോട് ചോദിച്ചു
