“എല്ലാം ആഗ്രഹവും നടക്കില്ലെടാ മോനൂ…” ചെറിയൊരു സങ്കടം ഏതിലൂടൊക്കെയോ പോയോ?
ശബ്ദത്തിലോ,ആ നോട്ടത്തിലോ, ഭാവത്തിലെങ്കിലും. ചുഴിഞ്ഞു നോക്കി കണ്ടുപിടിക്കാന്‍ കഴിയില്ല.
കളളത്തിയാണ്.
“അതെന്താ ലക്ഷ്മി. ഞാൻ നടത്തിത്തരാലോ..” കാര്‍ പറക്കിങ്ങിൽ നിന്നിറക്കി ഞങ്ങങ്ങു
തട്ടിവിട്ടു.അല്ല ഇനിയിപ്പോ എന്നോട് കഴിയുന്നതാണേല്‍ നടത്തി കൊടുക്കലോ.
“ആണോ…നീ നടത്തിത്തരോ..?” തിരിഞ്ഞുകൊണ്ടമ്മ ആവേശത്തോടെ ചോദിച്ചു.അപ്പോഴെന്തോ
മനസ്സിലുണ്ടല്ലോ.
“പിന്നല്ല…” ആവേശം ചോരാതിരിക്കാന്‍ പറഞ്ഞു. എന്നാ ആഗ്രഹമെന്താണ് അമ്മ പറഞ്ഞില്ല, ആ
മുഖം കണ്ടാലറിയാം ആവേശമൊക്കെ വെറുതെയാണെന്നുള്ളത്. അമ്മ പറഞ്ഞ പോലെ എല്ലാം
ആഗ്രഹവും നടക്കോ?.
റോട്ടിലേക്ക് കാറിറക്കി മുന്നോട്ട് പോവുമ്പോ, സൈഡില്‍ മഴ കൊള്ളുന്ന ആ ഹോസ്പിറ്റല്‍
കെട്ടിടത്തിന്റെ കാഴ്ച, മായുന്ന വരെ അമ്മ നോക്കിയിരുന്നു. മുന്നില് പെയ്യുന്ന മഴയുടെ ആവേശം,
കാണുന്ന എനിക്കും അമ്മക്കുമുണ്ടായിരുന്നു.
“മോനൂ ഇങ്ങനെ മഴ പെയ്യുമ്പോഴാ എന്റെമ്മ മരിച്ചത്…” പുറത്തേക്ക് നോക്കികൊണ്ടമ്മ മെല്ലെ
പറഞ്ഞു. വിഷമം ഉണ്ടാവും, ഞാനൊന്നും പറഞ്ഞില്ല.
“വൈകിട്ടാടാ, വല്യ വയറായിരുന്നു അനുവല്ലേ ഉള്ളില്‍,” അമ്മ മെല്ലെ ചിരിച്ചോ? ഞാനാ മടിയിലുള്ള
കൈ ഇടതു കൈ കൊണ്ട് മെല്ലെ പിടിച്ചു.
“വേദന വന്നപ്പോ ഞാന്‍ കൂടെയുണ്ടായിരുന്നു, ഹോസ്പിറ്റലില്‍ പോവാന്‍ വണ്ടിയൊന്നും കിട്ടില്ല. മഴയും
കൊണ്ട് വണ്ടി തിരയാൻ അച്ഛനോടി. ജീപ്പ് വന്നു കേറുമ്പോ. അയാള് പറഞ്ഞു- ഡ്രൈവര്‍,
എവിടേക്കെയോ വെളളം കേറീട്ടുണ്ടെന്ന്.പേടിയായിരുന്നു. അമ്മ നിലവിളി നിര്‍ത്തില്ല. കുറച്ചു
കഴിഞ്ഞപ്പോ സഹിക്കാവയ്യാതെ വണ്ടിയില്‍ വെച്ച്..” അമ്മ പുറത്തേക്കുള്ള നോട്ടം നിര്‍ത്തി എന്നെ
നോക്കി. പറയുന്നതു കേട്ടപ്പോ കരുതി അമ്മ ഇരുന്നു കരയാണെന്ന്. അങ്ങനെയല്ല!. എല്ലാം
ഓര്‍മയിലുണ്ടല്ലോ? അത് മതി. കരഞ്ഞിട്ട് എന്ത് കിട്ടാനാണ്.
“അവള്‍ കരയുന്നൊന്നും ഇല്ലായിരുന്നു ഡാ. ഇതൊക്കെ കണ്ട് ഞാൻ എന്താ ചെയ്യാ എന്നറിയാതെ
നിന്നു. എന്റമ്മ പിന്നേ കരഞ്ഞില്ലട്ടോ , അവളെ കണ്ടുപോലും കാണില്ല. കണ്ണടച്ചു കിടക്കായിരുന്നു.
ഹോസ്പിറ്റലില്‍ എത്തിയപ്പോഴും അങ്ങനെ തന്നെ. പക്ഷെ അനു… അവളു കരഞ്ഞു ട്ടോ… ” അമ്മ
ചിരിച്ചു.വേദന അയവിറക്കുവാണ്.
“പാവം പെണ്ണ്..” അതുംകൂടെയമ്മ പറഞ്ഞു. അവളെക്കുറിച്ച്. പാവം പോലും!! രണ്ടും കൂടെയെന്തോ
രഹസ്യം സൂക്ഷിച്ച് നടക്കാണ്. എന്നോട് പറയോ? എവിടെ… അമ്മായിനി എന്നേയുംക്കൂട്ടി ഇത് പറഞ്ഞു
തരാന്‍ പോവണോ? ആയിരിക്കും.
വിശന്നിരുന്നു. ചോറ് വാങ്ങിത്തരാന്ന് പറഞ്ഞു കൊണ്ടുവന്നതല്ലേ എന്നെ? കണ്ട ഹോട്ടലിലേക്ക് ഓടിച്ചു
കയറ്റി. മഴയാണേല്‍ നില്‍ക്കുന്നില്ല തകര്‍ത്തു പെയ്യാണ്. അമ്മയെയും കൂട്ടി ആ കൈ പിടിച്ചു ഞാന്‍
ഉള്ളില്‍ കേറി. വലിയ ആളൊന്നുമില്ല. അമ്മക്ക് ചിക്കന്‍ ബിരിയാണി പറഞ്ഞപ്പോ ഞാൻ
മട്ടനാക്കി.അമ്മക്ക് ചിക്കനൊഴികെ ബാക്കിയൊന്നും വലിയ ഇഷ്ടമില്ലെങ്കിലും, രണ്ടെണ്ണം വാങ്ങിയാൽ
രണ്ടും ടേസ്റ്റ് നോക്കാലോ? അമ്മയ്ക്കും അതറിയാം.അച്ഛനാണേലോ.. എന്താ വേണ്ടതെന്നൊരു
ചോദ്യമുണ്ടാകും ആദ്യം. വെറുതെയാണ് . ഞങ്ങൾ ആലോചിച്ചു വരുമ്പോഴേക്കും എല്ലാര്‍ക്കും ഒരേ
ബിരിയാണി പറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും.
ഞാനും അമ്മയും അങ്ങട്ടും ഇങ്ങട്ടും വാരി കഴിച്ചു. വെള്ളം കുടിക്കാത്തതിനും, പുറത്തേക്ക് ഒരു വറ്റ്
വീഴ്ത്തിയാലും ചീത്തയാണ്. അതിന്നും കിട്ടിപറയുമ്പോ ആരേലും അടുത്തുണ്ടോ ഇല്ലയോ എന്നൊന്നും
നോക്കില്ല,അങ്ങു പറയേം ചെയ്യും…
വാഷ് ഏരിയയിലെ നീണ്ട കണ്ണാടി കണ്ടപ്പോ അമ്മോക്കൊരു ആഗ്രഹം. ഫോട്ടോ
എടുക്കാന്‍.അതൊരിക്കലും പറയാത്തയാളാണ്.എന്തായാലും ഫോണെടുത്തു കണ്ണാടിയിലേക്ക്
ഫോക്കസ് ചെയ്തപ്പോ… അമ്മയെന്റെ തോളിലേക്ക് തലവെച്ചു, ഇടത്തേ ഇടുപ്പിലൂടെ കൈ ചുറ്റി നിന്നു.
