ഞങ്ങൾ കൃഷ്ണയെ പതിയെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു. അവൾ ലച്ചുവിന്റെ കയ്യിൽ തോൾ ചായ്ച്ചു പതിയെ നടന്നു കാറിലേക്ക് കയറി.. നല്ല ഉറക്കം കണ്ണുകളിൽ തട്ടി നിൽക്കുന്നത് കൊണ്ട് കാറിൽ കയറിയപ്പോൾ തന്നെ അവൾ ലച്ചുവിന്റെ മടിയിൽ കിടന്നു ഉറങ്ങാൻ തുടങ്ങി..
അവർ കാറിൽ കയറി പോയി കഴിഞ്ഞാണ് ഞാനും ഇഷാനിയും ശരിക്കൊന്ന് സംസാരിക്കുന്നത്.. സംസാരത്തിന് മുമ്പ് വീടിന് ഉള്ളിലേക്ക് കയറിയ നിമിഷം തന്നെ ഇഷാനി എന്റെ ദേഹത്തേക്ക് ഒരു കുട്ടിയെ പോലെ പാഞ്ഞു കയറി.. എന്റെ മുഖം മുഴുവൻ അവൾ ചുംബനം കൊണ്ട് മൂടി.. അവളുടെ കവിളിലും ചൊടിയിലും കണ്ണിലും എല്ലാം ഞാനും മുത്തമേകി..
‘ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചെന്നോ നീ വരാൻ താമസിച്ചപ്പോ..’
അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പരിഭവം പറഞ്ഞു
‘എന്തയാലും വരുമെന്ന് പറഞ്ഞ പോലെ ഞാൻ വന്നില്ലേ..’
‘നീ എവിടാ പോയെ..?
എന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു
‘ഇതിനെല്ലാം തുടക്കമിട്ട ഒരാളുടെ അടുത്തേക്ക്..’
ഞാൻ പറഞ്ഞു
‘എന്നിട്ട്…?
ഞാൻ അടുത്ത് ഉണ്ടായിട്ടും അത് കേട്ടപ്പോ എന്തോ അപകടം കേട്ടത് പോലെ അവൾ ഭയന്നു കൊണ്ട് ചോദിച്ചു
‘ഇനി അയാൾ പ്രശ്നത്തിന് വരില്ല..’
ഞാൻ പറഞ്ഞു
‘നീ…..?
ഇഷാനിക്ക് അതിൽ കൂടുതൽ ചോദിക്കാൻ കഴിഞ്ഞില്ല
‘ഞാൻ അല്ല…’
ഞാൻ അവളോട് പറഞ്ഞു. എന്റെ കൈ കൊണ്ടല്ല അയാൾ അവസാനിച്ചത് എന്ന് അവൾക്ക് മനസിലായി. അവൾക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി. അതും ഉമ്മയായി പരിണമിച്ചു..
നേരം വെളുത്തപ്പോ തൊട്ട് വീട്ടിൽ നിന്നൊരു കോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു.. ഒടുവിൽ അത് വന്നു.. അച്ഛൻ ആയിരുന്നു വിളിച്ചത്. ദേവരാജൻ അങ്കിൾ ആക്‌സിഡന്റ് ആയി മരിച്ചു എന്ന്.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ ഞാൻ എല്ലാം കേട്ടു. ശവമടക്ക് വൈകുന്നേരം ആയിരുന്നു. വയ്യെങ്കിലും അവസാനമായി സുഹൃത്തിനെ കാണാൻ അച്ഛൻ വന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാനും അവിടെ ചെന്നിരുന്നു. തന്റെ കുടുംബം തകർത്തവന്റെ മരണത്തിൽ കണ്ണ് നിറയ്ക്കുന്ന അച്ഛനെ ഞാൻ കണ്ടു.. പണ്ട് ചെയ്തതിന് എല്ലാം അച്ഛനുള്ള കണക്ക് ഇങ്ങനെ ആയിരിക്കും വീടുന്നത്.. സത്യം പറഞ്ഞാൽ ആ മനസ്സ് കൂടുതൽ വേദനിക്കുമെന്ന് തോന്നിയത് കൊണ്ട് ഞാനും മഹാനും അച്ഛനിൽ നിന്ന് എല്ലാം മറച്ചു വച്ചു.. ആക്‌സിഡന്റിന് പിന്നാലെ പോലീസ് വരുമോ എന്ന് എനിക്കൊരു പേടി ഉണ്ടായിരുന്നു.. മഹാൻ സ്വാധീനവും ഉപയോഗിച്ച് കാണണം. അങ്ങനെ ഒന്നും ഉണ്ടായില്ല.. കൊള്ളി വയ്ക്കാൻ പോലും ഒരു ബന്ധു ഇല്ലാതെ ദേവരാജൻ എന്ന ചെകുത്താൻ ഒടുങ്ങി…
എന്റെ മനസ്സിൽ മിച്ചം നിന്ന ഏക ടെൻഷൻ കൃഷ്ണയുടെ മാനസിക ആരോഗ്യം ആയിരുന്നു. അന്നത്തെ ഷോക്ക് അവളെ വല്ലാതെ പിടിച്ചു കുലുക്കിയോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എന്റെ നിർബന്ധം കൊണ്ട് കൃഷ്ണ ഒരു സൈക്കോളജിസ്റ്റ് നെ കണ്ടു.. ചെറിയൊരു ഷോക്ക് അല്ലാതെ അവൾക്ക് വലിയ പ്രശ്നം ഒന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.. അത് കൊണ്ട് തന്നെ അവളോട് സംസാരിക്കാം എന്ന് തന്നെ ഞാനും ലച്ചുവും തീരുമാനിച്ചു.. ഐസക്രീം പാർലറിൽ ഇരുന്നു സമയം കളഞ്ഞത് അല്ലാതെ ഞങ്ങൾ രണ്ട് പേരും ഒന്നും തുടക്കമിട്ടില്ല. നീ പറയു നീ പറയു എന്ന് ഞങ്ങൾ രണ്ട് പേരും ഇടയ്ക്ക് കണ്ണ് കാണിച്ചോണ്ട് മാത്രം ഇരുന്നു
‘കിച്ചു എനിക്ക്.. അല്ല ഞങ്ങൾക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..’
അവസാനം ലച്ചു തന്നെ തുടങ്ങി
‘എന്താടോ..?
ഐസ്ക്രീം കഴിക്കുന്നതിനു ഇടയിൽ അവൾ ചോദിച്ചു
‘ഞങ്ങളെ കുറിച്ച്..’
ഞാനാണ് അത് പറഞ്ഞത്
‘എനിക്ക് അത് കേൾക്കണം എന്നില്ല..’
ഭാവഭേദമില്ലാതെ അവൾ പറഞ്ഞു
‘നീ അത് കേക്കണം.. ഞങ്ങൾ നിന്നെ ഫൂൾ ആക്കിയത് അല്ല…’
ലച്ചു പറഞ്ഞു
‘ആക്കിയെന്ന് ഞാൻ പറഞ്ഞോ..?
കൃഷ്ണ ചോദിച്ചു
‘കൃഷ്ണ.. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ റിലേഷൻ.. അത് സത്യത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്ന ഒന്നാണ്. അത് മനഃപൂർവം ഉണ്ടായത് ഒന്നുമല്ല… എങ്ങനെയോ സംഭവിച്ചു പോയതാണ്..’
ഞാൻ പറഞ്ഞു
