‘എന്താടി.. എന്തിനാ സോറി..?
അർജുൻ കാര്യം അറിയാതെ തിരക്കി
‘ഞാൻ.. ഞാൻ കാരണം അല്ലേ നിങ്ങളുടെ റിലേഷൻ കട്ട് ആയത്.. ഞാൻ ഒരിക്കലും മനഃപൂർവം ചെയ്തത് ആയിരുന്നില്ല. പക്ഷെ എന്നാലും ഞാൻ കാരണം നിന്റെ ഹാപ്പിനെസ്സ് പോയെന്ന് ഓർക്കുമ്പോ എനിക്ക് വിഷമം ഉണ്ട്..’
കൃഷ്ണ നല്ലകുട്ടി ആയി അഭിനയിച്ചു കൊണ്ട് പറഞ്ഞു
‘ഹേയ്.. നീ ഇതിനാണോ എന്നോട് വന്നു സോറി പറയുന്നെ..? ഞാൻ ആണ് നിന്നോട് സോറി പറയേണ്ടത്.. നീ ഒരു തെറ്റും ചെയ്തിട്ടില്ല..’
അവളുടെ അഭിനയം മനസിലാകാതെ അർജുൻ പറഞ്ഞു. അല്ലെങ്കിൽ തന്നെ എല്ലാം കൊണ്ടും സമനില തെറ്റി നിൽക്കുന്ന അർജുൻ ഇത്രയ്ക്ക് ഒന്നും കടന്നു ചിന്തിക്കില്ല..
‘ഞാൻ ഇല്ലായിരുന്നു എങ്കിൽ നിങ്ങൾ സന്തോഷത്തോടെ ഇരുന്നേനെ..’
കൃഷ്ണ പറഞ്ഞു
‘അതൊന്നും നീ ആലോചിക്കാതെ.. അങ്ങനെ ഒന്നും അല്ല. അവളെ പോലൊരു കൊച്ചിനെ ഒന്നും ഞാൻ അർഹിക്കുന്നില്ല.. എങ്ങനെ ആണേലും ആ ബന്ധം പൊളിഞ്ഞേനെ.. അല്ലാതെ നീ അല്ല കാരണം..’
അർജുൻ അവളെ സമാധാനിപ്പിച്ചു. എന്നാലും അതിനിടയിൽ അവൻ ഇഷാനിയെ പൊക്കി അടിച്ചത് കൃഷ്ണയെ വല്ലാതെ ചൊടിപ്പിച്ചു. പക്ഷെ അവൾ അത് മുഖത്ത് കാണിച്ചില്ല.. ഓ.. അവളെ പറ്റി പറയാൻ തുടങ്ങിയാൽ ഇവന് എപ്പോളും ഇതേ പോലെ പൊക്കിയടി കൂടുതൽ ആണ്.. കേക്കുമ്പോ തന്നെ പൊളിഞ്ഞു വരും.. അവൾ ആരാടാ രാജകുമാരിയോ..? കൃഷ്ണ മനസ്സിൽ അർജുനോട് കയർത്തു സംസാരിച്ചു..
‘ഞാൻ എന്തേലും ചെയ്യണോ അത് റെഡി ആക്കാൻ..? അവളോട് സംസാരിക്കുകയോ വല്ലോം…?
കൃഷ്ണ വെറുതെ ഒന്ന് എറിഞ്ഞു നോക്കി. അർജുൻ ഒരിക്കലും അതിന് സമ്മതിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
‘അതിന്റെ ഒന്നും ആവശ്യമില്ല.. അത് ക്ലോസ് ആയ കേസ് ആണ്.. നീ അത് ആലോചിച്ചു വിഷമിക്കണ്ട എന്ന് പറഞ്ഞല്ലോ..’
അർജുൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു
എനിക്കെന്ത് വിഷമം.. കൃഷ്ണ മനസിൽ പറഞ്ഞു. നിങ്ങൾ രണ്ടും മിണ്ടാതെ ഇരിക്കുന്നത് ആണെടാ എന്റെ സന്തോഷം.. എന്തായാലും ആ വിഷയം ക്ലോസ് ആയെന്ന് അവന്റെ വായിൽ നിന്ന് കേട്ടപ്പോ കൃഷ്ണയ്ക്ക് ഒരു കുളിർമ തോന്നി..
കൃഷ്ണ പിന്നെയും പാവം കളിച്ചു സംസാരിച്ചു.. അർജുൻ അവൾ സീരിയസ് ആണെന്ന് കരുതി. താൻ എത്രത്തോളം പാവം ആകുന്നോ അത്രത്തോളം അവൻ തന്നെ കെയർ ചെയ്യുന്നുണ്ട് എന്ന് കൃഷ്ണ തോന്നി. ഇഷാനിയെ ബീറ്റ് ചെയ്യാൻ ഇഷാനി പ്രോ മാക്സ് ആകണമെന്ന് കൃഷ്ണ മനസിലാക്കി.. ഇഷാനിയെ പോലെ മറ്റുള്ളവരുടെ ഫീലിംഗ്സ് മനസിലാക്കി പാവത്തെ പോലെ സംസാരിച്ചാൽ അർജുന് ഒരു പ്രത്യേക താല്പര്യം തോന്നും.. അപ്പോൾ ഇങ്ങനെ ആണ് ആ ഷോർട് ഹെയർ വാണം ഇവനേ വളച്ചത്.. താൻ വെറുതെ സ്മാർട്ട് ആയി സമയം കളഞ്ഞു എന്ന് കൃഷ്ണ മനസിലാക്കി..
അന്ന് കൃഷ്ണ കുറെ നേരം അർജുനോട് സംസാരിച്ചു. രണ്ട് പേരും മെയിൻ വിഷയം അധികം നേരം സംസാരിച്ചില്ല. ആ സംസാരത്തിന് ഒടുവിൽ കൃഷ്ണ തന്റെ ഉള്ളിലിരുപ്പ് പറയാതെ പറഞ്ഞു. എന്നാൽ അത് അർജുന് ഒട്ടും സംശയം ഉണ്ടാകാത്ത പോലെയും..
‘ ഞാൻ പറയുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല… പക്ഷെ എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല.. ദേഷ്യം ഇല്ലെന്നല്ല.. പഴയ ഇഷ്ടം പോയിട്ടുമില്ല..’
അർജുന് എന്തെങ്കിലും മറുപടി കൊടുക്കാൻ കഴിയുന്നതിനു മുമ്പ് കൃഷ്ണ സ്‌ഥലം വിട്ടിരുന്നു.
കാര്യം അറിയുമ്പോ കൃഷ്ണക്ക് തന്നോട് വെറുപ്പ് തോന്നും എന്നാണ് അർജുൻ കരുതിയിരുന്നത്. എന്നാൽ കൃഷ്ണയുടെ പ്രതികരണം അർജുനെ ഞെട്ടിച്ചു.. അപ്പോൾ മറുപടി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും വൈകുന്നേരം ചാറ്റ് ചെയ്തപ്പോ അർജുൻ അവളെ ഒന്ന് വിലക്കാൻ ശ്രമിച്ചു. പക്ഷെ അതും ഫലം കണ്ടില്ല.. തന്റെ ഇഷ്ടം ഉള്ളിലെ ഇരിക്കൂ ഒരു ശല്യത്തിനും വരില്ല എന്ന മട്ടിൽ ആയിരുന്നു കൃഷ്ണയുടെ സംസാരം.. അതിനോട് എതിർത്തു നിൽക്കാൻ അർജുന് കഴിഞ്ഞുമില്ല.. അവൾ വീണ്ടും താനുമായി കമ്പനി ആകാൻ നോക്കുന്നത് തടയണം എന്ന് അർജുന് തോന്നി..
