‘പിന്നെ എന്തിനാ പെട്ടന്ന് പിണങ്ങിയെ…?
ഞാൻ ചോദിച്ചു
‘പെട്ടന്ന് അങ്ങനെ ഒക്കെ കേക്കുമ്പോ എനിക്ക് ദേഷ്യം വരും.. ‘
അവൾ പറഞ്ഞു
‘എന്നാൽ പിന്നെ ഇനി വഴക്ക് ഒന്നും വേണ്ട.. നീ ആ കാര്യം പറ…’
ഞാൻ അവളെ നിർബന്ധിച്ചു
‘അത് ഇപ്പൊ പറയണോ..? ആ സസ്പെൻസ് പോകില്ലേ…?
അവൾ ചോദിച്ചു
‘പടയടി.. ഇനി എപ്പോ പറയാൻ വച്ചിരിക്കുവാ..’
‘ശരി പറയാം…’
അവൾ ഒടുവിൽ സമ്മതിച്ചു
‘പറ…’
ഞാൻ അവളുടെ ഉത്തരം കേൾക്കാൻ കാതോർത്തു
‘പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട്…..’
ഇഷാനി കഥ പോലെ പറഞ്ഞു തുടങ്ങി
‘ഇതെന്താ ബാലരമ കഥയോ.. തള്ളാതെ ഒറിജിനൽ കഥ പറയടി…’
ഞാനവളെ പിച്ചി
‘ആ പിച്ചാതേ… ഞാൻ പറയാം.. ഒത്തിരി പണ്ടല്ല കുറച്ചു പണ്ട്, അതായത് ഞാൻ പ്ലസ് റ്റൂവിലേക്ക് ഒക്കെ കയറിയ സമയം. ആ ടൈമിൽ ഒരു അവധിക്ക് ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാവരും കൂടി കുറെ അമ്പലങ്ങളിൽ ഒക്കെ തൊഴാൻ പോയി.. ഞങ്ങൾ ഇടയ്ക്ക് അങ്ങനെ പോകാറുള്ളതാ…’
ഇഷാനി ഞങ്ങൾ കണ്ട് മുട്ടിയ കഥ പറയാൻ തുടങ്ങി. ഞാൻ അത് സശ്രദ്ധം കേട്ടിരുന്നു
‘അന്ന് ഞങ്ങൾ പളനിയിലും അതിന് അടുത്തുള്ള കുറെ അമ്പലങ്ങളിലും ഒക്കെ പോയി.. അവിടെ ഒരു അമ്പലം ഉണ്ടായിരുന്നു.. ശിവഭൂതമലൈ എന്ന് പറയും.. വലിയൊരു മലയുടെ മേലെയാ… അതിന്റെ മേലെ വരെ നടന്നു കയറണം…’
‘അവിടെ.. അവിടെ ഞാൻ വന്നിട്ടുണ്ട്.. നമ്മൾ അവിടെ വച്ചാണോ…?
പെട്ടന്ന് ആ സ്‌ഥലം എന്റെ മനസിലേക്ക് വന്നു.. ഞാൻ തെണ്ടി തിരിഞ്ഞു നടന്ന സമയത്ത് ആ അമ്പലത്തിൽ എത്തിപ്പെട്ടിട്ടുണ്ട്.
‘പറയട്ടെ.. ഇടയ്ക്ക് കേറി മിണ്ടാതെ….’
ഇഷാനി എന്നെ ശകാരിച്ചു
‘അപ്പോൾ ഞങ്ങൾ ഇങ്ങനെ ആ അമ്പലത്തിലോട്ട് കയറാൻ മല കയറി.. ഇങ്ങനെ കറങ്ങി കറങ്ങി വേണം കേറാൻ.. നല്ല കയറ്റമാണ്.. അത്ര ഫേമസ് അമ്പലം അല്ലേലും ചില സമയം അവിടെ നല്ല തിരക്കാ. ഞങ്ങൾ പോയ അന്ന് തിരക്ക് ഉണ്ടായിരുന്നു… അന്നാ തിരക്കിന്റെ കുഴപ്പം ആണോന്ന് അറിയില്ല പെട്ടന്ന് അവിടെ ഒരു ഉന്തും തള്ളും പോലെ ഉണ്ടായി എല്ലാവരും വേലി പോലെ കെട്ടി വച്ച മുളയിലേക്ക് മറിഞ്ഞു വീണു അത് ഒടിഞ്ഞു.. അത് പോയപ്പോ കുറെ പേര് അതിനപ്പുറം ഉള്ള താഴ്ചയിലേക്ക് തെന്നി വീണു.. ഉന്തും തള്ളുമല്ലേ.. പക്ഷെ എല്ലാവരും അധികം താഴോട്ട് പോകാതെ കേറി വരാൻ പറ്റുന്ന സൈഡിൽ ആണ് വീണത്.. പക്ഷെ ഞാൻ എങ്ങോട്ടാ വീണത് എന്നറിയാമോ.. ആ വലിയ കൊക്കയിലേക്ക്….’
ഇഷാനി പേടിപ്പിക്കുന്ന പോലെ പറഞ്ഞു
‘ഇഷാ നീ….?
ഞാൻ എനിക്ക് വിശ്വാസം വരാതെ ചോദിച്ചു.. എനിക്ക് അവൾ പറഞ്ഞ കഥ മനസിലായി വരുന്നു. ആ കഥയിൽ ഞാൻ എവിടെ ആണെന്നും എനിക്ക് മനസിലായി. പക്ഷെ അതെന്നെ പറയാൻ അനുവദിക്കാതെ അവളെന്റെ ചുണ്ടിൽ കൈ വച്ചു തടഞ്ഞു
‘ഞാൻ പറയും… എന്നിട്ട് നീ പറ…’
അവൾ തുടർന്നു
‘അങ്ങനെ ഞാൻ ഉരുണ്ട് ഉരുണ്ട് താഴേക്ക് പോയി. നല്ല വഴുക്കൽ ഉള്ള പാറ ആയിരുന്നു.. ഞാൻ ഈ വീഗാലാൻഡിൽ ഒക്കെ പോകുന്ന പോലെ അത് വഴി തെന്നി കറക്റ്റ് ആ കൊക്കയുടെ എഡ്ജിൽ ചെന്നു തട്ടി നിന്നു.. ഏതോ പുല്ലിലോ മറ്റോ പിടുത്തം കിട്ടിയത് ആണ്… ശരിക്കും സിനിമയിൽ ഒക്കെ കൊക്കയുടെ അറ്റത്തു നമ്മൾക്ക് പിടുത്തം കിട്ടില്ലേ.. അത് പോലെ….’
എനിക്ക് അവളാ കഥ പറയുമ്പോ അന്ന് നടന്നത് കാണാൻ കഴിഞ്ഞു.. ഇനി അങ്ങോട്ട് കുറച്ചു കൂടി വ്യക്തമായി എനിക്ക് ഉള്ളിൽ കാണാൻ കഴിയും. അവൾ ബാക്കി കഥ പറഞ്ഞു
‘അങ്ങനെ ഞാൻ അവിടെ തൂങ്ങി കിടക്കുവാ. രവിയച്ഛൻ ഒക്കെ എന്നെ രക്ഷിക്കാൻ ഇറങ്ങി വരാൻ നോക്കിയിട്ട് നടക്കുന്നില്ല.. നല്ല സ്ലോപ് ഉള്ള പാറ ആണ്. ഇറങ്ങിയാൽ ചിലപ്പോ അങ്ങ് താഴെ ചെല്ലാം ഒറ്റയടിക്ക്.. ബോഡി പോലും കിട്ടാൻ പാടുള്ള സ്‌ഥലം ആണെന്നാണ് അവിടെ ഉള്ളവർ പറയുന്നേ.. എനിക്ക് ആണേൽ അവിടെ തൂങ്ങി കിടന്നു കൈ കഴച്ചു… പേടി ആണേൽ അതിലും കൂടുതൽ.. അവസാനം കൈ വേദനിച്ചു ഒടിയുന്ന പോലെ ആയി കൈ വിടാൻ എനിക്ക് തോന്നി.. ആ സമയത്ത് ദൈവത്തെ പോലൊരു ചേട്ടൻ പറയുടെ മേലെ കൂടി നിരങ്ങി നിരങ്ങി എന്റെ അടുത്തേക്ക് വന്നു….’
ഇഷാനി അത് പറഞ്ഞു തിളക്കം നിറഞ്ഞ കണ്ണുകൾ കൊണ്ടെന്നെ നോക്കി..
‘എല്ലാവരും പറയുന്നുണ്ട് പോകല്ലേ പോകല്ലേ എന്ന്. പക്ഷെ ആ ചേട്ടൻ അതൊന്നും കേൾക്കാതെ എന്റെ അടുത്തേക്ക് നിരങ്ങി വന്നു എങ്ങനെയോ പിടിച്ചു നിന്നു. ഒടുക്കം എന്റെ കയ്യിലും പിടുത്തം കിട്ടി.. കുറച്ചു കൂടി താമസിച്ചിരുന്നേൽ ഞാൻ ഉറപ്പായും കൈ വിട്ടേനെ.. പക്ഷെ കറക്റ്റ് സമയത്ത് ആ ചേട്ടൻ എന്നെ രക്ഷിക്കാൻ വേണ്ടി സ്വന്തം ലൈഫ് റിസ്ക് എടുത്തു വന്നു.. അതാരാ ആ ചേട്ടൻ എന്നറിയണോ….?
ഇഷാനി എന്റെ ചുണ്ടിൽ നിന്നും കൈമാറ്റി എന്റെ കണ്ണിൽ നോക്കി ചോദിച്ചു
‘ എന്റെ അർജുൻ…! നിനക്ക് ഇപ്പൊ എന്നെ ഓർമ്മ വന്നോ…?
നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു..
