‘കണ്ണൊക്കെ ചുമന്നു ഇരിക്കുന്നല്ലോ.. ഇന്നലെ വെള്ളമടി ഉണ്ടായിരുന്നല്ലേ…?
ഞാൻ മുങ്ങിയത് വെള്ളം അടിക്കാൻ ആണെന്ന് അവൾ കരുതി. അവൾക്ക് അറിയില്ലല്ലോ ഉറക്കം കിട്ടാതെ കണ്ണ് ചുവന്നു വന്നതാണെന്ന്..
‘കുറച്ചു…’
ഞാൻ ചുമ്മാ പറഞ്ഞു
‘എവിടെ പോയി കിടക്കുവായിരുന്നു……?
അപ്പോളാണ് പെട്ടന്ന് പിന്നിൽ നിന്ന് എന്റെ തോളിൽ ഒരു അടി വന്നു വീണത്. ഇഷാനി ഒരു ഗർവിച്ച മുഖത്തോടെ എന്റെ അരികിലേക്ക് നീങ്ങി നിന്നു. ഞങ്ങൾ രണ്ട് പേരും ചേർന്നു നിൽക്കുന്നത് കണ്ട് കൃഷ്ണയ്ക്ക് എന്തോ സംശയം തോന്നി..
‘നീ വന്നേ ഉള്ളോ..? ഞാൻ കരുതി നീ ആദ്യം വന്നു കാണുമെന്നു..’
ഞാൻ അവളോട് പറഞ്ഞു
‘ദിവ്യ മിസ്സ് വന്നിട്ടുണ്ടോ…?
പെട്ടന്ന് ഇഷാനി ചോദ്യം കൃഷ്ണയ്ക്ക് നേരെ ചോദിച്ചു.. സാധാരണ എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ മാത്രമേ അവൾ കൃഷ്ണയോട് മിണ്ടാറുള്ളു. ഇതിപ്പോ വെറുതെ ചോദിച്ചത് പോലെ എനിക്ക് തോന്നി. തങ്ങൾക്ക് ഇടയിൽ ഒരു മുട്ടൻ വഴക്ക് നടന്നിട്ടും ഇഷാനി അതൊന്നും കാര്യം ആക്കാതെ തന്നോട് സംസാരിക്കുന്നത് കൃഷ്ണയ്ക്ക് ഒട്ടും പിടികിട്ടിയില്ല..
‘ഞാൻ കണ്ടില്ല.. ഞാൻ ഇപ്പൊ വന്നേ ഉള്ളു..’
കൃഷ്ണ മറുപടി കൊടുത്തു
കൃഷ്ണ അത് പറഞ്ഞു കഴിഞ്ഞതും ഇഷാനി എന്റെ തോളിലേക്ക് ചാരി നിൽക്കാൻ തുടങ്ങി. അവൾ ഒരു കൈ എന്റെ കൈകൾക്ക് ഇടയിലൂടെ ഇട്ട് ചേർത്ത് പിടിക്കുകയും ചെയ്തു. ശരിക്കും കപ്പിൾസ് ചെയ്യുന്നത് പോലെ.. കൃഷ്ണയെ കാണിക്കാൻ ആണ് അവൾ ഈ ചെയ്യുന്നത് എന്ന് എനിക്ക് മനസിലായി. ഞങ്ങൾക്ക് ഇടയിൽ എല്ലാം ക്ലിയർ ആയോ എന്ന് കൃഷ്ണയ്ക്കും ഡൌട്ട് ആയി.. പെട്ടന്നാണ് ഇഷാനി ചുരിദാറിന്റെ ഷാൾ ഒരല്പം താഴ്ത്തിയത്.. അവളുടെ കഴുത്ത് ദൃശ്യം ആകുന്നത് പോലെ ഷോൾ താഴ്ത്തി കഴുത്തിലെ മാല അവൾ കൃഷ്ണയ്ക്ക് അറിയാത്ത രീതിയിൽ കാണിച്ചു കൊടുത്തു.. ഒന്ന് അവൾ ഇടയ്ക്ക് ഇടാറുള്ള രുദ്രാക്ഷം മോഡൽ മാല ആണ്.. മറ്റൊന്ന്…? അത് കൃഷ്ണയുടെ മാല ആണ്. കൃഷ്ണ മറ്റാർക്കും ഇടാൻ പോലും കൊടുക്കാതെ എനിക്ക് തന്ന സമ്മാനം.. അതിന്നലെ ഇഷാനി പറഞ്ഞിട്ട് ഊരിയത് മാത്രമേ എനിക്ക് ഓർമ ഉള്ളു. പിന്നെ അതിന്റെ കാര്യം ഞാൻ ഓർത്തില്ല. അത് ഇഷാനി എടുത്തു കഴുത്തിൽ ഇടുമെന്നും ഞാൻ കരുതിയില്ല..
ഇഷാനി പെട്ടന്ന് എന്നോട് ചേർന്നു നിന്നതും, താൻ കൊടുത്ത ഗിഫ്റ്റ് ഞാൻ ഇഷാനിക്ക് സമ്മാനിച്ചതും കൃഷ്ണയെ പെട്ടന്ന് തളർത്തി. അവൾക്ക് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ആയി.. ഇഷാനിയുടെ മുഖത്ത് ഗൂഢമായ ഒരു ചിരിയുമുണ്ട്. നിന്നെ തോൽപ്പിച്ചു എന്ന് പറയാതെ പറയുന്ന ഒരു ചിരി. താൻ എപ്പോളെ അവൾക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതാണ് എല്ലാം. എന്നിട്ടും ഇങ്ങനെ പരിഹസിക്കണമായിരുന്നോ…? കൃഷ്ണ ഉള്ളിൽ നീറി.. ഇഷാനി പിന്നെയും വേറെ എന്തൊക്കെയോ അവനോട് സംസാരിക്കുന്നുണ്ട് തന്നെ കേൾപ്പിക്കാൻ. അതൊന്നും തന്റെ ചെവിയിൽ പതിക്കുന്നില്ല.. അർജുന്റെ മുഖത്ത് ദയനീയമായി ഒന്ന് നോക്കിയിട്ട് കൃഷ്ണ ക്ലാസ്സിൽ കയറാതെ പുറത്തേക്ക് പോയി…
‘നീ ഇത് എടുത്തു എപ്പോ കഴുത്തിൽ ഇട്ടു.. ഇത്.. ഇത് അവൾ എനിക്ക് ഗിഫ്റ്റ് തന്നതാ. അതും വേറെ ആർക്കും കൊടുക്കാത്ത സ്പെഷ്യൽ ഗിഫ്റ്റ് ആയിരുന്നു.. നിന്റെ കഴുത്തിൽ ഇത് കണ്ടപ്പോ അവൾക്ക് അത് ഫീൽ ആയി..’
ഞാൻ ഇഷാനിയോട് പറഞ്ഞു
‘ആണോ..? എനിക്ക് അറിയില്ലായിരുന്നു…’
ഇഷാനി പറഞ്ഞു. പക്ഷെ അവൾക്ക് അറിയാമായിരുന്നു. അന്ന് വീട്ടിൽ കൃഷ്ണ വന്നപ്പോൾ ഈ മാലയെ പറ്റി പറയുന്നത് ഇഷാനി ശരിക്കും കേട്ടതാണ്. ഇന്നലെ അർജുന്റെ കഴുത്തിൽ അത് കണ്ടപ്പോ പഴയത് ഒക്കെ ഇഷാനിയിൽ ഒന്ന് കൂടി തികട്ടി വന്നു. ഒരു മധുര പ്രതികാരം അപ്പോൾ വന്നതാണ് ഇഷാനിയുടെ മനസ്സിൽ. പക്ഷെ പ്രതികാരം അത്ര മധുരം ആയിരുന്നില്ല കൃഷ്ണയ്ക്ക്.. അവൾക്ക് ഇത് ശരിക്കും നൊന്തിട്ട് ഉണ്ട്..
‘നീ അവളെ കളിയാക്കാൻ എടുത്തു ഇട്ടു എന്നാ അവൾ കരുതിയെ.. അതാ അവളിപ്പോ പിണങ്ങി പോയെ..’
‘അതൊന്നും അല്ല. നമ്മൾ രണ്ടും ഒരുമിച്ച് നിൽക്കുന്നത് കണ്ടിട്ടാണ് അവൾക്ക് വിഷമം..’
ഇഷാനി പറഞ്ഞു
