‘ഞാൻ അന്ന് നവനീത് ആയി ബ്രെക്കപ്പ് ആയിട്ട് ഇരിക്കുന്നു.. ഇവൻ ഇഷാനി ആയി കമ്പിനി വിട്ടു നിൽക്കുന്നു. ഐ ഡോണ്ട് നോ, സംഹൌ ഇറ്റ് ഹാപ്പൻഡ്..’
ലച്ചു പറഞ്ഞു
‘നിങ്ങൾക്ക് അത് അപ്പൊ എന്നോട് പറയായിരുന്നില്ലേ…? ഓക്കേ എനിക്ക് ഇവനോട് ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ തനിക്ക് അങ്ങനൊരു ഇഷ്ടം ഉണ്ടേൽ ഞാൻ അന്നത് വിട്ടേനെ.. എന്തായാലും ഞാൻ നിന്നോട് അന്നത്തെ പോലെ ദേഷ്യപ്പെടാൻ ഒന്നും വരില്ലായിരുന്നു.. ആ അത് വിട്..’
കൃഷ്ണ പറഞ്ഞു
‘അതങ്ങനെ പറയാൻ മാത്രം വലിയ റിലേഷൻ ഒന്നും അല്ലായിരുന്നു.. നിന്നെ ഓർത്തു തന്നെ ഞങ്ങൾ രണ്ടും അത് ബ്രേക്ക് ആക്കി..’
ലച്ചു പറഞ്ഞു..
‘അതൊക്കെ കഴിഞ്ഞില്ലേ.. ഞാൻ നിങ്ങളോട് ആ ദേഷ്യം വച്ചാണോ ഇപ്പൊ പെരുമാറുന്നത്..?
കൃഷ്ണ ചോദിച്ചു
‘നിന്നെ ഞങ്ങൾ പറ്റിച്ചു എന്ന് നിനക്ക് തോന്നരുത്.. അതാണ് ഇപ്പോ പറയുന്നത്..’
ഞാൻ പറഞ്ഞു
‘സത്യത്തിൽ ഞാൻ നിങ്ങളോട് രണ്ടിനോടും ഇപ്പോളും പിണങ്ങി ഇരിക്കേണ്ടത് ആണ്.. പക്ഷെ ഞാൻ എന്താ അങ്ങനെ ചെയ്യാത്തത് എന്നറിയാമോ..?
അവൾ ഞങ്ങളെ രണ്ടിനെയും നോക്കി ചോദിച്ചു
‘കുറച്ചു ദിവസം മുമ്പ് എനിക്ക് ഒരു പ്രശ്നം ഉണ്ടായപ്പോ നിങ്ങൾ രണ്ട് പേരും എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.. ആ സംഭവം നടന്നത് സത്യത്തിൽ നന്നായി എന്നെ എനിക്ക് ഇപ്പൊ തോന്നുന്നുള്ളു. ഇല്ലേൽ ഞാൻ ഇവളോട് ജന്മത്ത് മിണ്ടില്ലായിരുന്നു..’
കൃഷ്ണ പറഞ്ഞു
‘അപ്പോൾ..? നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..?
ഞാൻ ചോദിച്ചു
‘എനിക്ക് ഒരു പ്രശ്നോം ഇല്ലെടോ.. പ്രശ്നം ദേ ഇതിനാണ്.. ഇവളെ ഒന്ന് തെറാപ്പിക്ക് വിടാൻ പറ്റുമോ നിനക്ക്.. പിടിച്ചോണ്ട് പോയത് എന്നെ ആണേലും പേടി തട്ടിയത് ഇവൾക്കാണ്. ചുമ്മാ ഇരുന്നു മോങ്ങലും പിഴിയലും.. രാത്രി ആണേൽ എന്റെ മുറിയിൽ വന്നു എന്നെ കെട്ടിപിടിച്ചു തന്നെ കിടക്കണം.. അതും ഈ എമണ്ടൻ കാലൊക്കെ എന്റെ ദേഹത്ത് കേറ്റിവച്ചു കിടക്കും.. എനിക്ക് ആണേൽ ശ്വാസം എടുക്കാൻ പോലും പറ്റില്ല..’
കൃഷ്ണ ലച്ചുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു
‘ഞാൻ ഇനി വരില്ല നിന്റെ കൂടെ കിടക്കാൻ..’
ലച്ചു പിണങ്ങിയ പോലെ പറഞ്ഞു
‘അയ്യോ എന്റെ ചേച്ചിപ്പെണ്ണ് അങ്ങനെ പറയാതെ.. ഞാനൊരു തമാശ പറഞ്ഞതല്ലേ…’
കൃഷ്ണ ലച്ചുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.. ലച്ചു തിരിച്ചു ഒരുമ്മയും അവൾക്ക് കൊടുത്തു.. ആ കേസ് അങ്ങനെ ഒതുങ്ങി.. കൃഷ്ണ പഴയ പോലെ ആക്റ്റീവ് ആയി. അവൾ പറഞ്ഞത് പോലെ ലച്ചു ആണ് ഒന്ന് ഒതുങ്ങി പോയത്..
അങ്ങനെ തലവേദന കേസുകൾ എല്ലാം ഒഴിഞ്ഞിട്ട് അവസാനത്തെ കേസ് ഫയൽ പുറത്തെടുക്കാൻ ഞാൻ തീരുമാനിച്ചു.. ഇഷാനി നാട്ടിൽ പോകുന്നതിന് തലേന്ന് ആണ് അവളോട് ആ കാര്യം പറയാൻ ഞാൻ തീരുമാനിച്ചത്. ഇനി അവൾ നാട്ടിലേക്കു വണ്ടി കയറി ഇല്ലേൽ അവളെ തപ്പി അവിടുന്ന് ആൾ ഇങ്ങോട്ട് വരുമെന്ന് അറിയുന്ന കൊണ്ട് ഞാൻ അവളെ ഉന്തിത്തള്ളി ആണ് പോകാൻ സമ്മതിപ്പിച്ചത്.. അവൾ പോകാൻ ഇരുന്നതിന്റെ തലേന്ന് ഞങ്ങൾ ചുമ്മാ പുറത്തൊക്കെ ഒന്ന് കറങ്ങാൻ പോയി.. കുറെ സ്ഥലത്തൊക്കെ കറങ്ങി ഒടുവിൽ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.. അവിടെ ആരെ കാണാൻ ആണെന്ന ചോദ്യത്തിന് ഒരാളെ എന്ന് മാത്രം ഞാൻ മറുപടി പറഞ്ഞു.. ഹോസ്പിറ്റലിലേക്ക് ഞങ്ങൾ കയറാൻ തുടങ്ങുമ്പോ ആണ് ഒരു പ്രായം ആയ അച്ഛൻ മെഡിസിൻ വാങ്ങുന്നത് എവിടെ ആണെന്ന് ചോദിച്ചു ഒരു ചീട്ടുമായി എന്റെ അടുത്തേക്ക് വന്നത്.. അങ്ങേരെ പറഞ്ഞു മനസിലാക്കാൻ കുറച്ചു പാടായത് കൊണ്ട് ഞാൻ അതിന്റെ അടുത്ത് ചെന്നു കൊണ്ടാക്കി. അവിടുന്നു തിരിച്ചു വരുമ്പോൾ ആണ് ഒരു പെൺകുട്ടി പെട്ടന്ന് എന്റെ അടുക്കലേക്ക് ഓടി എത്തിയത്..
കുറച്ചു മാറി നിൽക്കുകയായിരുന്ന ഇഷാനി നോക്കുമ്പോ ഒരു പെണ്ണ് ഓടി വന്നു അർജുനെ ചുറ്റിപ്പിടിക്കുന്നു. ഇഷാനി മാറി നിന്നത് കൊണ്ട് അവളെ ആ കുട്ടി കണ്ടില്ല.. അവളുടെ ശബ്ദം ഇഷാനി ശ്രദ്ധിച്ചു.. ഏട്ടാ എന്നാണ് അവൾ അർജുനെ വിളിക്കുന്നത്.. ഈ ശബ്ദം അല്ലേ ആ ശബ്ദം..? അവനെ ഫോണിൽ വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം ആണ് ഇതെന്ന് ഇഷാനിക്ക് മനസിലായി. അപ്പോൾ ഇവളാണ് താൻ തിരഞ്ഞു കൊണ്ടിരുന്ന ശിവാനി…..!
തിരിഞ്ഞു നിൽക്കുന്ന കൊണ്ട് അവളുടെ മുഖം ഇഷാനിക്ക് കാണാൻ പറ്റിയില്ല.. പക്ഷെ അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്.. ഏകദേശം തന്റെ അത്രേം തന്നെ.. കൊച്ചു കുട്ടി ഒന്നുമല്ല അപ്പോൾ. അവൻ പറഞ്ഞത് ഏതോ ഇള്ളാക്കുഞ്ഞ് ആണെന്ന് ആണല്ലോ.. അവളുടെ ചുറ്റിപ്പിടുത്തവും അടുത്തുള്ള പെരുമാറ്റവും ഒന്നും ഇഷാനിക്ക് ഇഷ്ടപ്പെട്ടില്ല. ഇഷാനിയുടെ ഉള്ളിൽ കുശുമ്പിന്റെ കൂൺ മുളച്ചു പൊന്തി.. കസിൻ ആണേലും എന്തിനാ ഇങ്ങനെ ഒക്കെ..? എന്റെ കസിൻസിനെ കൊണ്ടൊന്നും ഞാൻ കെട്ടിപ്പിടിപ്പിക്കാറില്ലല്ലോ.. ഇഷാനി മുഖം ചുളിച്ചു
