ഞാൻ അവളോട് പറഞ്ഞു
‘ഇല്ല. ഞാൻ അതൊന്നും ചോദിക്കാൻ പോവൂല..’
അവൾ എനിക്ക് ഉറപ്പ് തന്നു..
‘ഈ കാര്യങ്ങൾ ഒക്കെ കൊണ്ടാണ് എനിക്ക് അച്ഛന്റെ കാശിനോട് താല്പര്യം ഇല്ലാത്തത്.. ഞാൻ വളർന്നത് എല്ലാം ആ കാശ് കൊണ്ട് തന്നേ ആണ്.. പക്ഷെ ഇപ്പൊ എനിക്ക് എന്റെ സ്വന്തം കാലിൽ നിൽക്കാം.. അത് കൊണ്ട് തന്നെ ആ പണം എനിക്ക് ആവശ്യമില്ല.. എന്നാലും കറങ്ങി തിരിഞ്ഞു കമ്പിനിയും ഉത്തരവാദിത്തവും ഒക്കെ എന്റെ തലയിൽ വരുന്നു.. അതൊന്ന് ഒഴിവാക്കാൻ ആണ് ഞാൻ കോളേജിൽ പോകാൻ വരെ തുടങ്ങിയത്.. എന്നാലും രക്ഷയില്ല ചിലപ്പോൾ. ആരുടെ ഒക്കെയോ കണ്ണീരും പ്രാക്കും വീണ കാശാണ് അതെല്ലാം.. അതൊക്കെ നോക്കി നടത്താൻ എനിക്ക് ബുദ്ധിമുട്ട് ആണ്…’
‘എനിക്ക് മനസ്സിലാകുന്നുണ്ട് നിന്നെ.. പക്ഷെ നീ ഇപ്പോൾ ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവും ആർക്കുമില്ല.. നിന്റെ മനസിലെ നന്മ കൊണ്ടാണ് നീ അതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്നത്.. നഷ്ടങ്ങൾ ഉണ്ടായവർക്ക് നഷ്ടം ഉണ്ടായി. നിന്നെ കൊണ്ട് അത് മാറ്റാൻ പറ്റില്ല. ബട്ട് ഇനി ഒരു ചേഞ്ച് ഉണ്ടാക്കാൻ നിനക്ക് പറ്റില്ലേ.. ഇനി ആർക്കും നഷ്ടങ്ങൾ ഉണ്ടാകാതെ നോക്കാൻ, സഹായം വേണ്ടവർക്ക് സഹായം പോലെ.. ഐ മീൻ ചാരിറ്റി ഒക്കെ പോലെ..’
കൃഷ്ണയ്ക്ക് ഇത് പോലുള്ള സീരിയസ് വിഷയങ്ങൾ സംസാരിച്ചു ശീലം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ വലിയ ഒഴുക്കിൽ ഒന്നുമല്ല അവളത് പറഞ്ഞത്. പക്ഷേ അവളുടെ സംസാരത്തിലെ പൊരുൾ എനിക്ക് ശരിക്കും ലഭിച്ചു.. കുറ്റബോധം കൊണ്ട് ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലത് ആർക്കെങ്കിലും എന്തെങ്കിലും നന്മ അത് കൊണ്ട് ഉണ്ടാകുന്നത് ആണ്.. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളിൽ നിന്നാണ് എനിക്ക് വലിയൊരു ഉപദേശം കിട്ടിയിരിക്കുന്നത്. കൃഷ്ണയിൽ നിന്ന്.. ആ ഉപദേശം കുറച്ചു നേരത്തേക്ക് എന്റെ നെഞ്ചിലെ പിരിമുറുക്കത്തിന് ഒരു അയവ് വരുത്തി. ആ സന്തോഷത്തിൽ ഞാൻ പെട്ടന്ന് അവൾക്കൊരു ഹഗ് കൊടുത്തു..
ഫ്രണ്ട്ഷിപ്പ് രീതിയിൽ ആയിരുന്നു ഹഗ് എങ്കിലും കൃഷ്ണയ്ക്ക് അത് വലിയ കാര്യമായി തോന്നി.. താൻ എന്തോ വലിയ കാര്യം സാധിച്ചെടുത്ത ഫീൽ അവൾക്ക് ഉണ്ടായി. ഓവർ എക്സൈറ്റ്മെന്റ് അവൾ മുഖത്ത് കാണിച്ചില്ല. അർജുനെ വീഴ്ത്താൻ ചെറിയൊരു ചാൻസ് ഇപ്പോളും തനിക്ക് ഉണ്ടെന്ന് അവൾക്ക് തോന്നി തുടങ്ങി..
അവൾ ഇങ്ങനെ ഒക്കെ മനസിൽ ചിന്തിച്ചു കൂട്ടുന്നത് ഞാൻ അറിഞ്ഞേ ഇല്ല. അവൾ പറഞ്ഞതിൽ നിന്നും ഒരു മോട്ടിവേഷൻ കണക്ക് ഞാൻ പിറ്റേന്ന് രാവിലെ തന്നെ ഓഫിസിൽ എത്തി.. പലർക്കും അതൊരു പുതിയ കാഴ്ച ആയിരുന്നു.. ഫൈസി അവിടെ എന്നേക്കാൾ മുന്നേ എത്തിയിരുന്നു. അവൻ ഇതിന്റെ ഒക്കെ കെട്ടഴിക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് മനസിലായി. അവനെ ഒറ്റയ്ക്ക് ഇതിന്റെ പിറകെ വിടില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങളുടെ ഒക്കെ പിന്നിലുള്ളത് അറിയാൻ ഞങ്ങൾ ഒന്നിച്ചു വർക്ക് ചെയ്തു…
അന്ന് കാര്യമായി ഒന്നും തന്നെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.. പക്ഷെ ഫൈസി വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ ശ്രദ്ധയിൽ കൊണ്ട് വന്നു.. സെർച്ച് നടക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ള സിസിറ്റിവി ദൃശ്യങ്ങൾ നഷ്ടം ആയിരിക്കുന്നു.. അത് ഒരിടത്തു മാത്രം ആണെങ്കിൽ എന്തെങ്കിലും മിസ്റ്റേക്ക് ആയി തള്ളാമായിരുന്നു. പക്ഷെ ഞങ്ങളുടെ തന്നെ പല സ്‌ഥലത്തേയും ആ സമയങ്ങൾക്ക് ഇടയിലുള്ള സിസിറ്റിവി ഫുടേജ് മിസ്സിംഗ് ആയി. ഞങ്ങൾ ശൂന്യത പിന്നാലെ അല്ല ഓടുന്നത് എന്ന് എനിക്ക് മനസിലായി. ഞങ്ങൾക്ക് തൊട്ട് മുമ്പിലായ് എവിടെയോ എല്ലാത്തിനും ഉത്തരം മറഞ്ഞിരിപ്പുണ്ട്.. അത് കണ്ട് പിടിക്കണം..
രണ്ട് ദിവസം ഞാൻ ഓഫിസിൽ ആയിരുന്നു. കോളേജിനെ കുറിച്ച് ചിന്തിച്ചു പോലുമില്ല. കൃഷ്ണ വൈകിട്ട് വിളിച്ചു സുഖവിവരം ഒക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു.. മനസ്സ് വളരെ അസ്വസ്‌ഥമായ സമയത്തു അവളോട് കുറച്ചു കാര്യങ്ങൾ പങ്ക് വച്ചത് അബദ്ധം ആയോന്ന് എനിക്ക് തോന്നി. അവൾ വളരെ സ്നേഹത്തോടെ ആണ് കാര്യങ്ങൾ എല്ലാം അന്വേഷിക്കുന്നത് എങ്കിലും എനിക്ക് എന്തോ ചടപ്പ് തോന്നി.. പക്ഷെ അവളെ വെറുപ്പിക്കാനോ വേദനിപ്പിക്കാനോ ഞാൻ പോയില്ല..
