റോക്കി – 6 26അടിപൊളി  

‘നീ കരയാതെ ഇരിക്ക്. ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ അതിന്…’
അവൾ കരയുന്നത് കണ്ടപ്പോ ഇഷാനിക്ക് പാവം തോന്നി

‘ഇത്.. ഇത് എനിക്ക് ആയിരുന്നു കിട്ടേണ്ടത്.. ഞാൻ ആയിരുന്നു നിന്നെ ദ്രോഹിച്ചത്.. പക്ഷെ എന്റെ പാവം അനിയത്തിയെ ആണ് എനിക്ക് പകരം ശിക്ഷിച്ചത്.. അത് ആണ് എനിക്കുള്ള ശിക്ഷ.. അയാം സോറി ഇഷാനി.. സോറി..’
ലച്ചു വാവിട്ട് കരയാൻ തുടങ്ങി

‘നീ എന്തൊക്കെ ആണ് ഈ വിചാരിക്കുന്നത്..? പഴയത് ഒക്കെ ഞാൻ എപ്പോളെ മറന്നു. എനിക്ക് നിന്നോട് അങ്ങനെ ദേഷ്യം ഒന്നുമില്ല. അന്ന് കല്യാണത്തിന് നിന്നോട് മിണ്ടാൻ ഞാൻ ആണ് അവനെ പറഞ്ഞു വിട്ടത് തന്നെ. എനിക്ക് പകയും വൈരാഗ്യവും ഒന്നുമില്ല. നീയൊ കൃഷ്ണയോ നശിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല..’
ഇഷാനി പറഞ്ഞു

‘നീ അങ്ങനെ ആഗ്രഹിച്ചെന്ന് അല്ല ഞാൻ പറഞ്ഞത്.. ഞാൻ ഇതെല്ലാം അർഹിക്കുന്നുണ്ടെന്നാ..’
വിങ്ങിക്കൊണ്ട് ലച്ചു പറഞ്ഞു

‘നീ കണ്ണ് തുടയ്ക്ക്..’
ഇഷാനി അവളുടെ ഷോൾ ലച്ചുവിന് നേരെ നീട്ടി. അത് കൊണ്ട് കണ്ണീരൊപ്പിയിട്ട് ലച്ചു അവളെ നോക്കി. താൻ കരയുന്നത് കണ്ട് അവൾ വല്ലാതെ ആയി. അവളുടെ തോളിനൊപ്പം മുറിഞ്ഞു കിടക്കുന്ന മുടി ലച്ചു ശ്രദ്ധിച്ചു. നീണ്ട സമൃദ്ധമായ അവളുടെ പഴയ മുടി ലച്ചു മനസ്സിൽ ഓർത്തു. അത് ചുരുട്ടി പിടിച്ചു കണ്ടിച്ചു വിട്ട ദിവസം അവളുടെ മനസ്സിൽ ഓടിയെത്തി. പശ്ചാത്താപവിവശയായി ലച്ചു കൈനീട്ടി അവളുടെ മുടിയിൽ തലോടി

‘സോറി…’
പിന്നെയും കണ്ണീർ ഉതിർത്തു കൊണ്ട് ലച്ചു പറഞ്ഞു. അവൾ വീണ്ടും കരച്ചിലിലേക്ക് വഴുതി വീണപ്പോൾ ഇഷാനിക്ക് എന്ത് ചെയ്തു അവളെ ആശ്വസിപ്പിക്കണം എന്നറിയില്ലായിരുന്നു. ഇഷാനി പോട്ടെ എന്ന് പറഞ്ഞു അവളുടെ തലയിൽ മെല്ലെ തട്ടി പറഞ്ഞു. കരച്ചിൽ ഒതുങ്ങുമ്പോ ഇഷാനിയുടെ മടിയിൽ മുഖം ചേർത്ത് കിടക്കുകയായിരുന്നു ലച്ചു.. കോളേജ് മുഴുവൻ വിറപ്പിച്ച, തന്നെ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തിയ വില്ലത്തി ആണ് സോറി പറഞ്ഞു കരഞ്ഞു തളർന്നു തന്റെ മടിയിൽ കിടക്കുന്നത് എന്ന് ഓർത്തപ്പോൾ അവൾക്ക് അതിശയം തോന്നി. അർജുൻ ഈ കാഴ്ച കണ്ട് കയറി വന്നാൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് അവൾക്ക് തോന്നി..

അപ്പോളേക്കും അർധരാത്രി ആയിരുന്നു. ഞാൻ ആണേൽ ദേവരാജന്റെ വീടിന് അടുത്ത് എത്തിയിരുന്നു അതിനോടകം. അയാളുടെ വീടിന് ചുറ്റും ഞാൻ ഒന്ന് റൗണ്ട് ചുറ്റി. ലൈറ്റ് എല്ലാം അണഞ്ഞു കിടക്കുന്നു. ഉറക്കം പിടിച്ചിട്ട് ഉണ്ടാകും. ഇവിടെ സിസിറ്റിവി ഒക്കെ ഉള്ളതാണ്. പക്ഷെ ഞാൻ അതൊന്നും കാര്യം ആക്കിയില്ല. മുഖത്ത് ഒരു ടവൽ കെട്ടി മതിൽ ചാടി ഞാൻ കോമ്പൗണ്ടിൽ ഇറങ്ങി..

ദേവരാജന്റെ വീട്ടിൽ ഞാൻ പലവട്ടം വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ അതിന്റെ ഘടന എനിക്ക് ഒരുവിധം ഓർമ്മ ഉണ്ട്.. എന്റെ ഉള്ളിലെ വാസന ഉണർന്നു. കള്ളനെ പോലെ വലിഞ്ഞു കയറി വീടിനുള്ളിൽ കയറുന്ന എന്റെ വിദ്യ ഇവിടെ ഞാൻ പരീക്ഷിച്ചു. എങ്ങനെ എങ്കിലും ടെറസിൽ കയറിയാൽ അവിടെ നിന്നും രണ്ടാം നിലയിലേക്ക് തൂങ്ങി ഇറങ്ങി അവിടുത്തെ ബാൽക്കണിയിൽ ഇറങ്ങാം. അവിടുന്ന് അയാളുടെ മുറിയിലേക്ക് എങ്ങനെ എങ്കിലും കമ്പി വളച്ചിട്ട് ആണേലും പോകണം.. കുറച്ചു കഷ്ടപ്പെട്ടിട്ട് ആണേലും ഞാൻ വലിഞ്ഞു ടെറസിന് മേലെ കയറി. അവിടുന്ന് ബാൽക്കണിയിലേക്ക് ഇറങ്ങുന്നത് റിസ്ക് ആണ്. കൈ വിട്ടാൽ താഴെ വീണു കാൽ ഒടിയും.. ഞാൻ രണ്ടും കല്പ്പിച്ചു താഴേക്ക് ചാടി. എന്തോ ഭാഗ്യം കൊണ്ട് ബാൽക്കണിയിൽ തന്നെ ലാൻഡ് ചെയ്തു..

ഭാഗ്യം എനിക്ക് കുറച്ചു കൂടി അനുകൂലം ആയിരുന്നു. അവിടുത്തെ കതക് തുറന്നു കിടന്നിരുന്നു. ഉള്ളിലേക്ക് കടക്കാൻ വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ല. ഞാൻ കതക് പതിയെ തുറന്നു അകത്തേക്ക് കടന്നു. ഇരുട്ട് ആയത് കൊണ്ട് എത് മുറിയിൽ ആണ് അയാൾ ഉറങ്ങുന്നത് എന്ന് കറക്റ്റ് കണ്ട് പിടിക്കാൻ പാടാണ്. തനിയെ ആണ് താമസം എങ്കിലും വലിയ വീടാണ് ഇയാളുടേത്. ഞാൻ റൂം കണ്ട് പിടിക്കാൻ എവിടെയും തട്ടി വീഴാതെ സൂക്ഷിച്ചു ആ ഇരുട്ടിൽ നടന്നു. ഭിത്തിയിൽ കൈ വച്ചു വളരെ ശ്രദ്ധയോടെ ആണ് ഞാൻ നടന്നത്.. പെട്ടന്ന് കണ്ണഞ്ചിക്കുന്ന പ്രകാശം റൂമിൽ ആകെ പരന്നു. ആരോ പെട്ടന്ന് ലൈറ്റ് ഇട്ടതാണ്.. ഞാൻ ഞെട്ടി പോയി.. ആര് വന്നു ലൈറ്റ് ഇടാൻ. അതും ഇത്രയും പെട്ടന്ന് താൻ അറിയാതെ…

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *