“മോനേ…….” ഉമ്മയുടെ ആ വിളി. ഒരു ഗുഹക്കുള്ളിലേക്ക് എടുത്തെറിഞ്ഞ പോലെയുണ്ട്. എത്രയോ
കാലത്തെ ഓര്‍മ്മകള്‍ തട്ടികുടഞ്ഞിട്ട പോലെ.
“സുഖാണോ… ഉ… മാ…” പിടിച്ചു വെച്ച സങ്കടം.ചുണ്ട് ഞാന്‍ അമര്‍ത്തി വെച്ചു. കൈ വിറച്ചു.
കണ്ണുനീരൊഴുകി. എന്നെ മുറുക്കിയ കൈ അല്ലാതെ പുറത്തുകൂടെ, തോളിലൂടെ താലോലിക്കുന്ന
ആശ്വസിപ്പിക്കുന്ന ഒരു കൈ കൂടെയുണ്ട് ചെറിയമ്മയുടെ.
തലയുയര്‍ത്തിയപ്പോ ഞാന്‍ അവളുടെ മുഖമാണ് കണ്ടത് മിണ്ടാതെ ഞങ്ങളെ നോക്കി പതിഞ്ഞ ചിരി
തരുന്ന അവളെ കയ്യില്‍ ഉമ്മ പിടിച്ചു. ഒന്ന് ചിരിക്കാൻ നോക്കി. പാവം അതിന് ഒന്നിനും കഴിയുന്നില്ല.
ചുണ്ട് പോലും വിറക്കുന്നുണ്ട്. മുന്നോട്ട് ചെന്ന് ചെറിയമ്മ ചെറിയ കുട്ടികളെ പോലെ ഉമ്മയെ വാരി കെട്ടി
പിടിച്ചപ്പോ ഉമ്മക്ക് അത്ഭുതം. പ്രതീക്ഷിക്കാത്ത ആ നീക്കത്തില്‍ ഉമ്മക്ക് വാക്കുകളൊന്നും ണ്ടായില്ല
ഞെട്ടല്‍ മാറിയപ്പോ അവളെ ചുറ്റി പിടിച്ചു ഇത്തിരി നേരം നിന്നന്നെ ചിരിയോടെ നോക്കി .ചെറിയമ്മക്ക്
എന്തോ പ്രത്യേക സ്നേഹം അതിനോട് തോന്നി കാണും.
“സുഖാണോ അനു…” സ്നേഹത്തോടെ ഉമ്മ തിരക്കി.
തലപൊക്കിയ അവള്‍ക്ക് എന്നെ തിരിഞ്ഞു നോട്ടം ആ കണ്ണും നിറഞ്ഞിട്ടുണ്ടോ.ചെറുതായിട്ടുണ്ട്.
കാണിക്കാതെ ഒളിപ്പിക്കാന്‍ അവൾ നോക്കുന്നുണ്ട്. ഭാഗ്യം ഷെറിനെ പുറത്തേക്കൊന്നും കണ്ടില്ല.
കണ്ടാലും ഇപ്പോഴെന്താ. ഉമ്മക്കെന്നോടിപ്പോഴുമുള്ള സ്‌നേഹം അവളൊന്നു കണ്ടിരുന്നേല്‍
എനിക്കെന്തെങ്കിലും വേദനിപ്പിക്കുന്ന സന്തോഷം കിട്ടിയേനെ.
പോട്ടെ! തുറന്നിറങ്ങി വന്നിരഭൂന്നേൽ അവളെ കാണിക്കാൻ ചെറിയമ്മയെ തൊട്ടുരുമ്മി നിന്നു
ഞങ്ങളുടെ കല്യാണമാണ് വരണം എന്നെകിലും വെറുതെ പറയാമെന്ന് കരുതി.അപ്പോഴുള്ള അവളുടെ
മുഖമെങ്ങനെയാവും? ചോര വറ്റി തലക്ക് അടികിട്ടിയവളെ പോലെ അങ്ങനെ എങ്ങനെലും…
“അഭി…” മുന്നില്‍ ഉമ്മയുടെ മുഖം. ശേ ആലോചിച്ചു കാടു കേറിയോ രണ്ടും എന്നെ നോക്കി
ചിരിക്കുന്നുണ്ട്.
ഉള്ളിലേക്ക് കേറി. ഉമ്മ ഉണ്ടായത് കൊണ്ട് മാത്രം അല്ലേല്‍ ഇതൊന്നും നടക്കില്ല.എനിക്കതിനു
താല്‍പ്പര്യവുമില്ല. എന്നെയും ചെറിയമ്മയെയും ഒരുമിച്ചു ചേര്‍ത്ത് പിടിച്ചു ഉള്ളിലേക്ക്
കൊണ്ടുവരുന്നതിനിടയില്‍ ഉമ്മയെന്തൊക്കെയോ പറയുന്നുണ്ട്. ചെറിയമ്മ അതിന് മറുപടിയും
കൊടുക്കുന്നുണ്ട്. എനിക്കതൊന്നും കേൾക്കാൻ കഴിയുന്നില്ല… ചുറ്റിനും തിരിഞ്ഞു നോക്കുന്നുണ്ട്
ഞാന്‍. ഓരോ അടി വെക്കുമ്പോഴും കാലില്‍ അനുഭവിക്കുന്ന തണുപ്പ് പോലെ ഓര്‍മ്മകള്‍ എന്റെ
കണ്ണിലേക്ക് കേറി കേറി പഴയ കാഴ്ചകൾ കൊണ്ടുവരുന്നതാവും.താഴെയുള്ള രണ്ടു റൂമില്‍ നിന്നും,
മുകളിലെ സ്റ്റൈർ ഇറങ്ങി,അല്ലേല്‍ ഒച്ച കേട്ട് ആ കിച്ച്‌നിൽ നിന്ന് അവളിറങ്ങി വരുവൊന്ന് തോന്ന.
പേടിയാണോ അല്ല! എന്തോന്ന്.
“ഷെറിനില്ലേ ഉമ്മ….?” തരിപ്പ് പോലെ കേട്ടു. ചെറിയമ്മയാണ് ചോദിച്ചത്. സോഫയിലേക്ക് ചെന്നിരുന്നു
.ചെറുതായി വിളറിയ മുഖം കാണിക്കാതെ നിന്നു. ഉമ്മയെന്നെ നോക്കിയെങ്കിലും ഞാന്‍ ചിരിച്ചു
കൊടുത്തതേയുള്ളൂ.
“പുറത്തേക്ക് പോയിണ്ട്. ഇപ്പോ വരാൻ മതി..ഇപ്പൊ അങ്ങനെ പോക്കൊന്നുല്ല കുറേ ദിവസം കഴിഞ്ഞ
ഇന്നൊന്നു പോയത്..” വിഷമം കാണിക്കാത്തൊരു ചിരി മാത്രം.നീറുന്ന ആ മനസ്സെനിക്കറിയുന്നുണ്ട്.
“അഭി. നീക്കൊറേ മാറിട്ടോ…” ഇയ്യോ അങ്ങ് വയ്യാതായി ഉമ്മയെ നോക്കാൻ വയ്യ വിഷമം കേൾക്കാൻ
വയ്യ . എന്റെ ചെറിയമ്മേ ഒന്ന് രക്ഷിക്കെടി.ഞാൻ കണ്ണ് നീട്ടിയൊന്നു കേണു. അവള്‍ക്കതൊന്നും
മനസിലാവുന്നില്ല.പെട്ടന്ന് മൂന്നാളും മിണ്ടാതെയായി വാക്കുകളൊന്നും കിട്ടാതെയായി. അങ്ങട്ടും
ഇങ്ങട്ടും നോക്കുന്നതല്ലാതെ, കൈ വിരലുകള്‍ പിണച്ചു കളിക്കുന്നതല്ലാതെ ഒന്നുമില്ല.
കാതില്‍ വണ്ടിയുടൊരു ഇരമ്പലെത്തി. പിന്നെയത് മെല്ലെ മെല്ലെ അടുത്തേക്കുമെത്തി.മുറ്റത്തേതോ
വണ്ടി വന്നിട്ടുണ്ട്. ഉമ്മ പുറത്തേക്കിറങ്ങാതെ പെട്ടന്നുള്ളിലേക്കാണ് കേറിപ്പോയത്. ചെറിയമ്മയെന്നോട്
സംശയത്തോടാരാണെന്ന് ചോദിക്കേം ചെയ്തു. ഷെറിനായിരിക്കും!!!അതോണ്ടാവും ഉമ്മയുളളിലേക്ക്
പോയത്.
