അവളെന്റെ ചെവിയിൽ പിടിച്ചു തിരിച്ചു
‘ഇല്ലടി.. എനിക്ക് അറിയില്ലായിരുന്നു.. അമ്മ ആണേലും എന്തോ തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന പോലെ സംസാരിച്ചിട്ടുണ്ട്. അല്ലാതെ യഥാർത്ഥ കഥ ഒക്കെ നീ അന്ന് പറയുമ്പോ ആണ് ഞാൻ അറിയുന്നത്..’
ഞാൻ പറഞ്ഞു
‘നീ ഞാൻ അറിയാതെ അമ്മയെ സഹായിച്ചു.. അതും നമ്മൾ വഴക്ക് ഉണ്ടാക്കി ഇരുന്ന സമയത്തു പോലും..? എനിക്ക് അമ്മയോട് യാതൊരു സോഫ്റ്റ് കോർണറും ഇല്ലെന്ന് ഇരിക്കെ എന്തിനാ അങ്ങനെ ചെയ്തേ…?
‘എന്താണേലും നിന്റെ അമ്മയാണ്.. പിന്നെ ആ വഴക്ക് എന്റെ തെറ്റ് കാരണം ആണ്.. ഇനിയിപ്പോ അല്ലേലും ഞാൻ ഇത് തന്നെ ചെയ്തേനെ.. പിന്നെ ഒരു തവണ ഞാൻ പറയാൻ വന്നതുമാ.. അപ്പോൾ നീ കേൾക്കണ്ട എന്ന് കട്ടായം പറഞ്ഞു..’
ഞാൻ പറഞ്ഞു.. ഇഷാനി എന്നെ ഏതോ ദൈവത്തെ തൊഴുന്നത് പോലെ നോക്കി നിന്നു
‘ഐ ലവ് യൂ…’
അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
‘ലവ് യൂ റ്റൂ…’
പരസ്പരം ഒന്ന് ചുംബിക്കണം എന്ന് ഞങ്ങൾക്ക് തോന്നി. പക്ഷെ ഹോസ്പിറ്റൽ ആയത് കൊണ്ട് ഞങ്ങൾ പരസ്പരം നോക്കിയതേ ഉള്ളു..
‘ദാ എന്തെങ്കിലും ഒക്കെ ആവശ്യം വരും..’
ഞാൻ എന്റെ ഡെബിറ്റ് കാർഡ് അവൾക്ക് നേരെ നീട്ടി. അവളാദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ വാങ്ങി
അമ്മയോടുള്ള പിണക്കം മറന്നു ഇഷാനി അവർക്ക് കൂട്ട് ഇരുന്നു.. ഡിസ്ചാർജ് ആയി കഴിഞ്ഞു അമ്മയെ നാട്ടിലേക്ക് കൊണ്ട് പോകാനായിരുന്നു അവളുടെ തീരുമാനം. നാട്ടിലേക്ക് അത് വിളിച്ചു പറഞ്ഞപ്പോ ഇഷാനി പ്രതീക്ഷിച്ചത് പോലെയുള്ള ഒരു എതിർപ്പൊന്നും അവിടെ നിന്നും ഉണ്ടായില്ല. ഇഷാനി അവധി കഴിഞ്ഞു അവിടേക്ക് വരാൻ താമസിച്ചത് അമ്മയുടെ ഒപ്പം ഉള്ളത് കാരണമാണെന്ന് അവിടെ എല്ലാവരും കരുതി.. ഞാൻ എല്ലാ ദിവസവും വൈകിട്ട് ഹോസ്പിറ്റലിൽ ചെല്ലുമായിരുന്നു. അവിടെ വച്ചു കുറച്ചു നേരം സംസാരിക്കാൻ കിട്ടുന്നത് ആയിരുന്നു ഒരു ദിവസത്തിൽ ഞങ്ങൾക്ക് ഒരുമിച്ച് കിട്ടുന്ന ഏക സമയം…
അമ്മ ഡിസ്ചാർജ് ആയി നാട്ടിലേക്ക് പോകാൻ നേരം അവളുടെ രവിയച്ഛനും ഹോസ്പിറ്റലിൽ വന്നിരുന്നു. ഇഷാനിയുടെ ഇഷ്ടം എന്താണോ അതാണ് അവരുടെയും. അത് എന്റെ കാര്യത്തിൽ ആണെങ്കിലും അമ്മയുടെ കാര്യത്തിൽ ആണെങ്കിലും.. എന്റെ കാറിൽ ആണ് ഞങ്ങൾ നാട്ടിലേക്ക് പോയത്. ഇഷാനിയും അമ്മയും ശിവാനിയും പിന്നെ രവിയച്ഛനും.. വീടിന് അടുത്ത് കാറിൽ നിന്ന് ഇറങ്ങുമ്പോ അമ്മയ്ക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു. ഇഷാനിയുടെ അച്ഛന്റെ ബന്ധുക്കൾ ആരെങ്കിലും ചീത്ത പറയുമോ എന്ന് വല്ലോം അവർ ഭയന്നിരിക്കണം.. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല.. ഇഷാനിയുടെ രവിയമ്മയും പിണക്കം ഒന്നും കാണിക്കാതെ ആണ് അവരോട് പെരുമാറിയത്..
അവർക്കെല്ലാം ഇഷാനിയുടെ മുഖസാദൃശ്യം ഉള്ള അവളുടെ അനിയത്തിക്കുട്ടി വലിയ അത്ഭുതം ആയിരുന്നു.. രവിയച്ഛന് മാത്രമേ ഇവരുടെ കാര്യം അറിയുമായിരുന്നുള്ളു.. പാർവതി ചേച്ചിയും ശ്രുതിയുമെല്ലാം അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു. ഒന്നിന് പകരം രണ്ട് ചേച്ചിമാരെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ശിവാനി..
അമ്മയുമായി ഇഷാനി അവളുടെ അച്ഛന്റെ വീട്ടിലേക്കാണ് പോയത്. അവിടെ വാതിൽക്കൽ അച്ഛന്റെ മാലയിട്ട ഒരു ഫോട്ടോ തൂക്കിയിരുന്നു. ഇഷാനിയുടെയും പാർവതിയുടെയും കൈകളിൽ താങ്ങി പടികൾ കയറുമ്പോ ആ ഫോട്ടോ കണ്ട് അവരുടെ കണ്ണ് നനഞ്ഞു. ഞാൻ അധികനേരം അവിടെ നിന്നില്ല. അവരെല്ലാം പുതിയ ബന്ധുക്കളെ അറിയുന്ന തിരക്കിൽ ആണ്… ഇഷാനിയോട് യാത്ര പറഞ്ഞു ഞാൻ തിരിച്ചു പോന്നു..
തന്നെ തിരിച്ചു വരവിൽ ശരിക്കും ശൂന്യത ആയിരുന്നു എന്റെ മനസ്സിൽ.. ഇത്രയും ദിവസം എന്റെ കൂടെ സദാ സമയം ഉണ്ടായിരുന്ന ഇഷാനി ഇപ്പൊ അടുത്തില്ല എന്നത് വല്ലാത്തൊരു ശൂന്യത ആയിരുന്നു. കുറച്ചു ദിവസം പിരിഞ്ഞിരിക്കുന്നത് കേൾക്കുമ്പോ നിസാരം ആണെങ്കിലും അത് അനുഭവിക്കുമ്പോ അറിയാം അതിന്റെ വേദന.. ഞാൻ തിരിച്ചു വീട്ടിൽ വന്നപ്പോൾ അവളുടെ ഫോൺ വന്നിരുന്നു ഞാൻ എത്തിയോ എന്നറിയാൻ.. അവിടെ തിരക്കിൽ ആയത് കൊണ്ട് ഒരുപാട് നേരം സംസാരിക്കാൻ അവൾക്ക് പറ്റിയില്ല.. അന്ന് പിന്നെ അവൾ വിളിച്ചുമില്ല.. അവൾ വിളിക്കുമെന്നെല്ലാം ഓർത്തു ഞാൻ വെറുതെ നോക്കിയിരുന്നു.. പിറ്റേന്നും ഇടയ്ക്ക് രണ്ട് വട്ടം അവൾ വിളിച്ചു. പക്ഷെ അവിടുത്തെ വിശേഷം ഒക്കെ പെട്ടന്ന് പറയാനൊക്കെ ആണ് അവൾ വിളിച്ചത്.. അവൾക്ക് എന്നെ മിസ്സ് ചെയ്യുന്നില്ലേ എന്ന് എനിക്ക് തോന്നി.. അമ്മയും അനിയത്തിയും ഒക്കെ ആയി പുതിയ ലോകത്ത് എത്തിയത് പോലെ ആണ് ഇഷാനി.. അത് കൊണ്ട് എന്നെ അവൾക്ക് അങ്ങനെ മിസ്സ് ചെയ്യുന്നുണ്ടാവില്ല..
