‘എന്നേലും നിനക്ക് ഓർമ വരട്ടെ എന്ന് കരുതി. പിന്നെ നീ ഓർത്തില്ലേൽ കല്യാണം കഴിഞ്ഞു പറയാമെന്നു വച്ചു ഇരിക്കുവായിരുന്നു ഞാൻ…’
അവൾ പറഞ്ഞു
‘ഇത്.. ഇത് എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല…’
ഞാൻ പറഞ്ഞു
‘നീ അന്ന് എന്നെ രക്ഷിച്ചിട്ട് എവിടെ പോയി..? ഞങ്ങൾ അവിടെ എല്ലാം നോക്കി. നിന്റെ പൊടി പോലും ഇല്ലായിരുന്നു. അപ്പോൾ എല്ലാവരും പറഞ്ഞു വന്നത് വേറെ ആരുമല്ല സാക്ഷാൽ പരമശിവൻ ആണെന്ന്..’
ഇഷാനി പറഞ്ഞു
‘ശിവനോ…? ഞാനോ…?
ഞാൻ ചിരിച്ചു
‘സത്യം പറഞ്ഞതാടാ.. ഞങ്ങൾ മേലെ പോയി അമ്പലത്തിൽ പോയി പറഞ്ഞപ്പോളും അവരും ഇങ്ങനെ ഒക്കെ ആണ് പറഞ്ഞത്. ഭഗവാൻ വന്നു രക്ഷിച്ചു എന്ന്.. നിമിത്തം പോലെ നിന്റെ പൊട്ടിയ രുദ്രാക്ഷമാല എന്റെ കയ്യിൽ ഉണ്ടായിരുന്നു. അത് അവിടെ വച്ചു പൂജിച്ചു എനിക്ക് കെട്ടാൻ തന്നു.. അതാണ് ഇത്….’
ഇഷാനി അവളുടെ കയ്യിൽ കിടന്ന രുദ്രാക്ഷം എന്നെ കാണിച്ചു തന്നു.. ഇത്.. ഇതെന്റെ രുദ്രാക്ഷം ആയിരുന്നു. ജീവാനന്ദൻ എനിക്ക് സമ്മാനിച്ചത്.. അതിത്ര നാളായിട്ടും ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല..
‘ദൈവമേ.. ഇത് എന്റെ ആരുന്നല്ലേ.. ഞാൻ ഇതിന്റെ കാര്യം അന്നേ മറന്ന് പോയി…’
അവളുടെ രുദ്രക്ഷത്തിൽ ചുംബിച്ചു ഞാൻ പറഞ്ഞു
‘അന്ന് തൊട്ട് ഇതെന്റെ കയ്യിൽ ഉണ്ട്. ഒരു രക്ഷ പോലെ.. അതിൽ പിന്നെ എനിക്ക് ഭക്തി കുറച്ചു കൂടി കേട്ടോ.. ഞാൻ മിക്കപ്പോഴും ശിവന്റെ അമ്പലത്തിൽ ഒക്കെ പോകും.. ഞാൻ അന്ന് നീയുമായി വൈകിട്ട് പോയ അമ്പലം ഇല്ലേ..? അവിടെ.. അവിടെ പോയി പ്രാർത്ഥിക്കും…’
ഇഷാനി പറഞ്ഞു
എനിക്ക് എന്തൊക്കെയോ ചിന്തകൾ ഉള്ളിൽ കിടന്നു മറിഞ്ഞു. ആ രുദ്രാക്ഷം എനിക്ക് ജീവാനന്ദൻ തന്നതായിരുന്നു. അതാണ് അന്ന് ഇഷാനിക്ക് കിട്ടുന്നത്. അന്ന് ഇഷാനിയുമായി ആ അമ്പലത്തിൽ പോയപ്പോൾ അവിടെ വച്ചു അവനെ കണ്ടത് ഞാൻ ഓർത്തെടുത്തു.. അവന്റെ മുഖത്ത് അപ്പോൾ ഉണ്ടായിരുന്ന പുഞ്ചിരി എനിക്കിപ്പോ മനസ്സിൽ തെളിഞ്ഞു.. ഇതൊക്കെ അവന് നേരത്തെ അറിയാമായിരുന്നോ..? എനിക്ക് അതിന് ഉത്തരം കിട്ടിയില്ല
‘നീയും ഞാൻ മഹാദേവൻ ആണെന്നാണോ കരുതിയത്…?
ഞാൻ ചോദിച്ചു
‘അല്ല. എനിക്ക് അറിയാമായിരുന്നു നീ ശരിക്കും ഉള്ള ആളാണെന്ന്. അന്ന് തൊട്ട് എനിക്ക് ക്രഷ് ഉണ്ടായിരുന്നു…’
അവൾ നാണത്തോടെ പറഞ്ഞു
‘ഓ ഗോഡ്….! എന്റെ കിളി പോയി…’
ഞാൻ പറഞ്ഞു
‘നീയെന്നെ രക്ഷിച്ചതിൽ ഉള്ള നന്ദി ഒന്നുമല്ല കേട്ടോ. എനിക്ക് എന്തോ അപ്പോളാണ് അത്തരം ഫീലിംഗ്സ് ഒക്കെ വരുന്നത്.. അതിന് മുന്നേയും എന്നെ കുറെ പേര് ഇഷ്ടം ആയിരുന്നു എന്ന് പറഞ്ഞ് വന്നിട്ടുണ്ടേലും ഞാൻ അതൊന്നും ശ്രദ്ധിക്കാർ കൂടെയില്ല.. ബട്ട് നിന്നെ കണ്ടത് മുതൽ എല്ലാം ചേഞ്ച് ആയി.. ഞാൻ ശോകഗാനത്തിന് ഇടയ്ക്ക് റൊമാന്റിക് സോങ് കേൾക്കാൻ തുടങ്ങി. അത് കേൾക്കുമ്പോ ഒക്കെ നിന്നെയും എന്നെയും ഇമേജിൻ ചെയ്യും.. അങ്ങനെ ഓരോ വട്ട്… വീട്ടിൽ അന്നൊക്കെ നിന്റെ കാര്യം പറഞ്ഞു എന്നെ കളിയാക്കുമായിരുന്നു. അവർ കരുതി എന്റെ വെറും തമാശ പുറത്തുള്ള ഇഷ്ടം ആണെന്നാ.. എന്റെ ഉള്ളിൽ അത് സീരിയസ് ആയത് അവർക്ക് അറിയില്ലായിരുന്നു…’
ഇഷാനി പറഞ്ഞു
‘വീട്ടിൽ അറിയാമായിരുന്നോ…?
‘ഹാ.. അത് ശ്രുതി കാരണമാ.. അവൾ ചെറുതായി പടമൊക്കെ വരയ്ക്കുമായിരുന്നു. അത് കൊണ്ട് ഞാൻ അവളോട് പുറകെ നടന്നു നിന്റെ പടം വരപ്പിക്കുമായിരുന്നു. പക്ഷെ ഒന്നും അങ്ങോട്ട് ഒത്തു വന്നില്ല. അവൾക്ക് നിന്റെ മുഖം അങ്ങോട്ട് കറക്റ്റ് കിട്ടിയിരുന്നില്ല.. ഞാനപ്പം അത് പറഞ്ഞു അവളോട് വഴക്ക് ആകും തമാശക്ക്. അങ്ങനെ അത് എല്ലാവരും അറിഞ്ഞു…’
ഇഷാനി പറഞ്ഞു
‘ഇപ്പോളും അവർക്ക് ആർക്കും അറിയില്ലേ…?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
‘ഇപ്പൊ അറിയാം.. ഞാൻ ആദ്യം നിന്നെ വീട്ടിൽ കൊണ്ട് പോയപ്പോ അവർക്ക് ഒക്കെ നിന്നെ പിടികിട്ടുമെന്നാ ഞാൻ കരുതിയത്. പക്ഷെ അവർക്ക് പിടി കിട്ടിയില്ല. ലാസ്റ്റ് കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ ആണ് അന്ന് അവിടെ വച്ചു ഞാൻ ഈ കാര്യം പൊട്ടിക്കുന്നത്. അത് ഞാൻ പറഞ്ഞു കഴിഞ്ഞു പിന്നെ അവർക്ക് എന്റെ ആഗ്രഹം എതിർക്കാനും തോന്നിയില്ല….’
